
പുത്തൻ പ്രതീക്ഷകളുമായി ആദ്യ ലോകകപ്പിന് എത്തുന്ന ഐസ്‌ലന്‍റ് ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ നേരിടാനുള്ളത് സ്വപ്നങ്ങൾ തിരിച്ചുപിടിക്കാൻ ഒരുങ്ങുന്ന അർജന്റീനയെയാണ്. കടലാസിൽ അർജന്റീനക്ക് ഒരു എതിരാളികളെയല്ല ഐസ്‌ലന്‍റ്. പക്ഷേ കടലാസിലെ കണക്കുകൾ വച്ച് കുഞ്ഞൻ ഐസ്‌ലന്‍റിനെ നേരിടാൻ ഒരുങ്ങിയാൽ നിരാശയോടെ കളം വിടേണ്ടിവരും അർജന്റീന ഫുട്ബോൾ ടീമിന്. അവരുടെ പോരാട്ടവീര്യത്തിൻറെ ചൂടേറ്റ് പൊള്ളിയ വമ്പന്മാരാണ് ഇംഗ്ലണ്ടും, നെതർലാന്റും, ക്രൊയേഷ്യയും പോർച്ചുഗലും.
തണുത്ത മണ്ണിലെ ചൂടുപിടിച്ച ഫുട്ബോള്‍ ആവേശം
തണുത്തുറച്ച ഐസ്‌ലന്‍റ് ജനതയുടെ ഹൃദയങ്ങളിലേക്ക് ഫുട്ബോളിന്റെ ചൂട് കുടിയേറിയിട്ട് കാലം കുറച്ചായി. ജന്മനാ അനുഭവിച്ച് പോരുന്ന തണുപ്പിൽ നിന്ന് താൽക്കാലികമായി രക്ഷ നേടാൻ എന്നോണം ആവണം ഐസ്‌ലന്‍റ് ജനത ഫുട്ബോളിനെ സ്നേഹിച്ച് തുടങ്ങിയത്. പക്ഷെ പീന്നീട് ഒരിക്കലും ആ തുകൽ പന്തിനെ അവർ കൈവിട്ടില്ല."ദ് ബ്യൂട്ടിഫുൾ ഗെയിം" ഐസ്‌ലന്‍റ് ജനതയുടെ വികാരങ്ങളിൽ അങ്ങനെ അലിഞ്ഞുചേർന്നു. ശരിരം മരവിക്കുന്ന ശീതകാല തണുപ്പിൽ പോലും അവർ കാൽപന്തുകളിയിൽ ആനന്ദം കണ്ടെത്തി. പെയ്‌തിറങ്ങുന്ന മഞ്ഞുതുള്ളികളിൽ നിന്ന് രക്ഷ നേടാൻ എന്നോണം രാജ്യത്ത് പുതിയ ഇൻഡോർ സ്റ്റേഡിയങ്ങൾ പണിതു കൊണ്ട് പ്രതികൂലകാലവസ്ഥയെയും സാഹചര്യങ്ങളെയും അവർ തങ്ങൾക്ക് അനുകൂലമാക്കി. കൊടുംതണുപ്പിലും പൊരുതാനുറച്ച മനസ്സുമായി ഐസ്ലാന്റ് താരങ്ങൾ മൈതാനത്ത് ഇറങ്ങിയപ്പോൾ മുതൽ ഫുട്ബോൾ ലോകത്ത് അവർ വരവറിയിച്ചു തുടങ്ങി.
ജേതാക്കളെ പോലെയുള്ള ഐസ്‌ലന്‍റ് ടീമിന്റെ മടക്കം 2016 യൂറോക്കപ്പിലെ മനോഹര കാഴ്ച്ചകളിൽ ഒന്നായിരുന്നു.
യുറോകപ്പിലെ ഐസ്‌ലന്‍റെ ഉജ്ജ്വല പ്രകടനം കണ്ട് ഫുട്ബോൾ ലോകം ഞെട്ടി. ആദ്യ മത്സരത്തിൽ തന്നെ ക്രിസ്റ്റ്യാനോയുടെ പോർച്ചുഗല്ലിനെ സമനിലയിൽ തളച്ചുകൊണ്ട് തുടക്കം ഗഭീരമാക്കി. രണ്ടാം മത്സരത്തിൽ ഓസ്ട്രിയയോട് വിണ്ടും സമനില. അടുത്ത കളിയിൽ ഹംങ്കറിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മറികടന്ന് ആദ്യ യൂറോക്കപ്പിൽ തന്നെ പ്രീ ക്വാർട്ടറിൽ കടന്നു. പ്രീ ക്വാർട്ടറിൽ പ്രതാപം വീണ്ടെടുക്കാൻ വെമ്പൽകൊള്ളുന്ന ഇംഗ്ലീഷ് പടയെ അട്ടിമറിച്ച് ആദ്യ പ്രധാന ടൂർണമെന്റ് തന്നെ അവിസ്മരണീയമാക്കി. ഒടുവിൽ ആതിഥേയരുടെ കളിയഴകിന് മുന്നിൽ അടിയറവ് പഞ്ഞെങ്കിലും ജേതാക്കളെ പോലെയുള്ള ഐസ്‌ലന്‍റ് ടീമിന്റെ മടക്കം 2016 യൂറോക്കപ്പിലെ മനോഹര കാഴ്ച്ചകളിൽ ഒന്നായിരുന്നു.
ഫുട്ബോൾ ലോകത്ത് ഐസ്‌ലന്‍റ് എന്ന കുഞ്ഞ് രാജ്യം വരവ് അറിയിച്ചുകഴിഞ്ഞു. എതിരാളികൾ അവരെ ഭയന്ന് തുടങ്ങണം. ഉറച്ച പ്രതിരോധവും റഷ്യയിലെ തണുത്ത കാലാവസ്ഥയും എല്ലാം ലോകകപ്പിൽ അവരുടെ കരുത്താണ്. സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള കഴിവ് അവർ റഷ്യയിലും തുടർന്നാൽ അത്ഭുതങ്ങൾ സംഭവിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam