സിപിഎം നേതാവ് വി ശിവൻകുട്ടി, യുഡിഎഫ് സർക്കാരിന്റെ 'കാവി അജണ്ട'കൾക്കെതിരെ മുസ്ലിം ലീഗ് നേതൃത്വത്തിന് തുറന്ന കത്തയച്ചു. പ്രധാനമന്ത്രിയുടെ ചിത്രം പതിക്കാനുള്ള തീരുമാനം, തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം തുടങ്ങിയ വിഷയങ്ങളിൽ ലീഗ് പുലർത്തുന്ന മൗനത്തെ അദ്ദേഹം ചോദ്യം ചെയ്യുകയും ശക്തമായ നിലപാട് ആവശ്യപ്പെടുകയും ചെയ്തു.
തിരുവനന്തപുരം: കേരളത്തിലെ യുഡിഎഫ് സർക്കാരിന്‍റെ സമീപകാല തീരുമാനങ്ങൾക്കെതിരെയും അതിൽ മുസ്ലിം ലീഗ് നേതൃത്വം പുലർത്തുന്ന മൗനത്തിനെതിരെയും കടുത്ത വിമർശനവുമായി സിപിഎം സംസ്ഥാന സമിതി അംഗവും മുൻ മന്ത്രിയുമായ വി ശിവൻകുട്ടി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് അയച്ച തുറന്ന കത്തിലാണ് വി ശിവൻകുട്ടി രാഷ്ട്രീയ മണ്ഡലത്തിൽ ചർച്ചയാകുന്ന പ്രസക്തമായ വിഷയങ്ങൾ ഉന്നയിച്ചിരിക്കുന്നത്. മതേതര കേരളത്തെ ആശങ്കയിലാഴ്ത്തുന്ന യുഡിഎഫ് സർക്കാരിന്റെ കാവി അജണ്ടകൾക്ക് മുസ്ലിം ലീഗ് നേതൃത്വം അലംഭാവത്തോടെ കുടപിടിക്കുകയാണെന്ന് കത്തിൽ അദ്ദേഹം ആരോപിക്കുന്നു.
സർക്കാർ പണം മുടക്കി നിർമിക്കുന്ന വീടുകളിൽ ഒരു ഭരണകർത്താവിന്റെയും ചിത്രം പതിക്കരുതെന്ന് എൽഡിഎഫ് സർക്കാർ നിർബന്ധബുദ്ധി കാണിച്ച സ്ഥാനത്ത്, കേന്ദ്ര ഭവന പദ്ധതിയിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കാമെന്ന മന്ത്രി ഷാജിയുടെ പ്രസ്താവന മതേതര കേരളത്തിന് ഏൽപിച്ച പ്രഹരമാണെന്ന് ശിവൻകുട്ടി ചൂണ്ടിക്കാട്ടുന്നു. പി എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാൻ ലീഗ് മന്ത്രിമാർ പച്ചക്കൊടി കാട്ടിയതും, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി വെട്ടിക്കുറച്ച് മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയത്തെയും കത്തിൽ ശക്തമായി വിമർശിക്കുന്നു. ചന്ദ്രിക പത്രത്തിൽ ലേഖനമെഴുതി ഇതിനെതിരെ പ്രതികരിക്കുന്നതിന് പകരം, മുഖ്യമന്ത്രിയെ വിളിച്ച് തീരുമാനം തിരുത്തിക്കാൻ തങ്ങൾ തയാറാകണമായിരുന്നു എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിച്ചതിന് പിന്നിൽ വ്യക്തമായ സംഘപരിവാർ രാഷ്ട്രീയമുണ്ടെന്ന് കത്തിൽ ആരോപിക്കുന്നു. വോട്ടർ പട്ടികയിലും തെരഞ്ഞെടുപ്പ് പ്രക്രിയകളിലും ബിജെപിക്ക് അനായാസം ഇടപെടാൻ വഴിയൊരുക്കുന്നതാണ് ഈ നിയമനമെന്നും, അദ്ദേഹത്തിന്റെ മുൻകാല സോഷ്യൽ മീഡിയ ഇടപെടലുകൾ ആരുടെ താല്പര്യപ്രകാരമാണ് മറച്ചുവെച്ചതെന്നും ശിവൻകുട്ടി ചോദിക്കുന്നു. "ഈ തീരുമാനങ്ങൾ തിരുത്താൻ മുഖ്യമന്ത്രിയെ വിളിച്ച് കർശനമായ നിലപാട് സ്വീകരിക്കാനല്ലേ അങ്ങ് തയ്യാറാവേണ്ടിയിരുന്നത്? അത് ചെയ്യാൻ അങ്ങ് തയ്യാറല്ലെങ്കിൽ, മന്ത്രിമാരോട് രാജിവെക്കാൻ ആവശ്യപ്പെടാനുള്ള ആർജ്ജവമെങ്കിലും ലീഗ് നേതൃത്വം കാണിക്കണ്ടേ?" — വി ശിവൻകുട്ടി കത്തിലെഴുതി. യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന ഇത്തരം 'കാവി അജണ്ടകൾക്കെതിരെ' മതേതര ജനാധിപത്യ വിശ്വാസികളെ അണിനിരത്തി സിപിഎം ശക്തമായ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്.


