
21 വയസ്സുകാരിയെ ബലാത്സംഗ ചെയ്ത ആൾദൈവം ഫലഹാരി ബാബ രാജസ്ഥാനിൽ അറസ്റ്റിൽ. ആശ്രമത്തിനകത്ത് വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന ഛത്തീസ്ഗഢ് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ബാബയെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
രാജസ്ഥാനിലെ ആൾവാറിലാണ് 70 വയസ്സുള്ള ഫലാഹാരി ബാബയെന്ന സ്വാമി കൗശലേന്ദ്ര പ്രപന്നാചാര്യ ഫലാഹാരി മഹാരാജിനെ ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ഉറപ്പായതോടെ രക്തസമ്മർദ്ദത്തിന് ചികിത്സ തേടിയ ഫലഹാരിയെ ആശുപത്രിയിലെത്തിയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം ഏഴിനു ബാബയുടെ ദിവ്യധാം ആശ്രമത്തിലാണു ബലാത്സംഗം. യുവതിയുടെ മാതാപിതാക്കൾ ഫലഹാരിയുടെ അനുയായികളാണ്. ഇയാൾ ഇവരുടെ വീട്ടിൽ പലതവണ വന്ന് പോയിട്ടുണ്ട്. ഫലഹാരി ബാബയുടെ ശുപാര്‍ശപ്രകാരമാണ് നിയമവിദ്യാര്‍ത്ഥിയായ യുവതിയ്ക്ക് ദില്ലിയിൽ മുതിര്‍ന്ന അഭിഭാഷകന് കീഴിൽ ഇന്റേൺഷിപ്പിന് അവസരം കിട്ടിയത്.
ആദ്യ പ്രതിഫലമായി കിട്ടിയ 3,000 രൂപ സ്വാമിയ്ക്ക് നൽകാൻ ആശ്രമത്തിലെത്തിയപ്പോഴായിരുന്നു ബലാത്സംഗം. ഗ്രഹണ ദിവസമായതിനാൽ സ്വാമി ആരെയും മുഖംകാണിക്കില്ലെന്നും ആശ്രമത്തിൽ തങ്ങാനും ആവശ്യപ്പെട്ട ശേഷം രാത്രിയോടെ മുറിയിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. പുറത്തു പറയരുതെന്നു ഭീഷണിയുണ്ടായിരുന്നുവെങ്കിലും ഹരിയാനയിലെ ആൾദൈവം ഗുർമീത് റാം റഹിം സിങ് ബലാത്സംഗക്കേസിൽ ജയിലിലായതോടെ പരാതിയുമായി പൊലീസിനെ സമീപിക്കാൻ യുവതിയും കുടുംബവും തീരുമാനിക്കുകയായിരുന്നു. 25 വർഷമായി പഴങ്ങൾ മാത്രം കഴിച്ചാണ് ജീവിക്കുന്നതെന്ന വെളിപ്പെടുത്തലാണ് ആൾദൈവത്തിന് ‘ഫലാഹാരി ബാബ’ എന്ന വിളിപ്പേര് വീണത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam