കാസ്ട്രോ- വിടവാങ്ങിയത് ഇന്ത്യയുടെ അടുത്ത സുഹൃത്ത്

By Web DeskFirst Published Nov 26, 2016, 8:51 AM IST
Highlights

ഇന്ത്യയെ പോലെ ധീരനിലപാടുള്ള ഒരു രാജ്യത്തിന് ഈ പദവി കൈമാറുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്. 1983ൽ ദില്ലിയിൽ ചേരിചേരാ പ്രസ്ഥാനത്തിന്റെ നേതൃത്വം ഇന്ദിരാ ഗാന്ധിയെ ഏല്പിച്ചു കൊണ്ട് ഫിദൽ കാസ്ട്രോ ഇങ്ങനെ പറഞ്ഞു. ഇന്ത്യ തന്നോട് കാട്ടി വാൽസല്യത്തിന് നന്ദി പ്രകടിപ്പിച്ച് ഫിദൽ കാസ്ട്രോ ഇന്ദിരാഗാന്ധിയെ പുണർന്നു. 

ആ ചിത്രം ഇന്ന് ചരിത്രമാണ്. ബാറ്റിസ്റ്റാ ഭരണകൂടത്തിനെതിരെയുള്ള പോരാട്ട കാലത്ത് തന്നെ പിന്തുണയ്ക്കായി ചെഗുവേരയെ ഫിദൽ ഇന്ത്യയിലേക്കയച്ചിരുന്നു. പിന്നീട് ക്യൂബൻ പ്രസിഡന്റായ ഫിദലിനെ ജവഹർലാൽ നെഹ്റു ഐക്യരാഷ്ട്ര സമ്മേളനത്തിനിടെ അദ്ദേഹം താമസിച്ചിരുന്ന ന്യൂയോർക്കിലെ തെരേസ ഹോട്ടലിൽ അങ്ങോട്ടു പോയി കണ്ടു. 34കാരനായ തന്നെ കാണാൻ നെഹ്റു എത്തിയത് പകർന്ന ധൈര്യം ചെറുതായിരുന്നില്ല എന്ന് വ്യക്തമാക്കിയ ഫിദൽ ആ നല്ല ബന്ധം ഇന്ദിരാഗാന്ധിയുമായും തുടർന്നു. 

ഇന്നും ക്യൂബയിലെ പെൺകുട്ടികൾക്ക് ഇന്ദ്ര എന്ന പേരുള്ളത് ആ ബന്ധത്തിന്‍റെ സൂചനയാണ്. ഏതു രാഷ്ട്രീയമുള്ള സർക്കാർ കേന്ദ്രത്തിൽ വരുമ്പോഴും ക്യൂബയ്ക്കെതിരെയുള്ള ഉപരോധത്തിന്റെ കാര്യത്തിൽ ഇന്ത്യയ്ക്ക് വ്യത്യസ്ത നിലപാടില്ലായിരുന്നു. അവസരം കിട്ടിയപ്പോഴൊക്കെ ഇന്ത്യ ക്യൂബൻ ഉപരോധത്തിനെതിരെ വോട്ടു ചെയ്തു. 

ഇന്ത്യയുടെ മഹാനായ സുഹൃത്തിനെ നഷ്ടമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദുഖത്തിന്‍റെ ഈ അന്തരീക്ഷത്തിൽ ഇന്ത്യ ക്യൂബൻ സർക്കാരിനും ജനങ്ങൾക്കുമൊപ്പം നില്ക്കുന്നുവെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. രാഷ്ട്പതി പ്രണബ് മുഖർജിയും കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും ഫിദൽ കാസ്ട്രായുടെ മരണത്തിൽ അനുശോചിച്ചു. 1985ൽ രാജീവ് ഗാന്ധി ക്യൂബ സന്ദശിച്ച് മടങ്ങിയപ്പോൾ അഞ്ചു ലക്ഷം പേരെ വീഥിക്കിരുവശവും നിറുത്തിയാണ് ഫിദൽ കാസ്ട്രോ യാത്രയാക്കിയത്. 

2013ൽ ഉപരാഷ്ട്തി ഹമീദ് അൻസാരി ക്യൂബയിൽ എത്തിയപ്പോൾ അഞ്ചു മാസമായി ആരെ കാണാൻ കൂട്ടാക്കാതിരുന്ന ഫിദൽ അദ്ദേഹത്തിന് സന്ദർശന അനുമതി നല്കി. ഇന്ത്യയോട് ഒരിക്കലും നോ എന്ന് പറയാനാവില്ലെന്നായിരുന്നു കാസ്ട്രോയുടെ ന്യായീകരണം. ഇന്ത്യൻ രാഷ്ട്രീയത്തെ മാത്രമല്ല ഒരു സമയത്തെ യുവ ചിന്തയേയും രാജ്യാന്തര നയത്തെയും ഒക്കെ സ്വാധീനിച്ച വ്യക്തിക്കാണ് ഇന്ന് വിട പറയുന്നത്. 

click me!