ഇതാണോ നിങ്ങളുടെ നവോത്ഥാനപ്രവർത്തനവും സ്ത്രീസുരക്ഷയും? കരോൾ സംഘത്തെ ആക്രമിച്ചതിനെതിരെ ഉമ്മൻ ചാണ്ടി

By Web TeamFirst Published Dec 30, 2018, 1:33 PM IST
Highlights

അക്രമികളെ ഭയന്ന് ഇപ്പോഴും പള്ളിയിൽ തന്നെ കഴിയുന്ന ആറ് കുടുംബങ്ങളെ ഇദ്ദേഹം സന്ദർശിച്ചു. വളരെ ക്രൂരമായ ആക്രമണം നടന്നിട്ടും ഇതിനെതിരെ നടപടി എടുക്കുന്നതിൽ പൊലിസ് ദയനീയമായി  പരാജയപ്പെട്ടെന്ന് ഉമ്മൻചാണ്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിക്കുന്നു.

കോട്ടയം: കോട്ടയം പാത്താമുട്ടം ആം​ഗ്ലിക്കൻ പള്ളിയ്ക്കും കരോൾ സംഘത്തിനുമെതിരെ നടന്ന ആക്രമണം പ്രതിഷേധാർഹമെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. അക്രമികളെ ഭയന്ന് ഇപ്പോഴും പള്ളിയിൽ തന്നെ കഴിയുന്ന ആറ് കുടുംബങ്ങളെ ഇദ്ദേഹം സന്ദർശിച്ചു. വളരെ ക്രൂരമായ ആക്രമണം നടന്നിട്ടും ഇതിനെതിരെ നടപടി എടുക്കുന്നതിൽ പൊലിസ് ദയനീയമായി പരാജയപ്പെട്ടെന്ന് ഉമ്മൻചാണ്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിക്കുന്നു. 

''സംഭവം നടന്ന് ഒരാഴ്ച്ച പിന്നിട്ടിട്ടും, സ്വന്തം വീടുകളിലേക്ക് പോലും പോകാൻ തയ്യാറാകാതെ ജനങ്ങൾ ഭയപ്പെട്ട് കഴിയുന്ന ഭീകരമായ സാഹചര്യം നിലനിൽക്കുകയാണ്. അക്രമത്തിനിരയായ പെൺകുട്ടികൾ പറയുന്ന അവരുടെ അനുഭവങ്ങൾ കേട്ടിട്ട് ഇത് കേരളത്തിൽ തന്നെയാണോ ഈ സംഭവങ്ങൾ നടന്നത് എന്ന് പോലും സംശയിച്ചു പോയി.'' സംഭവ സ്ഥലം സന്ദർശിച്ച് ആളുകളോട് സംസാരിച്ചതിന് ശേഷം അദ്ദഹം ഫേസ്ബുക്കിൽ കുറിക്കുന്നു. 

സംഭവത്തെക്കുറിച്ച് സമ​ഗ്രമായ അന്വേഷണം ആവശ്യമാണെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോ​ഗസ്ഥർ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിയെടുക്കണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. പ്രതിഷേധ സൂചകമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ ബഹുജനങ്ങളുടെ പിന്തുണയോടെ പാത്താമുട്ടം ആം​ഗ്ലിക്കൻ പള്ളിയങ്കണത്തിൽ നിന്നും കോട്ടയം എസ്പി ഓഫീസിലേക്ക് ജനുവരി നാലിന് ലോം​ഗ് മാർച്ച് നടത്താൻ തീരുമാനിച്ചതായും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

കോട്ടയം പാത്താമുട്ടം ആംഗ്ലിക്കൻ പള്ളിയിലെ കരോൾ സംഘത്തെ അക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവം ഏറ്റവും പ്രതിഷേധാർഹമാണ്. വളരെ ക്രൂരമായ ആക്രമണം നടന്നിട്ടും അതിനെതിരെ നടപടി എടുക്കുന്നതിൽ പോലീസ് ദയനീയമായി പരാജയപ്പെട്ടു. സംഭവം നടന്ന് ഒരാഴ്ച്ച പിന്നിട്ടിട്ടും സ്വന്തം വീടുകളിലേക്ക് പോലും പോകാൻ തയ്യാറാകാതെ ജനങ്ങൾ ഭയപ്പെട്ട് കഴിയുന്ന ഭീകരമായ സാഹചര്യം നിലനിൽക്കുകയാണ്. അക്രമത്തിനിരയായ പെൺകുട്ടികൾ പറയുന്ന അവരുടെ അനുഭവങ്ങൾ കേട്ടിട്ട് ഇത് കേരളത്തിൽ തന്നെയാണോ ഈ സംഭവങ്ങൾ നടന്നത് എന്ന് പോലും സംശയിച്ചു പോയി.

അക്രമം നടത്തുന്നതിനു മുൻപ് ആശുപത്രിയിലെത്തി അഡ്മിറ്റ് ആയി എന്ന് കൃത്രിമ രേഖയുണ്ടാക്കി പ്രതികൾ നിഷ്പ്രയാസം ജാമ്യത്തിലിറങ്ങി ഇതേപ്പറ്റി സമഗ്രമായ അന്വേഷണം അനിവാര്യമാണ്. ഇതിനുപിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർക്കെതിരെ നടപടിയെടുക്കണം. ഇതാണോ നിങ്ങൾ മുന്നോട്ടുവയ്ക്കുന്ന നവോത്ഥാന പ്രവർത്തനവും നിങ്ങൾ ലക്ഷ്യമാക്കുന്ന സ്ത്രീസുരക്ഷയും എന്ന് വനിതാ മതിൽ തീർക്കുന്ന സർക്കാർ മറുപടി പറയണം.

ഈ അനീതിയിൽ പ്രതിഷേധിച്ച് ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ ബഹുജനങ്ങളുടെ പിന്തുണയോടെ പാത്താമുട്ടം ആംഗ്ലിക്കൽ പള്ളിയങ്കണത്തിൽ നിന്നും കോട്ടയം എസ് പി ഓഫീസിലേക്ക് ജനുവരി നാലിന് നടത്തുന്ന ലോങ്ങ്‌ മാർച്ച് വിജയിപ്പിക്കണം എന്നഭ്യർത്ഥിയ്ക്കുന്നു.

click me!