
പനാജി: അസുഖബാധിതനായി ചികിത്സയിൽ കഴിയുന്ന തന്നെ രാഹുൽ ഗാന്ധി വന്ന് കണ്ടത് രാഷ്ട്രീയലാഭത്തിന് വേണ്ടിയെന്ന ആരോപണവുമായി ഗോവ മുഖ്യമന്ത്രിയും മുൻ പ്രതിരോധമന്ത്രിയുമായ മനോഹർ പരീക്കർ. സുഖമില്ലാത്ത എന്നെ കാണാനെത്തിയതിനെ രാഷ്ട്രീയമായി ഉപയോഗിക്കുമെന്ന് കരുതിയില്ലെന്നും പരീക്കർ പറഞ്ഞു. രാഹുലിന് അയച്ച തുറന്ന കത്തിലാണ് പരീക്കറുടെ വിമർശനം.
കൊച്ചിയിൽ വരുന്നതിന് മുമ്പേ രാഹുൽ ഗാന്ധി ഗോവയിൽ പരീക്കറെ കാണാൻ അപ്രതീക്ഷിതമായി എത്തിയിരുന്നു. പിന്നീട് റാലിയിൽ വച്ച് റഫാൽ ഇടപാടിൽ പരീക്കറിന് ഒരു പങ്കുമില്ലെന്ന് രാഹുൽ പറയുകയും ചെയ്തു. ഇക്കാര്യം ചണ്ടിക്കാട്ടിയാണ് പരീക്കർ രാഹുലിന് കത്തെഴുതിയത്.
''ആകെ അഞ്ച് മിനിറ്റാണ് താങ്കൾ എനിക്കൊപ്പം ചെലവഴിച്ചത്. ഇതിനിടെ റഫാലെന്നോ, ജെറ്റ് വിമാനമെന്നോ ഒരു വാക്ക് പോലും നമ്മൾ തമ്മിൽ സംസാരിച്ചിട്ടില്ല. എന്നിട്ടും എന്നെ കാണാനെത്തിയത് താങ്കൾ രാഷ്ട്രീയലാഭത്തിന് ഉപയോഗിച്ചു. താങ്കളിൽ നിന്ന് ഞാനിത് പ്രതീക്ഷിച്ചിരുന്നില്ല.'' കത്തിൽ പരീക്കർ പറയുന്നു.
''തീർത്തും വ്യക്തിപരമായ ഒരു സന്ദർശനത്തെ ഇത്തരം ചെറിയ രാഷ്ട്രീയലാഭത്തിന് വേണ്ടി താങ്കൾ ഉപയോഗിച്ച സ്ഥിതിക്ക് താങ്കൾ എന്നെ കാണാനെത്തിയതിന്‍റെ ഉദ്ദേശശുദ്ധിയെ ഞാൻ സംശയിക്കുന്നു'', രൂക്ഷഭാഷയിൽ പരീക്കറുടെ കത്ത് തുടരുന്നു.
കത്തിന്‍റെ പൂർണരൂപം:
രൂക്ഷവിമർശനവുമായി ബിജെപിയും
അസുഖബാധിതനായ ഒരാളുടെ വയ്യായ്കയെ രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നു രാഹുൽ ഗാന്ധിയെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ വിമർശിച്ചു.
രാഷ്ട്രീയലാഭത്തിനായി ഏത് നില വരെയും താഴുന്നയാളാണ് രാഹുലെന്ന് ഇതിലൂടെ തെളിഞ്ഞതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam