ഫസലിനെ കൊന്നത് സിപിഎം തന്നെയെന്ന് ഭാര്യയും സഹോദരിയും

By Web DeskFirst Published Jun 12, 2017, 6:30 AM IST
Highlights

കണ്ണൂര്‍: ഫസല്‍ വധക്കേസിലെ വെളിപ്പെടുത്തലുകളില്‍ ആവശ്യമെങ്കില്‍ സുബീഷിനെ നുണപരിശോധനക്ക് വിധേയനാക്കണമെന്ന് ഫസലിന്റെ സഹോദരിയും, ഭാര്യയും. സിബിഐ കണ്ടെത്തലുകളില്‍ വിശ്വാസമുണ്ടന്നും കേസില്‍ തുടരന്വേഷണമോ മറ്റോ ആവശ്യമില്ലെന്നും, ഇവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തുടരന്വേഷണമാവശ്യപ്പെട്ടുള്ള സഹോദരന്മാരുടെ നീക്കം സമ്മര്‍ദത്തിന് വഴങ്ങിയാണെന്നാണ് ഇവരുടെ വാദം.

ഫസല്‍ കേസില്‍ വെളിപ്പെടുത്തലുകള്‍ യഥാര്‍ത്ഥവും തങ്ങള്‍ക്കനുകൂലവുമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎമ്മും ഫസലിന്റെ സഹോദരന്മാരും ശബ്ദപരിശോധനയടക്കം ആവശ്യപ്പെടുന്നതെങ്കില്‍, ഇത് വ്യാജമാമെന്ന് തെളിയിക്കാനാണ് ആവശ്യമെങ്കില്‍ നുണ പരിശോധനയുമാകാമെന്ന സഹോദരിയടക്കമുള്ളവരുടെ നിലപാട്. വെളിപ്പെടുത്തലുകള്‍ നിഷേധിച്ച് സുബീഷ് നടത്തിയ പരാമര്‍ശങ്ങളെ അതേപടി അംഗീകരിക്കുകയാണിവര്‍.

നിലവിലുള്ള പ്രതികള്‍ തന്നെയാണ് ഫസലിനെ കൊലപ്പെടുത്തിയതെന്ന വിശ്വസിക്കുന്ന ഇവര്‍, ഫസലുമായി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ശത്രുതയുണ്ടായിരുന്നുവെന്ന വാദം തള്ളിക്കളയുന്നു. ഫസല്‍ വധത്തെത്തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളില്‍ സഹോദരിമാരും ഫസലിന്റെ ഭാര്യയായിരുന്ന മറിയുവുമടക്കം സിപിഎമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുമ്പോള്‍, രണ്ടു സഹോദരന്മാരാണ് നിലവില്‍ സിബിഐ കണ്ടെത്തലുകളെ തള്ളിപ്പറഞ്ഞ് നിലപാടില്‍ ഉറച്ചു നില്‍ക്കുന്നത്. മറിയു തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ മത്സരിക്കുകയും ചെയ്തിരുന്നു.

click me!