
എറണാകുളം: പെരുമ്പാവൂരിലെ പ്ലൈവുഡ് കച്ചവടത്തിന്‍റെ മറവില്‍ വ്യാജ ബില്ലുണ്ടാക്കി 130 കോടിയുടെ ജിഎസ്ടി തട്ടിപ്പ്. തട്ടിന് നേതൃത്വം കൊടുത്ത പെരുമ്പാവൂര്‍ വല്ലം സ്വദേശി നിഷാദിനെ ജിഎസ്ടി ഇന്‍റലിജന്‍സ് വിഭാഗം കസ്റ്റഡിയിലെടുത്തു. ജിഎസ്ടി നിലവില്‍ വന്നശേഷം സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ വെട്ടിപ്പാണ് പെരുമ്പാവൂരിലേത്.
പേരിന് മാത്രം രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളുടെ ബില്ലുകള്‍ ഉപയോഗിച്ച് പ്ലൈവുഡും പ്ലൈവുഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന വെനീറെന്ന മരം ചെത്തിയെടുക്കുന്ന നേര്‍ത്ത പാളികളും ഇതര സംസ്ഥാനത്തേക്ക് കയറ്റി അയച്ചായിരുന്നു തട്ടിപ്പ്. പ്ലൈവുഡ് സ്ഥാപന ഉടമയും വല്ലം സ്വദേശിയുമായിരുന്ന നിഷാദായിരുന്നു തട്ടിപ്പിന്‍റെ സുത്രധാരന്‍.
ജിഎസ്ടി രജിസ്ട്രേഷന്‍ ആവശ്യമില്ലാത്ത ചെറുകിട യൂനിറ്റുകള്‍ ഉല്‍പ്പാദിപ്പിച്ച പ്ലൈവുഡും വെനീറുമാണ് ഇവര്‍ രജിസ്ട്രേഷന്‍ മാത്രമുള്ള കമ്പിനികളുടെ പേരില്‍ കയറ്റി അയച്ചത്. അങ്ങനെ ഈ ബില്ലുകള്‍ ഉപയോഗിച്ച് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ ജിഎസ്ടി ഇന്‍റലിജന്‍സ് വിഭാഗം ഹൈദരബാദ്, ബെംഗലൂരു, കോയമ്പത്തൂര്‍, സേലം എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ പെരുമ്പാവൂരില്‍ നിന്നുള്ള ബില്ലുകള്‍ പിടിച്ചെടുത്തു.
തുടര്‍ന്നാണ് അന്വേഷണം നിഷാദിലെത്തുന്നത്. രജിസ്ട്രേഷന്‍ മാത്രമുള്ള, പ്രവര്‍ത്തിക്കാത്ത അഞ്ചിലേറെ കമ്പിനികളുടെ ബില്ലുകളാണ് കണ്ടെത്തിയത്. വ്യാജ ബില്ലുകളിലുള്ള മുപ്പതിലധികം ലോഡ് ചരക്ക് പ്രതിദിനം പെരുമ്പാവൂരില്‍ നിന്നും പുറത്തുപോയിട്ടുണ്ട്. ജിഎസ്ടി നിലവില്‍ വന്ന് 13 മാസത്തിനിടെ നൂറ്റി മുപ്പത് കോടിയ്ക്കടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് ജിഎസ്ടി ഇന്‍റലിജന്‍സിന്‍റെ പ്രാഥമിക വിലയിരുത്തല്‍. പെരുമ്പാവൂരില്‍ നിഷാദിനെ കസ്റ്റഡിയിലെടുക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ നേരിയ സംഘര്‍ഷമുണ്ടായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam