
തിരുവനന്തപുരം:പ്രളയത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം നിഷേധിക്കുന്നെന്ന് പരാതി. നാലുലക്ഷം രൂപ ധനസഹായം കിട്ടാൻ ഇൻക്വസ്റ്റ് റിപ്പോര്‍ട്ട് വേണമെന്ന നിബന്ധനയാണ് ആനുകൂല്യം കിട്ടാൻ ഒരു തടസം. മുങ്ങിമരിച്ചവരുടെ കുടുംബങ്ങൾക്ക് മാത്രമായി ധനസഹായം പരിമിതപ്പെടുത്തിയതും നിരവധിയാളുകളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി അരുണിന്‍റെ മുത്തശി തൊട്ടടുത്ത വീട്ടിലെ ഒന്നാം നിലയിൽ നിന്ന് വെള്ളത്തിൽ വീണ് മരിച്ചിട്ട് രണ്ട് മാസത്തോളമാകുന്നു. മരണശേഷം മൂന്നാം നാളാണ് പരുമലയിലെ മകളുടെ വീട്ടിൽ കമലമ്മയെ സംസ്കരിച്ചത്. അപ്പോഴേക്കും മൃതദേഹം അഴുകി ഉറുമ്പരിച്ച് തുടങ്ങിയിരുന്നു. പൊലീസ് സ്റ്റേഷനുകളിൽ വിവരം അറിയിച്ചെങ്കിലും വെള്ളക്കെട്ടായതിനാൽ ഇൻക്വസ്റ്റ് നടത്താൻ എത്തിയില്ല. ഈ ഒറ്റക്കാരണം കൊണ്ടാണ് പ്രളയക്കെടുതിയിൽ മരിച്ചവരുടെ കുടുംബത്തിന് കിട്ടേണ്ട നാല് ലക്ഷം രൂപ നിഷേധിച്ചത്
വീടിനകത്ത് വെള്ളം കയറിയതോടെയാണ് ബ്ലസിയുടെ ഭര്‍ത്താവിന്‍റെ അമ്മ ചികിത്സ കിട്ടാതെ മരിച്ചത്. സഹായത്തിനായി സര്‍ക്കാര്‍ ഓഫീസുകൾ കയറിയിറങ്ങിയിട്ടും പതിനായിരം രൂപാ പോലും കിട്ടിയിട്ടില്ല. ചെങ്ങന്നൂരിൽ പ്രളയത്തിൽ മരിച്ച ഇരുപത് പേരിൽ പത്ത് പേരുടെ കുടുംബങ്ങൾക്ക് മാത്രമാണ് നാല് നക്ഷം രൂപ കിട്ടിയത്. മക്കൾ വിദേശത്തായവര്‍ക്കും സഹായത്തിനായി മക്കൾക്കിടയിൽ അവകാശത്തര്‍ക്കമുള്ളവര്‍ക്കുമാണ് നാല് ലക്ഷം രൂപ കിട്ടാനുള്ളതെന്നാണ് വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam