ജിഷ്ണുവിന്റെ മരണം കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം

By Web DeskFirst Published Jan 20, 2017, 4:33 AM IST
Highlights

തൃശൂര്‍: ശരീരത്തിലെ മുറിവുകള്‍ മരണത്തിന് മുമ്പെന്ന പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ജിഷ്ണുവിന്റേത് കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം രംഗത്ത്. പോസ്റ്റ്മാര്‍ട്ടം നടത്തിയ ഡോക്ടര്‍മാരും അന്വേഷണ സംഘവും ഒത്തുകളിയ്‌ക്കുകയാണ്. പോസ്റ്റ്മാര്‍ട്ടത്തിലെ പിഴവുകള്‍ അന്വേഷിക്കാന്‍ മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത് പറഞ്ഞു.

മൂക്കിലെ പോറലും ചുണ്ടുകളിലെ മുറിവും ജിഷ്ണു മരിക്കുന്നതിന് മുമ്പ് സംഭവിച്ചതെന്ന പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെയാണ് ജിഷ്ണുവിന് മര്‍ദ്ദനമേറ്റിരുന്നെന്ന ആരോപണം കുടുംബം ആവര്‍ത്തിക്കുന്നത്. ഹോസ്റ്റലിലെ കുളിമുറിയില്‍ തുണി തൂക്കിയിടാനുള്ള ഹുക്കില്‍ തോര്‍ത്ത് കെട്ടി ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് കുടുംബത്തോട് പറഞ്ഞത്. ഫോറന്‍സിക് ഡോക്ടര്‍മാരുടെ പരിശോധനാ വേളയില്‍ ജിഷ്ണുവിന്റെ ബന്ധുക്കള്‍ ഹോസ്റ്റല്‍ കുളിമുറിയിലെത്തിയിരുന്നു. ജിഷ്ണുവിന്റെ പൊക്കത്തിനേക്കാള്‍ അല്‍പം കൂടി ഉയരത്തില്‍ തറച്ചിരിക്കുന്ന ഹുക്കില്‍ തൂങ്ങിമരിച്ചെന്ന് പറയുന്നത് വിശ്വാസ യോഗ്യമല്ലെന്നാണ് കുടുംബം പറയുന്നത്.

ജിഷ്ണുവിന്റേത് ആത്മഹത്യയെന്ന് വരുത്താനുള്ള വ്യഗ്രതയാണ് ഫോറന്‍സിക് ഡോക്ടര്‍മാരുടേതും അന്വേഷണ സംഘത്തിന്റേതുമെന്നും കുടുംബം ആരോപിക്കുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് വിദഗ്ധ ഡോക്ടറുടെ സേവനം തേടിയാണ് തൃശൂര്‍ മെഡിക്കല്‍ കോളെജിലെത്തിയത്. അത് നിഷേധിച്ച് പിജി ഡോക്ടര്‍ പോസ്റ്റ് മാര്‍ട്ടം നടത്തിയത് ദുരൂഹമാണെന്നും ശ്രീജിത്ത് ആരോപിച്ചു.

പോസ്റ്റ്മാര്‍ട്ടതിലെ പിഴവ് അന്വേഷിക്കാന്‍ വിദഗ്ധ സംഘത്തെ വേണമെന്ന് ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുടുംബം വ്യക്തമാക്കുന്നു. അതിനിടെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി എഎസ്എഫ് ഐ പാമ്പാടിയില്‍ സംഘടിപ്പിച്ച സമര വസന്തമെന്ന പരിപാടി സംവിധായകന്‍ ആഷിക് അബു ഉദ്ഘാടനം ചെയ്തു.

click me!