
ബെംഗളൂരു: കർണാടകത്തിലെ ചാമരാജ്നഗറിൽ ഭക്ഷ്യ വിഷബാധയേറ്റ് 15 പേർ മരിച്ച സംഭവത്തിന് പിന്നിൽ ക്ഷേത്ര ഭരണസമിതിയിലെ തർക്കമെന്ന് പൊലീസ്. ക്ഷേത്രം കമ്മിറ്റി പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം അയൽഗ്രാമത്തിലെ ക്ഷേത്രപൂജാരിയാണ് പ്രസാദത്തിൽ വിഷം കലർത്തിയത് എന്ന് കണ്ടെത്തി. ഒരു സ്ത്രീയടക്കം നാല് പേരാണ് പ്രതികൾ.
അഞ്ച് ദിവസത്തെ അന്വേഷണത്തിന് ഒടുവിലാണ് കൊടും ക്രൂരതയുടെ പിന്നിലെന്തെന്നു പൊലീസ് കണ്ടെത്തിയത്. ക്ഷേത്രകമ്മറ്റി പ്രസിഡന്റ് ഹിമ്മാടി മഹാദേവസ്വാമി, പൂജാരി ദൊഡ്ഡയ്യ, കമ്മറ്റിയംഗം മാധേഷ്, ഭാര്യ അംബിക എന്നിവരാണ് പ്രതികൾ. മഹാദേവസ്വാമിക്ക് ക്ഷേത്രം ഭരണസമിതിയിലെ മറ്റുള്ളവരോടുള്ള വൈരാഗ്യമാണ് പതിനഞ്ചു പേരുടെ ജീവനെടുത്തത്.
പൊലീസ് പറയുന്നത് ഇങ്ങനെ... തമിഴ്നാട് വനാതിർത്തിയിലെ മാരമ്മ ക്ഷേത്രത്തിന് മികച്ച വരുമാനം ഉണ്ടായിരുന്നു. ക്ഷേത്രത്തിന് കിട്ടുന്ന പണം വകമാറ്റിയെന്ന ആരോപണം നേരിട്ടിരുന്നു. പ്രസിഡന്റ് മഹാദേവ സ്വാമി. തട്ടിപ്പ് കണ്ടെത്തിയതോടെ കമ്മിറ്റിയിലെ ഒരു വിഭാഗം ഇയാൾക്കെതിരെ തിരിഞ്ഞു.
ക്ഷേത്രത്തിനു പുതിയ ഗോപുരം നിര്‍ക്കുന്നതിനേച്ചൊല്ലിയും ഇരുവിഭാഗങ്ങളും തമ്മിൽ തർക്കമായി. എതിരാളികളെ തകർക്കാൻ മഹാദേവസ്വാമി പദ്ധതികൾ ആസൂത്രണം ചെയ്തു. ഗോപുര പ്രതിഷ്ഠ ദിവസം ഇതിനായി തെരെഞ്ഞെടുത്തു. പ്രസാദത്തിൽ വിഷം കലർത്താൻ ആയിരുന്നു പദ്ധതി. തൊട്ടടുത്ത ഗ്രാമത്തിലെ നാഗർകോവിൽ ക്ഷേത്രപൂജാരി ദോഡയ്യയുടെ സഹായം തേടി.
വിഷബാധ ഉണ്ടായാൽ പ്രസാദവിതരണത്തിന് ചുമതലയുള്ള മറുവിഭാഗത്തെ തകർക്കാനാകുമെന്നായിരുന്നു കണക്കുകൂട്ടൽ. പ്രതിഷ്ഠാ ദിവസം ഇയാളുടെ നിദേശമനുസരിച്ചു കമ്മറ്റിയംഗമായ മാദേശും ഭാര്യ അംബികയുമാണ് കീടനാശിനി ദോഡ്ഡയ്യയ്ക്ക് കൈമാറിയത്. ആരുമില്ലാത്ത തക്കം നോക്കി ദോഡ്ഡയ്യ പ്രസാദത്തിൽ മാരക കീടനാശിനി കലർത്തി. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ഭക്ഷ്യ വിഷബാധയേറ്റ 68 പേർ ഇപ്പോഴും ചികിത്സയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു സംഭവം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam