ആട് ആന്റണി പൊലീസ് ഡ്രൈവറെ കുത്തിക്കൊന്ന കേസില്‍ ഇന്ന് ശിക്ഷ വിധിക്കും

By Web DeskFirst Published Jul 27, 2016, 1:15 AM IST
Highlights

കഴിഞ്ഞ മാസം 14ന് തുടങ്ങിയ വിചാരണനടപടികള്‍ ഈമാസം 18നാണ് പൂര്‍ത്തിയായത്. കൊലപാതകം, കൊലപാതക ശ്രമം, ഉദ്യോഗസ്ഥനെ കുത്തി പരിക്കേല്‍പ്പിക്കല്‍, വ്യാജരേഖചമയക്കല്‍ തുടങ്ങി പ്രോസിക്യൂഷന്‍ ഉന്നയിച്ച ആറു കുറ്റങ്ങളില്‍ അഞ്ചും കോടതിയില്‍ തെളിയിക്കപ്പെട്ടു. ആട് ആന്റണിയക്കുള്ള ശിക്ഷ കഴിഞ്ഞ വെള്ളിയാഴ്ച വിധിക്കേണ്ടതായിരുന്നു. അഭിഭാഷകരുടെ പ്രതിഷേധത്തെതുടര്‍ന്നാണ് മാറ്റിവച്ചത്. ശിക്ഷ വിധിയ്‌ക്കുന്നതിന് മുമ്പ് പ്രതിയക്ക് പറയാനുള്ളത് കോടതി കേള്‍ക്കും. കൊല്ലപ്പെട്ട മണിയന്‍പിള്ളയുടെ കുടുംബത്തിനുള്ള നഷ്‌ടപരിഹാരം സംബന്ധിച്ചും കോടതി വാദം കേള്‍ക്കും. 

കുറ്റക്കാരനാണന്ന് കണ്ടെത്തിയ ആട് ആന്റണിയ്‌ക്ക് പരാമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്  കേസിലെ പ്രധാന ദൃസാക്ഷി പാരിപ്പള്ളി സ്റ്റേഷനിലെ മുന്‍ എഎസ്ഐ ജോയി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാരിപ്പള്ളി സ്റ്റേഷനിലെ പഴയ സഹപ്രവര്‍ത്തകരും ആട് ആന്റണിക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. 2012 ജൂണ്‍ 26നാണ് മണിയന്‍പിള്ളയെ ആട് ആന്റണി കുത്തിക്കൊലപ്പെടുത്തിയത്. മൂന്നര വര്‍ഷം കഴിഞ്ഞ് പാലക്കാട് വച്ച് പിടിയിലായി. ആട് ആന്റണിയുടെ പേരിലുള്ള മറ്റ് കേസുകളുടെ വിചാരണയും ഉടന്‍ ആരംഭിക്കും.

click me!