
മുസാഫര്‍നഗര്‍: യുപിയിലെ പത്താംതരം പ്ലസ് ടു ഉത്തരക്കടലാസുകള്‍ നോക്കിത്തുടങ്ങിയപ്പോള്‍ തന്നെ അധ്യാപകര്‍ക്ക് കണ്ണുനിറഞ്ഞുകാണും. കാരണം മറ്റൊന്നുമല്ല, നൂറുകൂട്ടം പ്രാരാബ്ധങ്ങളും കരളലയിക്കുന്ന പ്രണയനഷ്ടവുമൊക്കെയാണ് ഉത്തരക്കടലാസുകളെ സമ്പന്നമാക്കിയത്. ഇതിനെല്ലാം പുറമെ മറ്റു ചിലതില്‍ പണവും തുന്നിച്ചേര്‍ത്തിരിക്കുന്നു.
യുപിയിലെ പത്താം തരം, പ്ലസ്‍ടു ബോര്‍ഡ് പരീക്ഷകള്‍ക്കാണ് വിദ്യാര്‍ഥികള്‍ പ്രണയവും പ്രാരാബ്ധവും നിറഞ്ഞ ഉത്തരങ്ങളെഴുതിയത്. കെമിസ്ട്രി പരീക്ഷയുടെ ഉത്തരക്കടലാസില്‍ ഒരു വിരുതന്‍ പ്രണയത്തിന്‍റെ സിമ്പല്‍ വരച്ചുവച്ചു. മറ്റൊരുവന്‍ ' ഐ ലവ് യു പൂജ എന്നെഴുതി. 'പ്രണയം അപരിചിതമായ ഒന്നാണ്... അത് മരിക്കാനും ജീവിക്കാനും എന്നെ അനുവദിക്കുന്നില്ല.. അത് എന്നെ പരീക്ഷയക്ക് പഠിക്കാനും അനുവദിച്ചില്ല' ഇങ്ങനെയായിരുന്നു മറ്റൊരു വിദ്യാര്‍ഥിയുടെ ഉത്തരക്കടലാസിലെ കുറിപ്പ്.
അതെ ഞങ്ങള്‍ക്ക് ഉത്തരക്കടലാസുകളോടൊപ്പം പണവും പിന്‍ ചെയ്ത് ലഭിക്കുന്നുണ്ട്. മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകരിലൊരാളായ മുനേഷ് കുമാര്‍ പറഞ്ഞു. അധികവും പ്രാരാബ്ധവും കാരുണ്യം പിടിച്ചുപറ്റാനുള്ള സന്ദേശങ്ങളുമാണ് ലഭിക്കുന്നത്. എനിക്ക് അമ്മയില്ല, പരീക്ഷയില്‍ തോറ്റാല്‍ അച്ഛന്‍ എന്നെ കൊല്ലും, പരീക്ഷയില്‍ ജയിപ്പിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നവരും കുറവല്ല.
248 സെന്‍ററുകളിലായാണ് മൂല്യനിര്‍ണയം നടത്തുന്നത്. 5.5 കോടി ഉത്തരപേപ്പറുകള്‍ 1.46 ലക്ഷം അധ്യാപകരാണ് മൂല്യനിര്‍ണയം നടത്തുന്നത്. ഇതുവരെ 60 ലക്ഷം ഉത്തരക്കടലാസുകളാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. മാര്‍ച്ച് 17നായിരുന്നു മൂല്യനിര്‍ണയം ആരംഭിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam