കുട്ടനാട് വായ്പാ തട്ടിപ്പ്: ഫാദര്‍ തോമസ് പീലിയാനിക്കല്‍ ഒളിവില്‍

By Web DeskFirst Published Apr 21, 2018, 12:49 PM IST
Highlights
  • കുട്ടനാട് വികസന സമിതി ഓഫീസ് അടച്ച് പൂട്ടി മുങ്ങിയ ഫാദര്‍ തോമസ് പീലിയാനിക്കലിനും കൂട്ടുപ്രതികള്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പാണ് പോലീസ് ചുമത്തിയിരിക്കുന്നത്. 

ആലപ്പുഴ: കുട്ടനാട്ടില്‍ കര്‍ഷകരുടെ പേരില്‍ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ ഫാദര്‍ തോമസ് പീലിയാനിക്കല്‍ ഒളിവില്‍. കുട്ടനാട് വികസന സമിതി ഓഫീസ് അടച്ച് പൂട്ടി മുങ്ങിയ ഫാദര്‍ തോമസ് പീലിയാനിക്കലിനും കൂട്ടുപ്രതികള്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പാണ് പോലീസ് ചുമത്തിയിരിക്കുന്നത്. തോമസ്പീലിയാനിക്കലിന്‍റെ വാഹനം അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. 

കുട്ടനാട്ടിലെ നിരവധിയാളുകളുടെ പേരില്‍ ഗ്രൂപ്പുകളുണ്ടാക്കി  വ്യാജ രേഖ ചമച്ച് ആലപ്പുഴയിലെ വിവിധ ബാങ്കുകളില്‍ നിന്നായി കാര്‍ഷിക വായ്പ തട്ടിയെടുത്ത കേസിലാണ് കുട്ടനാട് വികസന സമിതി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാദര്‍ തോമസ്പീലിയാനിക്കല്‍ പ്രതിയായത്. ഈ സംഭവത്തില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി 12 കേസുകളാണ് ഇതിനകം രജിസ്റ്റര്‍ ചെയ്തത്. ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ തോമസ് പീലിയാനിക്കലിനെ കൂടാതെ കാവാലം സ്വദേശിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ എന്‍സിപി നേതാവ് അ‍ഡ്വ. റോജോ ജോസഫ്, കുട്ടനാട് വികസന സമിതി ഓഫീസ് ജീവനക്കാരിയുമായ ത്രേസ്യാമ്മ തുടങ്ങിയവരും പ്രതികളാണ്.

ജാമ്യമില്ലാത്ത വകുപ്പായതിനാല്‍ ഏത് നിമിഷവും പോലീസ് അറസ്റ്റ് ചെയ്യുമെന്ന മനസ്സിലാക്കിയ ഫാദര്‍ തോമസ്പീലിയാനിക്കല്‍ കുട്ടനാട് വികസന സമിതി ഓഫീസ് അടച്ചുപൂട്ടി ഒളിവില്‍ പോയി. അഡ്വ റോജോ ജോസഫും കേസ് വന്നതുമുതല്‍ ഒളിവിലാണ്. വികസന സമിതി ഓഫീസ് അടച്ച് പൂട്ടിയതോടെ പണം കിട്ടാനുള്ളവര്‍ എന്നും വന്ന് മടങ്ങിപ്പോവുകയാണ്. വായ്പയ്ക്ക് ശുപാര്‍ശ ചെയ്ത് പണം തട്ടിയത് കൂടാതെ വായ്പ തരപ്പെടുത്തിത്തരാം എന്ന് പറഞ്ഞും നിരവധി പേരില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്.

click me!