കലൈഞ്ജര്‍ക്ക് തെറ്റിയില്ല; സ്റ്റാലിന്‍റെ പോരാട്ടം അതാണ് തെളിയിക്കുന്നത്

Published : Aug 08, 2018, 12:03 AM ISTUpdated : Aug 08, 2018, 06:43 PM IST
കലൈഞ്ജര്‍ക്ക് തെറ്റിയില്ല; സ്റ്റാലിന്‍റെ പോരാട്ടം അതാണ് തെളിയിക്കുന്നത്

Synopsis

ആൽമരത്തിന്‍റെ വേരുകൾ പോലെയുള്ള വലിയ കുടുംബം. മൂന്ന് ജീവിത പങ്കാളികൾ. ആറ് മക്കൾ. ദ്രാവിഡ മുന്നേറ്റ കഴകമെന്ന വലിയ പ്രസ്ഥാനത്തിന്‍റെ ചെങ്കോലേന്തിയ കരുണാനിധി, അധികാരം പുറത്തു പോകാതിരിക്കാൻ ശ്രദ്ധിച്ചു, എന്നും.

ജയലളിതയെപ്പോലെയല്ല, പിൻഗാമികളെ നിശ്ചയിച്ചുതന്നെയാണ് കരുണാനിധി മടങ്ങിയത്. ഡിഎംകെയുടെ പ്രവർത്തനാധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള സ്റ്റാലിന്‍റെ ഉയർച്ചയെ സണ്‍ റൈസ് ( SON RISE ) എന്നാണ് പല ദേശീയ മാധ്യമങ്ങളും വിശേഷിപ്പിച്ചത്. പക്ഷേ, കുടുംബത്തിലെ മൂപ്പിളമത്തർക്കവും പിന്തുടർച്ചാവകാശവും കരുണാനിധിയെ എന്നും വേട്ടയാടിയിരുന്നു.

ആൽമരത്തിന്‍റെ വേരുകൾ പോലെയുള്ള വലിയ കുടുംബം. മൂന്ന് ജീവിത പങ്കാളികൾ. ആറ് മക്കൾ. ദ്രാവിഡ മുന്നേറ്റ കഴകമെന്ന വലിയ പ്രസ്ഥാനത്തിന്‍റെ ചെങ്കോലേന്തിയ കരുണാനിധി, അധികാരം പുറത്തു പോകാതിരിക്കാൻ ശ്രദ്ധിച്ചു, എന്നും. മക്കൾക്കും പേരക്കുട്ടികൾക്കുമൊപ്പം സഹോദരീപുത്രനായ മുരശൊലി മാരനും അദ്ദേഹത്തിന്‍റെ മക്കളായ മാരൻ സഹോദരങ്ങൾക്കും അദ്ദേഹം സ്വത്തും അധികാരവും പങ്കുവച്ചു.

മധുര സ്വദേശിനിയായ പദ്മാവതിയാണ് കരുണാനിധിയുടെ ആദ്യഭാര്യ. 1944 ൽ മരിച്ചുപോയ അവരിൽ ഒരു മകനേയുള്ളൂ. മുത്തു. എംജിആറിന്‍റെ മരണശേഷം മുത്തുവിനെ മറ്റൊരു താരമായി ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ചതാണ് കരുണാനിധി. രാഷ്ട്രീയത്തിലും സിനിമയിലും ഒരു പോലെ തോറ്റുപോയ മുത്തു, അച്ഛനുമായി തെറ്റിപ്പിരിഞ്ഞ് അണ്ണാ ഡിഎംകെയിൽ ചേരുക പോലും ചെയ്തു. പദ്മാവതിയുടെ മരണത്തിന് ശേഷമാണ് കരുണാനിധി ദയാലു അമ്മാളിനെ വിവാഹം കഴിക്കുന്നത്. നാല് മക്കളാണിവർക്ക്. അഴഗിരിയും സ്റ്റാലിനും, തമിഴരസും, സെൽവിയെന്ന ആദ്യപുത്രിയും. 

തമിഴരസും സെൽവിയും രാഷ്ട്രീയത്തിലേക്ക് വരാതെ ഒതുങ്ങിയപ്പോൾ, അഴഗിരിയും സ്റ്റാലിനും കരുണാനിധിയുടെ പിന്തുടർച്ചാവകാശം കൊതിച്ചു. വലിയ അധികാരത്തർക്കങ്ങൾക്കാണ് അത് വഴിവച്ചത്. മധുരയിൽ നിന്നങ്ങ് തെക്ക് പാർട്ടിയുടെ അധികാരം അഴഗിരിക്ക് കൊടുത്തെങ്കിലും പിന്നെയും രണ്ട് മക്കളും തമ്മിൽ പൂർണ അധികാരത്തിനായി തമ്മിൽത്തല്ലി.  2007 മെയിൽ ദയാനിധി മാരന്‍റെ ഉടമസ്ഥതയിലുള്ള ദിനകരൻ പത്രത്തിൽ വന്ന ഒരു സർവേയിൽ കരുണാനിധിയുടെ പിന്തുടർച്ചക്കാരനായി സ്റ്റാലിന് 70 ശതമാനം വോട്ട് കിട്ടിയപ്പോൾ അഴഗിരിക്ക് കിട്ടിയത് 2 ശതമാനം വോട്ട് മാത്രം. മധുരയിലെ അഴഗിരിയുടെ അനുയായികൾ ദിനകരന്‍റെ ഓഫീസ് തല്ലിത്തകർത്തു. അക്രമത്തിൽ മരിച്ചത് മൂന്ന് പേരാണ്. ഇതേത്തുടർന്നുണ്ടായ ഭിന്നതയിൽ മാരൻ സഹോദരൻമാരും കരുണാനിധിയും തമ്മിൽ തെറ്റി. തർക്കങ്ങളുടെ പരന്പരയ്ക്കൊടുവിൽ 2014ൽ അഴഗിരിയെ കരുണാനിധി പുറത്താക്കി. 

1960 കളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ എപ്പോഴോ ആണ് കരുണാനിധി രാജാത്തിയെ കാണുന്നത്. അന്ന് ഡിഎംകെ പ്രവർത്തകർക്കിടയിൽ നിലനിന്നിരുന്ന 'സ്വയമര്യാദക്കല്യാണം' വഴി ആചാരങ്ങളൊന്നുമില്ലാതെ കരുണാനിധി രാജാത്തിയെ കൂടെക്കൂട്ടി. ദയാലുവിനെ മനൈവി അഥവാ ഭാര്യയെന്ന് വിളിച്ച കരുണാനിധി, രാജാത്തിയെ വിളിച്ചത് തുണൈവി എന്നാണ്. കൂട്ടുകാരിയെന്നർഥം. മകളായ കനിമൊഴി, ആദ്യം നടന്നത് സാഹിത്യത്തിന്‍റെ വഴിയേയാണ്. പിന്നീടാണ്, രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നത്. തന്റെ എഴുത്തിന്‍റെ പിന്തുടർച്ചാവകാശിയെ ഏറെയിഷ്ടമായിരുന്നു കലൈഞ്ജർക്ക്. ദേശീയരാഷ്ട്രീയത്തിൽ കനിമൊഴിയ്ക്ക് കൃത്യമായ ഒരിടം അച്ഛൻ എന്നും കരുതിവച്ചു.

തന്‍റെ പിന്തുടർച്ചാവകാശം തലൈവർ തൽകിയത് സ്റ്റാലിനാണ്. പക്ഷേ, അധികാരം അത്രയെളുപ്പം സ്റ്റാലിന് കൈമാറിയുമില്ല. കരുണാനിധിയുടെ ആരോഗ്യം അത്ര കണ്ട് മോശമായപ്പോൾ മാത്രമാണ് സ്റ്റാലിൻ പ്രവർത്തനാധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. റെഡ് ജയന്റ് പിക്ചേഴ്സ് പോലുള്ള വൻകിട സിനിമാനിർമാണക്കന്പനികളുടെ ഉടമസ്ഥനും താരവുമായ മകൻ ഉദയനിധി സ്റ്റാലിനെ രാഷ്ട്രീയത്തിലും വളർത്താൻ ശ്രമിക്കുകയാണ് സ്റ്റാലിനിപ്പോൾ. ഡിഎംകെയുടെ പല റാലികളിലും സ്ഥിരം സാന്നിധ്യമായ ഉദയനിധി, രാഷ്ട്രീയത്തിലെ താത്പര്യം പല തവണ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. പക്ഷേ, കരുണാനിധിയെന്ന രാഷ്ട്രീയ തന്ത്രജ്ഞന്‍റെ കുശാഗ്രബുദ്ധി പിന്തുടർച്ചക്കാർക്കുണ്ടാകുമോ എന്ന കാര്യം സംശയമാണെന്ന് രാഷ്ട്രീയനിരീക്ഷകർ തന്നെ പറയുന്നു. കരുണാനിധിയെന്ന രാഷ്ട്രീയചാണക്യന് പകരം വയ്ക്കാൻ ഡിഎംകെയിൽ അടുത്തെങ്ങും ആരും ഉയർന്നുവരില്ലെന്ന കാര്യം ഉറപ്പ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്ഥിരം കുറ്റവാളികൾക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാവരുത് , ക്രിമനൽ പശ്ചാത്തലവും കുറ്റത്തിന്‍റെ തീവ്രതയും അവഗണിക്കരുതെന്ന് സുപ്രീംകോടതി
കോണ്‍ഗ്രസ് വളരെ പിന്നിൽ, അതിവേഗം ബഹുദൂരം മുന്നിൽ കുതിച്ച് ബിജെപി; തദ്ദേശ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന് വൻ നേട്ടം