
അമരാവതി: മനുഷ്യ ജീവനെക്കാൾ വില ജാതിക്കും മതത്തിനും നൽകുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നുവെന്നാണ് ആന്ധ്രാപ്രദേശില്‍ നിന്നും പുറത്തുവന്ന ദുരഭിമാനകൊല തെളിയിക്കുന്നത്. അന്യജാതിക്കാരനെ പ്രണയിച്ചതിന്റെ പേരിൽ അച്ഛൻ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ പ്രകാശം എന്ന ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ വിദ്യാ വൈഷ്ണവി(20)യെയാണ് അച്ഛൻ വെങ്കാ റെഡ്ഢി കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. താഴ്ന്ന ജാതിയിലുള്ള യുവാവുമായി വൈഷ്ണവി പ്രണയത്തിലായിരുന്നു. സഹപാഠിയായിരുന്നു ഇയാള്‍. ഇരുവരും തമ്മിലുള്ള ബന്ധം അറിഞ്ഞ റെഡ്ഡി ഇതിൽ നിന്നും പിന്മാറണമെന്ന് നിരവധി തവണ വൈഷ്ണവിക്ക് താക്കിത് നല്‍കിയിരുന്നു. എന്നാൽ അത് കൂട്ടാക്കാൻ പെൺകുട്ടി തയ്യാറായില്ല. മാത്രമല്ല മകള്‍ ഒളിച്ചോടി പോയി വിവാഹം കഴിച്ചേക്കുമെന്ന മുന്‍വിധിയില്‍ റെഡ്ഢി എത്തിചേരുകയും ചെയ്തു. ഇതേതുടർന്നാണ് ഇയാൾ വൈഷ്ണവിയെ കൊലപ്പെടുത്തിയതെന്നാണ് വ്യക്തമാകുന്നതെന്നും സീനിയർ പൊലീസ് ഓഫീസർ ശ്രീനിവാസ് റാവു മാധ്യമങ്ങളോട് പറഞ്ഞു.
സംശയാസ്പദമായാണ് കേസെടുത്തിരിക്കുന്നതെന്നും ഫേറൻസിക് റിപ്പോർട്ട് വന്നതിന് ശേഷമേ റെഡ്ഡിക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കാൻ സാധിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഇരുവരും തമ്മിൽ ഒളിച്ചോടാനോ വിവാഹം കഴിക്കാനോ തീരുമാനിച്ചിരുന്നില്ലെന്നും റെഡ്ഡി ബന്ധത്തെ എതിർക്കുകയായിരുന്നുവെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam