
ഫുട്ബോളിന്‍റെ ആദ്യത്തെ പര്യായപദമാണ് പെലെ. ഒരുപക്ഷേ, ഫുട്ബോൾ എന്നു കേട്ടിട്ടില്ലാത്തവർ പോലും പെലെ എന്ന് കേട്ടിട്ടുണ്ടാകും. മഹാഭാരതം വായിക്കാത്തവർ പോലും അർജുനൻ എന്നും കർണ്ണൻ എന്നും കേട്ടിട്ടുള്ളതുപോലെ. അതെ, പെലെ ഒരു ഇതിഹാസപുരുഷനാണ്. ഇരുപതാം നൂറ്റാണ്ടിന്‍റെ ഫുട്ബോൾ കളിക്കാരായി, ഇരുപത്തിയൊന്നാം നൂറ്റാണ്ടു പിറക്കുന്ന വേളയിൽ, ഫിഫ തെരഞ്ഞെടുത്തത് രണ്ടുപേരെ. പെലെ, മറഡോണ. ഫിഫയുടെ ജൂറിയും ഫിഫ മാസികയും തെരഞ്ഞെടുത്തത് പെലെയെ. ഫിഫ ഇന്‍റർനെറ്റ് വോട്ടിംഗിൽ മറഡോണ. ഇന്‍റർനാഷണൽ ഒളിംപിക് കമ്മിറ്റി ഇരുപതാം നൂറ്റാണ്ടിലെ മികച്ച കളിക്കാരനെ തെരഞ്ഞെടുത്തപ്പോൾ അവർക്കുമുമ്പിൽ ഒരൊറ്റ പേരുമാത്രമേ ഉണ്ടായിരുന്നുള്ളൂ, പെലെ.
പെലയുടെ അച്ഛൻ ഡൊൺഡീഞ്ഞോ പറഞ്ഞത്രേ, സെലെസ്റ്റേയുമായി ചേർന്ന് ഞാൻ ഗംഭീരമായ ഒരു അഥവാ രണ്ട് ഗോൾ അടിച്ചു. ആ ഗോളിന് എഡ്സൺ അരാന്തെ ദു നാസിമെന്‍റോ അഥവാ പെലെ എന്നു പേരിട്ടു. പഴയ ദിനപത്രങ്ങളോ സോക്സോ ചുരുട്ടി പന്തുതട്ടേണ്ടിവന്ന ബാല്യമായിരുന്നു പെലെയുടേത്. ദാരിദ്ര്യം കൊടികുത്താതെ തന്നെ വാണ കുടുംബാന്തരീക്ഷം. ആ ദരിദ്രബാലനാണ് ഫുട്ബോളിന്‍റെ ചക്രവർത്തിയായി മാറിയത് എന്നതിൽ കാവ്യനീതിയുണ്ട്.
1958-ൽ സ്വീഡനിലാണ് പെലെയുടെ ലോകകപ്പ് അരങ്ങേറ്റം. അന്നുവരെയുള്ള ലോകകപ്പ് ചരിത്രത്തിൽ ലോകകപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ. അന്നത്തെ സോവിയറ്റ് യൂണിയനുമായി ആയിരുന്നു പെലെയുടെ ആദ്യ മത്സരം. വാവയുടെ രണ്ടാം ഗോളിന് വഴിയൊരുക്കിക്കൊണ്ട് ഗംഭീരമായ തുടക്കം. വെയിൽസിനെതിരെയുള്ള മത്സരത്തിൽ പെലെയുടെ ആദ്യ ലോകകപ്പ് ഗോൾ. സെമി ഫൈനലിൽ ഫോണ്ടയിനിന്‍റെ ഫ്രാൻസിനെതിരെ ഹാട്രിക്. ഫൈനലിൽ സ്വീഡനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് തളച്ച് ബ്രസീലിന് കിരീടം. സ്വീഡനെതിരെയുള്ള പെലെയുടെ ആദ്യ ഗോൾ ലോകകപ്പ് ഫുട്ബോളിന്‍റെ ചരിത്രത്തിലെ തന്നെ ഒരു വിസ്മയ ഗോളായാണ് കണക്കാക്കപ്പെടുന്നത്.
ചെക്കോസ്ലോവാക്കിയയുമായുള്ള അടുത്ത മത്സരത്തിൽ പെലെയ്ക്കു പരിക്കുപറ്റി. തുടർന്നുള്ള മത്സരങ്ങളിൽ കാണിയായി ഇരിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. പെലെയുടെ അഭാവത്തിൽ ഗാരിഞ്ച തിളങ്ങി. ചെക്കോസ്ലോവാക്കിയയെ തോൽപ്പിച്ച്, ബ്രസീലിന് കിരീടം, തുടർച്ചയായി രണ്ടാം തവണ.
1970 ലോകകപ്പ്. യോഗ്യതാ മത്സരങ്ങൾ തുടങ്ങാനിരിക്കെത്തന്നെ കളിക്കാനില്ലെന്ന് പെലെ ശാഠ്യം പിടിച്ചിരുന്നു. ബ്രസീൽ ഇളകി, ബ്രസീൽ കെഞ്ചി. പെലെ തീരുമാനം മാറ്റി. 1970ലെ ബ്രസീൽ ടീം ലോക ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മഹത്തായ ടീമായി കണക്കാക്കപ്പെടുന്നു. പെലെ, റിവലിനോ, ജെർസിഞ്ഞോ, ഗെർസൻ, കാർലോസ് ആൽബർട്ടോ, ടൊസ്റ്റാവോ... അങ്ങനെ മഹാരഥൻമാർ. അക്ഷരാർത്ഥത്തിൽ പെലെയുടെ ലോകകപ്പായിരുന്നു അത്.
ഇതാ ചെറിയൊരു ഉദാഹരണം. അറുപതുകളുടെ അവസാനത്തിൽ കൊടുമ്പിരിക്കൊണ്ട നൈജീരിയ – ബയാഫ്ര യുദ്ധം നാൽപ്പത്തിയെട്ട് മണിക്കൂർ നേരം വെടിനിർത്തൽ പ്രഖ്യാപിച്ചു. കാരണമെന്തെന്നോ? പെലെ തന്‍റെ സാന്‍റോസ് ടീമുമായി നൈജീരിയയിലെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam