
ബറൂച്ച്: ജാതിയുടെയും മതത്തിന്‍റെയും പേരിൽ സമൂഹത്തെ വിഭജിക്കാനാണ് കോൺഗ്രസിന്‍റെ ശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സഹോദരങ്ങൾക്കിടയിൽ മതിൽ പണിയാനാണ് കോൺഗ്രസിന്‍റെ ശ്രമം. ഒരു ജാതി മറ്റൊന്നുമായി ഏറ്റുമുട്ടുന്ന സാഹചര്യമാണ് കോൺഗ്രസ് ഉണ്ടാക്കിയിരിക്കുന്നത്. ഒരു മതം മറ്റൊരു മതവുമായി ഏറ്റുമുട്ടുന്നു എന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തിൽ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ഈ മാസം ഒൻപതിനു നടക്കാനിരിക്കെ ബറൂച്ച് ജില്ലയിലെ ഒരു റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. ശനിയാഴ്ചയാണ് ബറൂച്ച് ഉൾപ്പെടുന്ന സ്ഥലങ്ങളിലെ വോട്ടെടപ്പ്. രണ്ടു ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിന്‍റെ രണ്ടാം ഘട്ടം 14നാണ്. 182 അംഗ നിയമസഭയിലേക്ക് നടക്കുന്ന വോട്ടെടുപ്പിന്‍റെ ഫലം 18ന് അറിയാം.