റഷ്യക്ക് നാണക്കേട്; മൈതാനം കയ്യടക്കി ആരാധകര്‍

By Web DeskFirst Published Jul 16, 2018, 6:51 AM IST
Highlights
  • ഫൈനലിനിടെ അവര്‍ മൈതാനം കീഴടക്കിയതെന്തിന്?

മോസ്‌കോ: അസാധാരണമായൊരു പ്രതിഷേധത്തിനും ലോകകപ്പ് ഫൈനൽ വേദിയായി. ലുഷ്നിക്കിയില്‍ മത്സരം നടക്കുന്നതിനിടെ നാല് പേര്‍ മൈതാനത്തേക്ക് ഓടിയിറങ്ങിയത് താരങ്ങളെയും കാണികളെയും ഒരു പോലെ അമ്പരപ്പിച്ചു. എന്നാല്‍ ഈ പ്രതിഷേധത്തിന് പിന്നില്‍ വ്യക്തമായ ചില കാരണങ്ങളുണ്ടായിരുന്നു.

കളി തുടങ്ങി പന്ത്രണ്ടാം മിനിട്ടിൽ ലൂക്കോ മോഡ്രിച്ചിന്‍റെ ഉയർന്നു പൊങ്ങിയ പാസ് റാക്കിറ്റിച്ച് കാൽക്കൊണ്ട് വരുതിയിലാക്കിയപ്പോഴേക്കും റഫറിയുടെ വിസിൽ മുഴങ്ങി. കാര്യമെന്തന്നറിയാതെ നിന്ന കളിക്കാര്‍ക്കിടയിലേക്ക് റഷ്യൻ പൊലീസിന്‍റെ യൂണിഫോമിട്ട നാല് പേർ ഓടിയടുത്തു. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരും. നാല് പേരെയും പിടികൂടി പൊക്കിയെടുത്ത് മൈതാനത്തിന് പുറത്തേക്ക് കൊണ്ടു പോയി. ഇത്തിരി നേരത്തെ ആശയക്കുഴപ്പത്തിന് ശേഷം മത്സരം തുടര്‍ന്നു.

തൊട്ടുപിന്നാലെ റഷ്യയിലെ വനിതാ പ്രതിഷേധകൂട്ടായ്മയുടെ ട്വിറ്ററിലും ഫെയ്സ്ബുക്കിലും ഉത്തരവാദിത്വം ഏറ്റെടുത്ത് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. മോസ്കോ ആസ്ഥാനമാക്കി സ്ത്രീകളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾക്കായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മ പ്രസിഡന്‍റ് വ്ലാദിമിർ പുചിന്‍റെ കടുത്ത വിമര്‍ശകരുമാണ്.

Stewards drag off a fan who ran onto the pitch in the middle of play

— Alec Luhn (@ASLuhn)

റഷ്യയിൽ രാഷ്ട്രീയ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെയും, രാജ്യത്ത് നടക്കുന്ന നിയമപരമല്ലാത്ത അറസ്റ്റുകളിൽ പ്രതിഷേധിച്ചുമാണ് മൈതാനം കയ്യേറിയതെന്നാണ് സംഘടനയുടെ നിലപാട്. ഒപ്പം റഷ്യൻ വിമത കവിയായിരുന്ന ദിമിത്രി പ്രിഗോവിനുള്ള ആദരവു കൂടിയാണ് ഈ പ്രതിഷേധമെന്നും അവര്‍സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

മത്സരത്തിനിടെ മൈതാനം കയ്യേറിയവരിൽ മൂന്ന് പേര്‍സ്ത്രീകളും ഒരാൾ പുരുഷനുമായിരുന്നു.ഇവരിലെ പുരുഷ പ്രതിഷേധക്കാരനെ ക്രൊയേഷ്യൻ കളിക്കാരൻ ദെയാൻ ലോറനാണ് പിടികൂടി സുരക്ഷാ ഉദ്യോഗസ്ഥരെ ഏൽപ്പിച്ചത്. എന്നാൽ കൂട്ടത്തിലുണ്ടായിരുന്ന വനിതകളിൽ ഒരാൾ പിടിയിലാകും മുൻപെ ഫ്രഞ്ച് താരം എംബാപ്പെയെ അഭിവാദ്യവും ചെയ്തു. 

click me!