കൊച്ചിയിലെ തീപിടിത്തം; ഫാൽക്കൺ കമ്പനിയുടേത് ഗുരുതര സുരക്ഷാവീഴ്ച; അന്വേഷണം ആരംഭിച്ചു

By Web TeamFirst Published Feb 21, 2019, 11:25 AM IST
Highlights

2006ലാണ് കമ്പനി ഫയർ ആൻഡ് സേഫ്റ്റി ലൈസൻസ് നേടിയത്. പിന്നീട് ഒരിക്കൽപ്പോലും അത് പുതുക്കുകയും ചെയ്തിട്ടില്ല


കൊച്ചി: കൊച്ചിയിൽ ചെരുപ്പ് മൊത്തവിതരണ കേന്ദ്രത്തിലെ തീപിടിത്തത്തിൽ ഫാൽക്കൺ കമ്പനിയുടെ ഭാഗത്ത് നിന്ന്  ഗുരുതരമായ സുരക്ഷാവീഴ്ച. 2006ലാണ് കമ്പനി ഫയർ ആൻഡ് സേഫ്റ്റി ലൈസൻസ് നേടിയത്. പിന്നീട് ഒരിക്കൽപ്പോലും അത് പുതുക്കുകയും ചെയ്തിട്ടില്ല. 

കമ്പനിയിലെ അഗ്നിശമന സംവിധാനം പ്രവർത്തനരഹിതമാണെന്ന് സൂചന കിട്ടിയ സാഹചര്യത്തിൽ ഫയർ ആൻഡ് സേഫ്റ്റി വിഭാഗം അന്വേഷണം തുടങ്ങി. ഫാൽക്കൺ ഏജൻസിക്കെതിരെ നടപടി ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു. എറണാകുളം കോട്ടയം റീജിയണേൽ ഫയർ ഓഫിസർമാരുടെ നേതൃത്വത്തിൽ സുരക്ഷാവീഴ്ച അന്വേഷിക്കും.

കമ്പനി മാനേജർമാരായ ഫിലിപ്പ് ചാക്കോ, ജോൺ എന്നിവരിൽ നിന്ന് പൊലീസ് മൊഴി എടുത്തിരുന്നു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ലെന്നാണ് ഇരുവരും നൽകിയിരിക്കുന്ന മൊഴി.തീപിടിത്തത്തിൽ കെട്ടിടത്തിന് ബലക്ഷയം ഉണ്ടായ സാഹചര്യത്തിൽ സമീപത്തെ കെട്ടിടങ്ങളിൽ ഉള്ളവരോട് മാറി താമസിക്കാൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്. നിർമാണ നിയമങ്ങള്‍ ലംഘിച്ചാണ് ഗോഡൗൺ പണിതത് എന്ന് നഗരസഭാ മേയർ ആരോപിച്ചിരുന്നു.

click me!