പുതുക്കാട് അളഗപ്പനഗര്‍ പഞ്ചായത്തിലെ പാലക്കുന്നില്‍ പ്രചരണ പോസ്റ്റര്‍ പതിക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഘർഷത്തിൽ ഏഴുപേര്‍ക്ക് പരിക്കേറ്റു

തൃശൂര്‍: പുതുക്കാട് അളഗപ്പനഗര്‍ പഞ്ചായത്തിലെ പാലക്കുന്നില്‍ പ്രചരണ പോസ്റ്റര്‍ പതിക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഘർഷത്തിൽ ഏഴുപേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ കേന്ദ്ര സായുധസേന പാലക്കുന്നില്‍ റൂട്ട് മാര്‍ച്ച് നടത്തി. കീനൂര്‍ ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. കോണ്‍ഗ്രസിലെ ഷാജു പുവ്വത്തൂക്കാരന്‍, അഭിജിത്ത് അഭിമന്യു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ആദ്യം പുതുക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. ഷാജുവിന്റെ പരിക്ക് ഗുരുതരമാണ്. സിപിഎമ്മിലെ മിഥുന്‍, വിശാല്‍, വിഷ്ണു, രഞ്ജിത്ത്, സമിന്‍ലാല്‍ എന്നിവര്‍ പുതുക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. ഇതില്‍ മിഥുന് ഗുരുതര പരിക്കുണ്ട്. സംഭവത്തിൽ വരന്തരപ്പിള്ളി പൊലീസ് കേസെടുത്തു. 

തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് ബുക്ക് ചെയ്ത ഇലക്ട്രിക്ക് പോസ്റ്റുകളില്‍ സിപിഎം പ്രചാരണ പോസ്റ്റര്‍ ഒട്ടിച്ചുവെന്നാരോപിച്ചായിരുന്നു തര്‍ക്കം. ഇരു സംഘവും ഇരുമ്പുവടി കൊണ്ട് പരസ്പരം ആക്രമിച്ചുവെന്നാണ് പരാതി. പൊതുസ്ഥലത്ത് പ്രചാരണം നടത്തിയത് ചട്ടവിരുദ്ധമാണെന്നാണ് വരന്തരപ്പിള്ളി പൊലീസ് പറയുന്നത്.സിപിഎമ്മിന്റെ അക്രമരാഷ്ര്ടീയത്തിന് പൊലീസ് ഒത്താശ ചെയ്യുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധ യോഗം ചേര്‍ന്നു. ആമ്പല്ലൂരിലും കഴിഞ്ഞ ദിവസം സിപിഎം കോണ്‍ഗ്രസിന്‍റെ പ്രചാരണ സാമഗ്രികള്‍ നശിപ്പിച്ചെന്നും നേതാക്കള്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് സമാധാനപരമാക്കാന്‍ പൊലീസ് നിഷ്പക്ഷമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.

YouTube video player