
ഭോപ്പാൽ: ബി.ജെ.പിയെയും കേന്ദ്രസർക്കാരിനെയും പ്രതിരോധത്തിലാക്കി ഉത്തരേന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിൽ രാഷ്ട്രീയ കിസാൻ മഹാസംഘ് നടത്തുന്ന കർഷകസമരം മൂന്നാം ദിവസവും തുടരുകയാണ്. സമരത്തിന്റെ ഭാഗമായി നഗരങ്ങളിലേക്കുള്ള പാൽ, പച്ചക്കറികൾ എന്നിവ വഹിച്ചുകൊണ്ടുള്ള വണ്ടികൾ പലയിടത്തും വ്യാപകമായി തടഞ്ഞു. ഭക്ഷ്യസാധനങ്ങളുടെ വരവ് കുറഞ്ഞതോടെ പല നഗരങ്ങളിലും ഭക്ഷ്യസാധനങ്ങൾക്ക് വില കുത്തനെ കൂടി. രാജസ്ഥാൻ , മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ തക്കാളിക്ക് വില അഞ്ച് മുതൽ 15 രൂപ വരെയാണ് കൂടിയത്. മറ്റ് പച്ചക്കറികള്‍ക്കും വിലവര്‍ധനവുണ്ട്.
ഫാരിദ്കോട്ട്, ഭോപ്പാല്‍, ശ്രീഗംഗ നഗർ എന്നിവിടങ്ങളിൽ കർഷകർ നടത്തിയ വഴി തടയൽ സമരം സംഘർഷത്തിൽ കലാശിച്ചു. എട്ട് സംസ്ഥാനങ്ങളിൽ ആഹ്വാനം ചെയ്ത 10 ദിവസത്തെ ഗ്രാമബന്ദിൽ പലയിടത്തും സംഘർഷമുണ്ടായി. മധ്യ പ്രദേശിൽ സമരവുമായി ബന്ധപ്പെട്ട് ഒമ്പത് കേസുകൾ രജിസ്റ്റർ ചെയ്യുകയും 16 കർഷകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജൂൺ പത്തിന് ഭാരത ബന്ദിനും കർഷകർ ആഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കര്‍ഷകര്‍ക്ക് നേരെ വെടിവയ്പ്പുണ്ടായ മന്‍സോറില്‍ കര്‍ഷകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.
മൻ സോർ വെടിവെയ്പ്പ് വാർഷിക ദിനാഘോഷം കണക്കിലെടുത്ത് മധ്യപ്രദേശിൽ കനത്ത സുരക്ഷ പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രീയ കിസാന്‍ സംഘിന്‍റെ നേതൃത്വത്തില്‍ 104 സംഘടനകള്‍ സമത്തില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് മലനാട് കര്‍ഷകരക്ഷാസമിതി, ദേശീയ കര്‍ഷക സമാജം, കര്‍ഷകവേദി, കര്‍ഷകസേന തുടങ്ങിയ സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഏഴ് സംസ്ഥാനങ്ങളില്‍ പത്ത് ദിവസത്തെ സമരത്തിന് ആഹ്വാനം ചെയ്തെങ്കിലും രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ് സമരമുള്ളത്. സമരം വ്യാപിക്കാതിരിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ബിജെപി സര്‍ക്കാര്‍. എന്നാല്‍ വരുന്ന ബുധനാഴ്ച കര്‍ഷക രക്തസാക്ഷിദിനാചരണം നടത്തുമ്പോള്‍ വ്യാപക അക്രമങ്ങളുണ്ടാകാനും സമരം ശക്തമാകാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വരുന്ന ദിവസങ്ങളില്‍ കടുത്തവെല്ലുവിളിയാണ് ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാരുകള്‍ക്ക് മുമ്പിലുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam