ദില്ലി-ഡെറാഡൂൺ ദേശീയപാതയിൽ 'ഈ റോഡ് മുസ്ലീങ്ങൾക്കുള്ളതല്ല' എന്ന വിദ്വേഷ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടു. സംഭവത്തിൽ ഹിന്ദു രക്ഷാ ദൾ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. സംഘടനയുടെ പ്രസിഡന്റ് പിങ്കി ചൗധരി സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

മീററ്റ്: ദില്ലി-ഡെറാഡൂൺ ദേശീയപാതയിൽ വിദ്വേഷ മുദ്രാവാക്യങ്ങളെഴുതിയ സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസ്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ‌എച്ച്‌എ‌ഐ)യിലെ ജീവനക്കാരന്റെ പരാതിയെത്തുടർന്നാണ് പൊലീസ് കേസെടുത്തത്. സഹാറൻപൂരിലെ ബിഹാരിഗഡിനടുത്തുള്ള ദില്ലി-ഡെറാഡൂൺ എക്‌സ്‌പ്രസ്‌വേയുടെ ചുവരിൽ ഈ റോഡ് മുസ്ലീങ്ങൾക്കുള്ളതല്ല എന്ന് എഴുതിയതിന് ഹിന്ദു രക്ഷാ ദൾ പ്രവർത്തകർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. വെള്ളിയാഴ്ച രാവിലെയാണ് ബിഹാരിഗഡ് പോലീസ് സ്റ്റേഷനിൽ ചുവരെഴുത്തുകളെക്കുറിച്ച് പ്രദേശവാസികൾ വിവരം അറിയിച്ചതെന്ന് സഹാറൻപൂർ എസ്പി (റൂറൽ) സാഗർ ജെയിൻ പറഞ്ഞു. അസ്വസ്ഥത ഒഴിവാക്കാൻ ഉദ്യോഗസ്ഥർ ഉടൻ തന്നെ സന്ദേശം കറുത്ത പെയിന്റടിച്ച് മറച്ചു. ഹിന്ദു രക്ഷാ ദൾ അംഗം ഈ പ്രവൃത്തിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അജ്ഞാതരായ വ്യക്തികൾക്കെതിരെ ബിഎൻഎസ് സെക്ഷൻ 353 (2) പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ജെയിൻ കൂട്ടിച്ചേർത്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. ബിഎൻഎസ് സെക്ഷൻ 353 (2) പ്രകാരമാണ് കേസ്. വീഡിയോയിൽ, ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയ ചുവരെഴുത്തുകൾക്ക് സമീപം നിന്ന് ഒരു സ്ത്രീ ഉൾപ്പെടെ ചിലർ മതപരമായ മുദ്രാവാക്യങ്ങൾ ഉയർത്തുന്നത് കാണാം. ഉത്തരാഖണ്ഡ് നമ്പർ പ്ലേറ്റുള്ള ഒരു കാറും അവരുടെ അരികിൽ പാർക്ക് ചെയ്തിരിക്കുന്നത് കാണാം. ഗാസിയാബാദ് ആസ്ഥാനമായുള്ള സംഘടനയുടെ പ്രസിഡന്റ് പിങ്കി ചൗധരി ഉത്തരവാദിത്തം ഏറ്റെടുത്ത് രം​ഗത്തെത്തി. ചൗധരിക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ 250 ലധികം വാളുകൾ കൈമാറുകയും വിദ്വേഷകരമായ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തതിന് കഴിഞ്ഞ വർഷം ഡിസംബറിൽ ഗാസിയാബാദിൽ അദ്ദേഹത്തിനും 45 കൂട്ടാളികൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.