
മലമ്പുഴ: ഇടുക്കി അണക്കെട്ടിന്റെ പത്ത് ചെയിന്‍ മേഖലയില്‍ പരമാവധി സംഭരണ ശേഷി അടയാളപ്പെടുത്താന്‍ കെഎസ്ഇബി ജണ്ട സ്ഥാപിക്കുന്നത് കര്‍ഷകരെ ആശങ്കയിലാക്കുന്നു. പുതിയ ജണ്ടകള്‍ സ്ഥാപിക്കുന്നതോടെ നൂറുകണക്കിന് കര്‍ഷകരുടെ കൈവശമുള്ള ഭൂമിയില്‍ കുറവ് വരും. കൃഷിയിടത്തിലും വീടുകള്‍ക്കുള്ളിലുമൊക്കെയാണ് പുതിയ ജണ്ടകള്‍ സ്ഥാപിക്കുന്നത്.
ഇടുക്കി, ഇരട്ടയാര്‍ എന്നീ അണക്കെട്ടുകളുടെ പരമാവധി സംഭരണ ശേഷിയില്‍ നിന്നും പത്ത് ചെയിന്‍ വരെയുള്ള ഭാഗത്ത് 2,300 ലധികം കര്‍ഷകരാണ് പട്ടയത്തിന് വേണ്ടി പതിറ്റാണ്ടുകളായി കാത്തിരിക്കുന്നത്. ഇതില്‍ മൂന്നു ചെയിന്‍ ഒഴികെയുള്ള ഭാഗത്ത് പട്ടയം നല്‍കാന്‍ കഴിഞ്ഞ മാസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് പരമാവധി ജലനിരപ്പ് കണക്കാക്കി കെഎസ്ഇബി ജണ്ട സ്ഥാപിക്കുന്നത്.
ഈ ജണ്ടകള്‍ മുമ്പ് സ്ഥാപിച്ചിരുന്നവയില്‍ നിന്നും മാറ്റിയാണിടുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. ഇതുമൂലം പലര്‍ക്കും ഭൂമി നഷ്ടമാകും. ചില വീടുകള്‍ പോലും പൊളിച്ചു നീക്കേണ്ടി വരും. വീടുകളോട് ചേര്‍ന്നും കൃഷിയിടത്തിലുമൊക്കെയാണ് പുതിയ ജണ്ടകളിട്ടിരിക്കുന്നത്.
ഉപ്പുതറ പഞ്ചായത്തില്‍ ഇത്തരത്തില്‍ ജണ്ടകളിടുന്നത് പ്രതിഷേധം മൂലം നിര്‍ത്തി വച്ചു. സംഭരണിയെട് ചേര്‍ന്നുള്ള മൂന്ന് ചെയിനിലെ കര്‍ഷകരെ കുടിയിറക്കാനാണിതെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. മൂന്ന് ചെയിന്‍ ഭാഗത്ത് 1,800 ലധികം പേര്‍ക്ക് ഭൂമിയുണ്ട്. കെഎസ്ഇബിയുടെ നടപടിക്കെതിരെ സമരം തുടങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് പത്ത് ചെയിനിലെ ആളുകള്‍.