ആലപ്പുഴയിൽ ഭർതൃവീട്ടിൽ നിന്ന് 35 പവൻ സ്വർണവും പണവും മോഷ്ടിച്ച കേസിൽ യുവതി ഒളിവിൽ. കുറ്റം സമ്മതിച്ച ശേഷം, മോഷ്ടിച്ചതിന് തുല്യമായ സ്വർണം വാങ്ങി നൽകാമെന്ന് പറഞ്ഞ് വീണ്ടും കബളിപ്പിച്ച് മുങ്ങുകയായിരുന്നു.  

ആലപ്പുഴ : ഭർതൃവീട്ടില്‍ നിന്ന് പണവും സ്വര്‍ണവുമായി മുങ്ങിയ കേസില്‍ യുവതിയെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടും പിടികൂടാതെ പൊലീസ്. ആലപ്പുഴ പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണ് മാരാരിക്കുളം വടക്ക് താമസിക്കുന്ന ആതിര ഒളിവില്‍ തുടരുന്നത്. 35 പവന്‍ സ്വര്‍ണവും മുപ്പതിനായിരം രൂപയും തട്ടിയെടുത്തെന്നാണ് ആതിരക്കെതിരായ കേസ്. തട്ടിയെടുത്തിന് തുല്യമായ സ്വര്‍ണം വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്തും ആതിര ഭര്‍ത്താവിനെയും കുടുംബത്തെയും കബളിപ്പിച്ചെന്നും പൊലീസ് പറയുന്നു. 

2022ലാണ് ചേര്‍ത്തല സ്വദേശിയുമായി ആതിരയുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവിന്‍റെ അമ്മയടങ്ങുന്ന വീട്ടില്‍ അന്ന് മുതല്‍ താമസം. അമ്മ ചിട്ടി പിടിച്ച് വീട്ടില്‍ സൂക്ഷിച്ച 50,000 രൂപയില്‍ നിന്ന് 30,000 രൂപയും മാലയും വളയും കൊലുസുമെല്ലാമടങ്ങുന്ന 35 പവന്‍ സ്വര്‍ണവും ഡയമണ്ട് സ്റ്റഡും വീട്ടില്‍ നിന്ന് മോഷണം പോയതായി വീട്ടുകാര്‍ അറിയുന്നത് 2024 നവംബറിലാണ് . മോഷണം പോയതില്‍ കൂടുതലും ഭര്‍ത്താവിന്‍റെ സഹോദരിയുടെ സ്വര്‍ണവുമുണ്ട്. ആരാണ് മോഷ്ടിച്ചതെന്നൊരു എത്തുംപിടിയുമില്ല. അന്ന് ഒന്നും അറിയാത്തത് പോലെ ആതിര അഭിനയിച്ചെന്ന് ഭര്‍ത്താവ്. പൊലീസ് സ്റ്റേഷനിലെത്തി കേസ് കൊടുക്കാന്‍ വരെ മുന്നില്‍ നിന്നു. ഒടുവില്‍ പൂച്ചാക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതിനിടെ തനിക്ക് ജോലി ലഭിച്ചെന്നും സൗകാര്യാര്‍ഥം സ്വന്തം വീട്ടില്‍ നില്‍ക്കാമെന്നും പറഞ്ഞ് ആതിര അങ്ങോട്ട് മാറി. ഒടുവില്‍ പൊലീസ് അന്വേഷണം ആതിരയിലേക്ക് നീളുമെന്ന് ഉറപ്പായതോടെ ഭര്‍ത്താവിനെ വീട്ടില്‍ വിളിച്ചുവരുത്തി എല്ലാം മോഷ്ടിച്ചത് താനെന്ന് കുറ്റം സമ്മതിക്കുകയായിരുന്നു.

പിന്നാലെ മോഷ്ടിച്ച സ്വര്‍ണത്തിന് പകരം സ്വര്‍ണം വാങ്ങി തരാമെന്നായി. 2024 ഓഗസ്റ്റില്‍ കൊച്ചിയിലെ ജ്വലറിയില്‍ ഭര്‍ത്താവും സഹോദരിയും അമ്മയുമെത്തി. ആതിരയും അച്ഛനും സഹോദരിക്കുമൊപ്പമെത്തി കണക്കനുസരിച്ച് സ്വര്‍ണം വാങ്ങി. വക്കീല്‍ ഓഫീസില്‍ വച്ച് സ്വര്‍ണം കൈമാറി കേസ് തീര്‍പ്പാക്കാനെന്ന് പറഞ്ഞ് അവിടുന്നിറങ്ങി. പിന്നീട് ആതിരയെ ആരും കണ്ടിട്ടില്ല. ആ സ്വര്‍ണവും ആതിര അടിച്ചുമാറ്റി യെന്ന് പൊലീസ്. ഇതോടെയാണ് കേസ് ഒടുവില്‍ ഹൈക്കോടതിക്ക് മുന്നിലെത്തുകയും ആതിരയുടെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി നിഷേധിക്കുകയും ചെയ്തത്. പ്രതി ഇന്നും ഒളിവിലെന്ന് പൊലീസ് നുള്ളിയും പെറുക്കിയും സമ്പാദിച്ച സ്വര്‍ണവും പണവും നഷ്ടപ്പെട്ട അവസ്ഥയില്‍ തുടരുകയാണ് തുച്ഛമായ വരുമാനത്തില്‍ ജീവിക്കുന്ന ഭര്‍ത്താവിന്‍റെ കുടുംബം.