കരുനാഗപ്പള്ളിയിൽ വീണ്ടും വന്‍ വ്യാജമദ്യ വേട്ട

By Web TeamFirst Published Dec 20, 2018, 12:34 AM IST
Highlights

കരുനാഗപ്പള്ളിയിൽ വീണ്ടും വ്യാജ വിദേശ മദ്യവേട്ട. മാവേലിക്കരയിൽ നിന്ന് കടത്തിക്കൊണ്ട് വന്ന വ്യാജ മദ്യവുമായി രണ്ട് പേർ എക്സൈസ് പിടിയിലായി. 

കൊല്ലം: കരുനാഗപ്പള്ളിയിൽ വീണ്ടും വ്യാജ വിദേശ മദ്യവേട്ട. മാവേലിക്കരയിൽ നിന്ന് കടത്തിക്കൊണ്ട് വന്ന വ്യാജ മദ്യവുമായി രണ്ട് പേർ എക്സൈസ് പിടിയിലായി. ആലപ്പുഴ ജില്ലയുടെ തെക്കൻ മേഖലകളായ കായംകുളം മാവേലിക്കര കേന്ദ്രീകരിച്ച് വ്യാപകമായി വ്യാജ വിദേശ മദ്യം നിർമിച്ചു കരുനാഗപ്പള്ളി റേഞ്ചിന്‍റെ വിവിധ ഭാഗങ്ങളിൽ ചെറുകിട കച്ചവടക്കാർക്കു എത്തിക്കുന്നതായി പൊലീസിന്  രഹസ്യ വിവരം ലഭിച്ചിരുന്നു. 

തുടര്‍ന്ന് നടത്തിയ രഹസ്യ ഓപ്പറേഷനിലാണ്  മാവേലിക്കര സ്വദേശി മണിക്കുട്ടൻ എന്ന് വിളിക്കുന്ന മനുകുമാറും മുക്കട സ്വദേശി ലിബിനുംഅറസ്റ്റിലായത്.  ഓട്ടോറിക്ഷയിലും സ്കൂട്ടറിലുമായി കടത്തിയ 59 ലിറ്റർ വിദേശ ലാബലുള്ള വ്യാജ മദ്യവും പിടിച്ചെടുത്തു. കഴിഞ്ഞാഴ്ച മനുകുമാറും സംഘവും വ്യാജ മദ്യ യൂണിറ്റ് തുടങ്ങുന്നത്തിനുള്ള ബോട്ടിലിംഗ് യൂണിറ്റ്, ലക്ഷങ്ങൾ മുടക്കി വാങ്ങിയതായും 33 കന്നാസുകളിൽ ആയി ആയിരത്തോളം ലിറ്റർ സ്പിരിറ്റ്‌ കടത്തിക്കൊണ്ട് വന്ന് ഒളിപ്പിച്ചുരിക്കുന്നതായും രഹസ്യ വിവരം കിട്ടിയിരുന്നു.  

ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ റേഞ്ച് ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള സംഘം മാവേലിക്കര കായംകുളം ഭാഗങ്ങളിൽ നടത്തിയ തിരച്ചലിലാണ് ചങ്ങൻ കുളങ്ങരക്കു കിഴക്ക് റെയിൽവേ ഗേറ്റിനുസമീപത്ത് നിന്ന് പ്രതികള്‍ പിടിയിലാകുന്നത്.

ചെറുകിട കച്ചവടക്കാരിൽ നിന്ന് ജവാന്‍ ബ്രാന്‍റ്  കാലി കുപ്പികൾ വൻ തോതിൽ ശേഖരിച്ചശേഷം സ്പിരിറ്റ്‌ കളർ ചേർത്ത്  ബോട്ടിലിംഗ് യൂണിറ്റ് ഉപയോഗിച്ചാണ് കുപ്പികളിൽ വ്യാജ വിദേശ മദ്യം നിറച്ച് വ്യാജ ഹോള്ളോഗ്രാം സ്റ്റിക്കർ പതിച്ച് ലിറ്ററിന് 380രൂപ നിരക്കിൽ ആവശ്യക്കാർക്ക് എത്തിച്ചു നൽകിയത്.  500 രൂപയ്ക്ക് മുകളിൽ ആണ്  ബീവറേജുകളിൽ ജവാൻ മദ്യത്തിന്‍റെ വില.
 

click me!