സംസ്ഥാന ബജറ്റിന്‍റെ മുഖചിത്രത്തെപ്പറ്റി ധനമന്ത്രിക്ക് പറയാനുള്ളത്

By Web TeamFirst Published Jan 31, 2019, 5:45 PM IST
Highlights

ബജറ്റ് പ്രസംഗത്തിന്‍റെ കവർ എന്തായിരിക്കണം എന്ന അന്വേഷണം അവസാനിച്ചത് പി എസ് ജലജ വരച്ച അയ്യങ്കാളി, പഞ്ചമി ചിത്രത്തിലാണെന്ന് തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പി എസ് ജലജയുടെ ചിത്രം കണ്ടപ്പോൾ മറ്റൊന്നും ആലോചിച്ചില്ല. 

തിരുവനന്തപുരം: നവോത്ഥാനത്തിന്‍റയും സ്ത്രീപക്ഷ നിലപാടിന്‍റേയും സന്ദേശം നൽകാനാണ് അയ്യങ്കാളിയുടെയും പഞ്ചമിയുടേയും ചിത്രം ബജറ്റ് പ്രസംഗത്തിന്‍റെ മുഖചിത്രമാക്കിയതെന്ന് ധനമന്ത്രി തോമസ് ഐസക്. സ്ത്രീകൾ വരച്ച ചിത്രങ്ങളാകണം ബജറ്റ് രേഖകൾക്കു നൽകുന്ന കവർ ചിത്രങ്ങളായി നൽകേണ്ടത് എന്നും തീരുമാനിച്ചിരുന്നു.

ബജറ്റ് പ്രസംഗത്തിന്‍റെ കവർ എന്തായിരിക്കണം എന്ന അന്വേഷണം അവസാനിച്ചത് പി എസ് ജലജ വരച്ച അയ്യങ്കാളി, പഞ്ചമി ചിത്രത്തിലാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പി എസ് ജലജയുടെ ചിത്രം കണ്ടപ്പോൾ മറ്റൊന്നും ആലോചിച്ചില്ല. നമ്മുടെ നവോത്ഥാനനായകരിൽ പ്രമുഖ സ്ഥാനം അയ്യങ്കാളിക്കുണ്ടെന്നും ധനമന്ത്രി എഴുതി. കവ‍ർ ഡിസൈൻ ചെയ്ത ഗോഡ്ഫ്രെ ദാസിനും ധനമന്ത്രി അഭിനന്ദനം അറിയിച്ചു.

ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ ജനപ്രിയ പുസ്തകങ്ങളായ എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട്, മനുഷ്യശരീരം, ശാസ്ത്രചരിത്രം നൂറ്റാണ്ടുകളിലൂടെ തുടങ്ങിയ പുസ്തകങ്ങളുടെ ആർട്ട് എഡിറ്ററാണ് ഗോഡ്ഫ്രേ ദാസ്. കൊച്ചിയിൽ നടന്ന 'ആർപ്പോ ആർത്തവം' പരിപാടിയുടെ പോസ്റ്ററിന് വേണ്ടി പി എസ് ജലജ വരച്ച അയ്യങ്കാളി, പഞ്ചമി ചിത്രമാണ് ബജറ്റിന്‍റെ മുഖചിത്രമായി ധനമന്ത്രി തെരഞ്ഞെടുത്തത്.

 

click me!