മധുവിന്റെ പേരില്‍ വ്യാജ വാര്‍ത്തകള്‍;  പ്രതികരണവുമായി സഹോദരിമാര്‍

By നിഖില്‍ പ്രദീപ്First Published Feb 28, 2018, 11:35 AM IST
Highlights
  • മധുവിനെ പൊതുസമൂഹത്തില്‍ അപമാനിക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതെന്നും മധുവിന്റെ കുടുംബം ആരോപിച്ചു. 

 

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ജനക്കൂട്ടത്തിന്റെ ക്രൂരമര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിന്റെ പഴയകാലത്തെ ചിത്രം എന്ന നിലയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം. മധുവിനെ കുറിച്ച് മോശമായി ചിത്രീകരിക്കുന്ന ഫോട്ടോകളും വാട്‌സാപ്പ് സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളും സന്ദേശങ്ങളും വ്യാചമാണെന്ന് മധുവിന്റെ സ്‌ഹോദരി ചന്ദ്രിക പറഞ്ഞു. മധുവിനെ പൊതുസമൂഹത്തില്‍ അപമാനിക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതെന്നും മധുവിന്റെ കുടുംബം ആരോപിച്ചു. 

മധുവിനെ കുറിച്ചു സമൂഹ്യമാധ്യമങ്ങളില്‍ മോശമായി ചിത്രീകരിക്കുന്ന ചില സന്ദേശങ്ങളും ശബ്ദസന്ദേശവും വ്യാപകമായി പ്രചരിക്കുന്നു. ഇതിനെതിരെ മധുവിന്റെ കുടുംബം പ്രതികരിക്കുന്ന ദൃശ്യവും പുറത്തുവിട്ടിട്ടുണ്ട്. മധുവിനെ പൊതുസമൂഹത്തിന്റെ മുന്നില്‍ അപമാനിക്കുവാന്‍ മാത്രമേ ഇത്തരം സന്ദേശങ്ങള്‍ ഉപകരിക്കുകയൂള്ളൂ. ഇനിയെങ്കിലും ഇത്തരത്തില്‍ അസത്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മധുവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. 

മധു വിശന്നപ്പോള്‍ ഭക്ഷണം എടുത്തിട്ടുണ്ടാവുമെന്നെല്ലാതെ മറ്റൊരു തെറ്റും ചെയ്യില്ലെന്നും സ്ത്രീകളോട് സംസാരിക്കാന്‍ പോലും തയ്യാറാകാത്ത ഒരാള്‍ എങ്ങനെയാണ് സ്്ത്രീകളുടെ ഇടയില്‍ പോയി ഇരിക്കുമെന്നും സഹോദരി ചന്ദ്രിക ചോദിക്കുന്നു. ഇപ്പോള്‍ പ്രചരിപ്പിക്കുന്ന വാട്‌സാപ്പ് സന്ദേശങ്ങള്‍ മധുവിനെ അപമാനിക്കാന്‍ വേണ്ടി മാത്രമുണ്ടാക്കിയതാണ്. ഗ്യാസ് എന്താണെന്ന് അറിയാത്തയാള്‍ എങ്ങനെയാണ് ഗ്യാസ് മോഷ്ടിച്ചുകൊണ്ടുപോയി ഉപയോഗിക്കുന്നതെന്നും സഹോദരി ചോദിക്കുന്നു. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ മധുവിനെ അപമാനിക്കാനും കള്ളനെന്ന് വരുത്തിതീര്‍ക്കാനും വേണ്ടി ബോധപൂര്‍വ്വം ഉണ്ടാക്കിയതാണെന്നും സഹോദരി ആരോപിച്ചു. 

 

മധുവിന് ആള്‍ക്കൂട്ടത്തെ കാണാന്‍ താല്‍പര്യമില്ലായിരുന്നു. വീട്ടിലേക്ക് വരുന്നത് തന്നെ വല്ലപ്പോഴും മാത്രമാണ്. ആദ്യമൊക്കെ ഭക്ഷണം കഴിക്കാന്‍ വരുമായിരുന്നു. പിന്നീട് അതിനും വരാതായി. ആള്‍ക്കൂട്ടത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ഇഷ്ടപ്പെട്ടത് കൊണ്ടാണ് മധു കാട്ടില്‍ താമസമാക്കിയതെന്നും മധുവിന്റെ രണ്ടാമത്തെ സഹോദരി പറഞ്ഞു. വീട്ടുകാരോട് പോലും സംസാരിക്കുന്നതില്‍ മധുവിന് താല്പര്യമില്ലായിരുന്നു. ആദ്യമൊക്കൊ അവനെ അവിടെ കണ്ടു ഇവിടെ കണ്ടു എന്നൊക്കെ നാട്ടുകാര്‍ പറയുമായിരുന്നു. എന്നാല്‍ കുറച്ച് കാലമായി അവന്‍ എവിയെയായിരുന്നുവെന്ന് ഞങ്ങള്‍ക്കറിയില്ല. എന്നാല്‍ ഇവിടുത്തുകാര്‍ക്കെല്ലാം മധുവിനെയും ഞങ്ങളെയും അറിയാം. ഫോറസ്റ്റ് ജീപ്പിന്റെ ഡ്രൈവര്‍ വിനോദാണ് മധുവിനെ കാട്ടില്‍ കണ്ട് നാട്ടുകാരെ വിളിച്ച് വരുത്തിയതെന്നും സഹോദരി പറഞ്ഞു. മധുവിനെതിരെ അപമാനകരമായ വാര്‍ത്തകള്‍ കൊടുത്ത് ഇനിയും ഇത്തരത്തില്‍ അപമാനിക്കെരുതെന്നും സഹോദരി പറഞ്ഞു.

ഇതിനിടെ ഫെയ്‌സ് ബുക്കില്‍ മധു വര്‍ഷങ്ങള്‍ക്കു മുമ്പ് പാലക്കാട് മുട്ടിക്കുളങ്ങരയിലെ ആദിവാസി പരിശീലന കേന്ദ്രത്തില്‍ നിന്നെടുത്തതെന്ന രീതിയില്‍ പടങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് വിനീത വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ് ആരോ റിപ്പോര്‍ട്ട് ചെയ്തു നീക്കം ചെയ്തിരുന്നു. തുടര്‍ന്ന് മറ്റൊരു പോസ്റ്റിലൂടെ വിനീത വീണ്ടും ഈ കാര്യം വ്യക്തമാക്കി പോസ്റ്റ് ചെയ്തു. കോളേജ് പഠനകാലത്ത് ഒരു പരിശീലനവുമായി ബന്ധപ്പെട്ട് പോയപ്പോള്‍ എടുത്ത ചിത്രമാണ് മധുവിന്റെ പേരില്‍ പ്രചരിക്കുന്നത് എന്ന് വീനിത തന്റെ പോസ്റ്റില്‍ പറയുന്നു. 


വിനീതാ വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ

മധുവിനെക്കുറിച്ച് ചിലര്‍ പ്രചരിപ്പിച്ച വ്യാജ പോസ്റ്റിന്റെ സത്യാവസ്ഥയെകുറിച്ച് ഞാനെഴുതിയ പോസ്റ്റ് ഇപ്പോ ദാ ഇങ്ങനെയാണ് കാണിക്കുന്നത്.
എന്തായാലും ഞാനതിവിടെ വീണ്ടും പോസ്റ്റുവാണ്. ഇതും റിപ്പോര്‍ട്ട്...
പ്രിയരേ, മധുവിന്റെ ചെറുപ്പകാലത്തേതെന്ന പേരില്‍ ഒരു ഫോട്ടോയും പൈങ്കിളി പ്രണയ കഥയും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ആ ചിത്രം, കഥ, എല്ലാം വ്യാജമാണ്... ഫൈസിഡെന്‍സണ്‍ എന്നയാളുടെ ചിത്രമാണ് അത്.

മധു ഏഴാം ക്ലാസുകാരനാണ്. വനവിഭവങ്ങള്‍ ശേഖരിക്കാനല്ലാതെ പ്രത്യേകിച്ച് തൊഴില്‍ പരിശീലനമൊന്നും കിട്ടിയിട്ടില്ല. പ്രണയം, നൈരാശ്യം കഥകളും കണ്ടു. മധുവിന് മനുഷ്യരെ മുഴുവന്‍ ഭയമായിരുന്നു. ഇരുളിനേം പകലിനേം എല്ലാം ഭയമായിരുന്നു എന്നാണവന്റെ കൂടപ്പിറപ്പുകള്‍ പറഞ്ഞത്. ആ മധു സ്ത്രീകളുടെ ഇടയില്‍ കയറിക്കിടക്കുന്ന പീഡകനാണ് എന്ന് ഓഡിയോ പ്രചരിപ്പിച്ചവരുടേതില്‍ നിന്ന് ഒട്ടും കുറവല്ല, ഇത്തരം സത്യവിരുദ്ധത പ്രചരിപ്പിക്കുന്നവരുടെയും മാനസികനില. വിട്ടുകൂടേ, തല്ലിക്കൊന്നിട്ടും എന്തിനിങ്ങനെ ദ്രോഹിക്കുന്നു ?

എന്നാല്‍ ഇതിനോടകം മധുവിന്റെ ചെറുപ്പകാലം എന്ന തരത്തിലുള്ള ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരിക്കുകയാണ്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ചിത്രം മധുവിന്റെ പഴയ ചിത്രം എന്ന തരത്തില്‍ വാര്‍ത്ത നല്‍കിയിരുന്നു. സാമൂഹിക പ്രവര്‍ത്തക ധന്യാരാമന്‍ ഉള്‍പ്പടെയുള്ള പാലരും ഈ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഒരു കൂട്ടം യുവാക്കള്‍ക്കിടയില്‍ നില്‍ക്കുന്ന മധുവിന്റെ രൂപ സാദൃശ്യം ഉള്ള ഒരാള്‍ അടങ്ങുന്ന ചിത്രവും കൊല്ലപ്പെടുന്നതിനു മുന്‍പുള്ള മധുവിന്റെ യഥാര്‍ത്ഥ ചിത്രവും അടങ്ങുന്ന ഒരു പോസ്റ്റ് ആണ് വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇത് വ്യാപകമായി തെറ്റിധരിക്കപ്പെട്ടു ജനങ്ങള്‍ ഷെയര്‍ ചെയ്യുന്നത് തടയാന്‍ മുന്‍കൈയെടുത്തു വിനീത സമൂഹ്യമാധ്യമങ്ങളുടെ അഭിനന്ദനം ഏറ്റുവാങ്ങുകയാണ്.

click me!