
തൃശ്ശൂര്‍: വ്യാജ ഐജി തൃശ്ശൂരിൽ അറസ്റ്റിൽ. ഐജി ചമഞ്ഞ് നിരവധി തട്ടിപ്പ് നടത്തിയ ചേർപ്പ് സ്വദേശി മിഥുനാണ് മണ്ണുത്തി പൊലീസിന്റെ പിടിയിലായത്. ശബരിമലയിൽ ഡ്യൂട്ടിക്ക് പോയ തൃശ്ശൂർ റേഞ്ച് ഐജി എംആർ അജിത്ത്കുമാറിന് പകരം സ്ഥലം മാറി വന്നതാണെന്നാണ് ഇയാൾ നാട്ടുകാരെ ധരിപ്പിച്ചത്.
പൊലീസുകാരനാകാൻ കൊതിച്ച മിഥുന് ജീവിതത്തിൽ കിട്ടിയത് ബസ് കണ്ടക്ടറുടെ വേഷം.അതോടെ പൊലീസിന്റെ വേഷവും ജീപ്പും പിസ്റ്റളും ഒപ്പിച്ചെടുത്ത് മിഥുൻ തന്റെ മോഹമങ്ങ് തീർത്തു. നാട്ടുകാർ ബഹുമാനിച്ച് തുടങ്ങിയതോടെ വേഷം സ്ഥിരമാക്കി.
ചേർപ്പ് ഇഞ്ചമുടി സ്വദേശിയായ മിഥുൻ ആർ ഭാനുകൃഷ്ണ ഐപിഎസ് എന്ന പേരിലാണ് തട്ടിപ്പുകൾ നടത്തിയത്. തൃശ്ശൂർ താളിക്കുണ്ടിലുള്ള രണ്ടാം ഭാര്യയുടെ വീട്ടിൽ ഇന്നലെ രാത്രി എത്തിയപ്പോഴാണ് വിലങ്ങ് വീണത്. സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ശബരിമലയിൽ ഡ്യൂട്ടിക്ക് പോയ തൃശ്ശൂർ റേഞ്ച് ഐജി എംആർ അജിത്ത്കുമാറിന് പകരം സ്ഥലം മാറി വന്നതാണെന്നാണ് ഇയാൾ നാട്ടുകാരോട് പറഞ്ഞത്. ഇത് തെളിയിക്കാൻ വ്യാജ ഉത്തരവും ഇയാൾ കയ്യിൽ കരുതിയിരുന്നു.
മെഡിക്കൽ കോളേജിന് സമീപം ഇയാൾ താമസിച്ചിരുന്ന ലോഡ്ജ് ഉടമയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. നിർധന കുടുംബത്തിലുള്ള തനിക്ക് ഐപിഎസ് കിട്ടിയെന്നും പരിശീലനത്തിന് പണം വേണമെന്നും തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയത്.
പൊലീസിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് നിരവധി പേരിൽ നിന്നും മിഥുൻ പണം തട്ടിയിട്ടുണ്ട്. മിഥുനെതിരെ കൂടുതൽ പരാതികൾ പൊലീസിന് ലഭിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam