ശാസ്തമംഗലത്തെ തൻ്റെ ഓഫീസ് പരിസരത്തെ മാലിന്യങ്ങൾ നീക്കം ചെയ്തതായി കൗൺസിലർ ആർ ശ്രീലേഖ അറിയിച്ചു. വീഡിയോ പങ്കുവച്ചാണ് ശ്രീലേഖയുടെ പ്രതികരണം. 

തിരുവനന്തപുരം: ശാസ്തമംഗലത്ത് കൗൺസിലറുടെ ഓഫിസിലെ മാലിന്യങ്ങൾ നീക്കം ചെയ്തുവെന്ന് ആർ ശ്രീലേഖ. കോർപ്പറേഷൻ അതിവേഗം വൃത്തിയാക്കിയെന്ന് ഫേസ് ബുക്കിൽ വീഡിയോ പങ്കുവച്ച് ശ്രീലേഖ പറഞ്ഞു.

"രണ്ട് ദിവസം മുൻപ് ഞാൻ ചവറിന്‍റെ പ്രശ്നം പറഞ്ഞിരുന്നില്ലേ? എല്ലാം മാറി. ഞാനത് കാണിച്ചുതരാം. എല്ലാം കെട്ടിപ്പെറുക്കി വച്ചിട്ടുണ്ട്. ഈ കുപ്പികളൊക്കെ ഇന്നലെ ആളുകൾ കുടിച്ചിട്ട് കൊണ്ടുവന്നിട്ടതാ. അതെല്ലാം പെറുക്കി ഒരു മൂലയിൽ വച്ചിട്ടുണ്ട്. എടുത്തുകളയാനുള്ള ചവറുകൾ വണ്ടിയിൽ കേറ്റിയിട്ടുണ്ട്. ഒരു കോർപ്പറേഷനാകുമ്പോൾ ഇങ്ങനെ വേണം പ്രവർത്തിക്കാൻ. വളരെ നന്നായി വൃത്തിയാക്കിയിട്ടുണ്ട്"- എന്നാണ് വീഡിയോയിൽ ശ്രീലേഖ പറയുന്നത്.

ശാസ്തമംഗലം കൗണ്‍സിലറുടെ ഓഫീസ് പ്രവര്‍ത്തനം തുടങ്ങി

ശാസ്തമംഗലത്തെ കോര്‍പ്പറേഷൻ കെട്ടിടത്തിൽ കൗണ്‍സിലര്‍ ഓഫീസും വി കെ പ്രശാന്ത് എംഎൽഎയുടെ ഓഫീസും ഒരു കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലറുടെ ഓഫീസിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്‍റെ ചിത്രങ്ങൾ ആര്‍ ശ്രീലേഖ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. കഷ്ടിച്ച് 70-75 സ്ക്വയര്‍ ഫീറ്റ് മാത്രമുള്ള തന്‍റെ ഇത്തിരിപ്പോന്ന കുഞ്ഞ് ഓഫീസ് മുറിയാണിതെന്നും കെട്ടിടത്തിന് ചുറ്റും ടണ്‍ കണക്കിന് മാലിന്യമാണെന്നും ശ്രീലേഖ പോസ്റ്റിൽ വിമര്‍ശിച്ചിരുന്നു. സേവനം തുടങ്ങിയെന്നും മുറിയെന്ന് പറയാൻ കഴിയാത്ത ചെറിയ ഒരിടമാണെന്നും ആത്മാര്‍ത്ഥതയുള്ള ഒരു ജനസേവികക്ക് ഇവിടെയും പ്രവര്‍ത്തിക്കാമെന്നും ശ്രീലേഖ പറഞ്ഞു. കഴിഞ്ഞ ദിവസം ഉച്ച വരെ ഇവിടെ 18 പേര്‍ വന്നുവെന്നും അവരെ സഹായിച്ചതിൽ തൃപ്തിയുണ്ടെന്നും അത് മതിയെന്നും ശ്രീലേഖ കുറിച്ചു. ഓഫീസിന് ചുറ്റും കുട്ടിയിട്ടിരുന്ന മാലിന്യത്തിന്‍റെ വീഡിയോയും ശ്രീലേഖ പങ്കുവെച്ചിരുന്നു.

വി കെ പ്രശാന്ത് എംഎൽഎയോട് ഓഫീസ് ഒഴിയണമെന്ന് ആര്‍ ശ്രീലേഖ ആവശ്യപ്പെട്ടതോടെയാണ് വിവാദത്തിന്‍റെ തുടക്കം. കോര്‍പ്പറേഷൻ ആണ് കരാറിന്‍റെ അടിസ്ഥാനത്തിൽ കെട്ടിടം തനിക്ക് വാടകക്ക് തന്നിരിക്കുന്നതെന്നും മാര്‍ച്ച് വരെ കാലാവധിയുണ്ടെന്നും ഒഴിയില്ലെന്നുമുള്ള ഉറച്ച നിലപാടാണ് വി കെ പ്രശാന്ത് എംഎൽഎ സ്വീകരിച്ചത്. ഓഫീസ് ഒഴിയണമെന്ന് അഭ്യര്‍ത്ഥിക്കുക മാത്രമാണ് താൻ ചെയ്തതെന്നും പ്രശാന്ത് സഹോദരനെപ്പോലെ ആണെന്നുമാണ് സംഭവം വിവാദമായതോടെ ആര്‍ ശ്രീലേഖ പ്രതികരിച്ചത്. പ്രശാന്ത് ഓഫീസ് ഒഴിയുന്നതുവരെ ചെറിയ സ്ഥലത്ത് തന്‍റെ ഓഫീസ് തുടരുമെന്നും ശ്രീലേഖ വ്യക്തമാക്കുകയുണ്ടായി. പിന്നാലെയാണ് ഓഫീസ് പരിസരം വൃത്തിയാക്കിയതിന്‍റെ വീഡിയോ ശ്രീലേഖ പങ്കുവച്ചത്.