
കോഴിക്കോട്: മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിലെടുത്ത പ്രതി മരിച്ച സംഭവത്തിൽ പരാതിക്കാരനെതിരെ ആരോപണവുമായി പ്രതിയുടെ അച്ഛൻ. മരിച്ച സ്വാമിനാഥനെതിരെ മോഷണകുറ്റം ആരോപിച്ച അടുത്ത ബന്ധു ഇയാളെ മർദ്ദിച്ചിരുന്നോയെന്ന് സംശയമുണ്ടെന്ന് അച്ഛൻ ചെല്ലപ്പൻ പറഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെയാണ് മെഡിക്കൽ കോളജിന് സമീപത്തുള്ള കുറ്റിക്കാട്ടൂരിലെ ഒരു ഇരുമ്പുകടയില്‍ മോഷണം നടത്തിയെന്ന ആരോപണത്തെ തുടർന്ന് പൊലീസ് സ്വാമിനാഥനെ കസ്റ്റഡിയിലെടുത്തത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇയാളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും പിന്നീട് ഉച്ചയോടെ മരിക്കുകയുമായിരന്നു. പൊലീസ് എത്തുന്നതിന് മുൻപ് മർദ്ദനം ഏറ്റിട്ടുണ്ടാകാം എന്ന് സംശയിക്കുന്നതായി അച്ഛൻ പറഞ്ഞു.
ഇയാൾ ആശുപത്രിയിൽ എത്തുമ്പോള്‍ രക്തസമ്മർദ്ദവും രക്തത്തിലെ ഗ്ലൂക്കോസും കുറവായിരുന്നെന്ന് ആശുപത്രി സൂപണ്ട് ഇൻ ചാർജ്ജ് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. എന്നാൽ ഇസിജിയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. തലച്ചോറിലുണ്ടായ രക്തസമ്മർദ്ദമാണ് മരണകാരണമന്നായിരുന്നു ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. മരണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ചെല്ലപ്പൻ കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam