
കാസർകോട് ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷഭാഷയിൽ പൊട്ടിത്തെറിച്ച് ഷാഫി പറമ്പിൽ എംഎൽഎ. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഷാഫി എംഎല്‍എ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. 'നാൻ പെറ്റ മകനേ എന്ന് വിളിച്ച് കരയാൻ ഇവർക്കുമുണ്ട് അമ്മമാർ' എന്ന് പറഞ്ഞാണ് ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
എത്ര തലകൾ അറുത്തുമാറ്റിയാലാണ് നിങ്ങളുടെ ചോരക്കൊതി തീരുക എന്നും എത്രകാലം നിങ്ങൾ കൊന്നുകൊണ്ടേയിരിക്കും എന്നും ഷാഫി പറമ്പിൽ കുറിപ്പില്‍ ചോദിക്കുന്നു. ഈ രക്തദാഹം ശാപമാണെന്നും ശീലിപ്പിച്ചത് നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ അമ്മമാരുടെ കണ്ണീരിൽ നിങ്ങൾ ഒലിച്ചുപോകുമെന്നും മുഖ്യമന്ത്രിയെ പേരെടുത്ത് പരാമർശിച്ച് ഷാഫി പറമ്പിൽ വിമർശിക്കുന്നു.
കാസര്‍കോട് പെരിയ കല്യോട്ട് സ്വദേശികളായ കൃപേഷ്, ശരത് ലാൽ എന്ന ജോഷി എന്നിവരാണ് കൊല്ലപ്പെട്ടത്. കല്യോട്ട് നടന്ന തെയ്യം സംഘാടകസമിതിക്ക് ശേഷം തിരിച്ച് വീട്ടിലേക്ക് പോവുകയായിരുന്ന ഇരുവരെയും ഇടവഴിയില്‍ വച്ച് കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു ജോഷി യൂത്ത് കോൺഗ്രസ് പ്രവർത്തകനും ജവഹര്‍ ബാല ജനവേദി മണ്ഡലം പ്രസിഡന്‍റുമാണ്. മൂന്നംഗ സംഘമാണ് ഇരുവരെയും ആക്രമിച്ചതെന്നാണ് സൂചന.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
''നാൻ പെറ്റ മകനേ എന്ന് വിളിച്ച് കരയാൻ ഇവർക്കുമുണ്ട് അമ്മമാർ .. എന്നാ നിങ്ങടെ ചോരക്കൊതി തീരാ? എത്ര തലകൾ ഇനിയും അറുത്ത് മാറ്റണം? എത്ര വെട്ടുകൾ ഇനിയും നിങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരുടെ ശരീരത്തിൽ ഏൽപ്പിക്കണം? എത്ര കാലം നിങ്ങൾ കൊന്ന് കൊണ്ടേയിരിക്കും? ശിലയായി മാറിയ ഹൃദയം കൊണ്ട് എതിർപാർട്ടിക്കാരനെ കൊന്ന് തള്ളാൻ ഉത്തരവിട്ട ശേഷം മൈതാന പ്രസംഗത്തിൽ നവോത്ഥാനം വിളമ്പുന്നവന്റെ മുഖത്ത് കാർക്കിച്ച് തുപ്പണം. ശാപമാണ് വിജയാ ഈ രക്തദാഹം ..നിങ്ങളൊക്കെ തന്നെ ശീലിപ്പിച്ചത് നിയന്ത്രിക്കാൻ കഴിഞ്ഞില്ലേൽ അമ്മമാരുടെ കണ്ണീരിൽ ഒലിച്ച് പോവും നിങ്ങൾ''
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam