പ്രഥമ ടിഎന്‍ജി പുരസ്‌ക്കാരം എം ആര്‍ രാജഗോപാലിന്

By Web DeskFirst Published Jan 24, 2017, 7:19 PM IST
Highlights

ഡോ. എം വി പിള്ള, ഡോ.ബി ഇക്ബാല്‍, ജേക്കബ് പുന്നൂസ്, ഡോ. പി എം വാര്യര്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തീരുമാനിച്ചത്. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങിയ പുരസ്‌കാരം ഈമാസം 30ന് തിരുവനന്തപുരത്ത് ടിഎന്‍ജി അനുസ്മരണ ചടങ്ങില്‍ സമ്മാനിക്കും.

ആതുര സേവന രംഗത്തെ പുരസ്‌കാരത്തിനായി വ്യക്തികളും സംഘടനകളുമടക്കം 1217 നിര്‍ദ്ദേശങ്ങളാണ് അവാര്‍ഡ് കമ്മിറ്റിക്ക് മുന്നിലെത്തിയത്. നാലു ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ നിന്ന് ആദ്യഘട്ടം 50 നിര്‍ദ്ദേശങ്ങളും രണ്ടാം ഘട്ടം 20 നിര്‍ദ്ദേശങ്ങളും തെരഞ്ഞെടുക്കപ്പെട്ടു. 20 ല്‍ നിന്ന് 13 ലേക്കും അന്തിമ പരിഗണനയ്ക്കായി 13ല്‍ നിന്ന് അഞ്ചിലേക്കും കമ്മിറ്റി എത്തി.

ഡോ. എംആര്‍.രാജഗോപാല്‍ (പാലിയം ഇന്ത്യ), ഡോ. ഭാനുമതി (ഫൗണ്ടര്‍ ഓഫ് അസോസിയേഷന്‍ ഫോര്‍ മെന്റലി ഹാന്‍ഡികാപ്ഡ്, തൃശൂര്‍), ഫാദര്‍ ഡേവിഡ് ചിറമ്മല്‍ (കിഡ്‌നി ഫൗണ്ടേഷന്‍, തൃശൂര്‍), ബാബു പാറാല്‍ (ജീവകാരുണ്യപ്രവര്‍ത്തകന്‍, തലശ്ശേരി), എം റ്റി മനോജ് (കായംകുളത്ത് ഓട്ടോറിക്ഷാ തൊഴിലാളികളെ സംഘടിപ്പിച്ച് ജീവകാരുണ്യ പ്രവര്‍ത്തനം) എന്നിവരില്‍ നിന്നാണ് പുരസ്‌കാര ജേതാവിനെ കണ്ടെത്തിയത്.
    
ജീവിതത്തില്‍ ആശയറ്റ് പലതരം ശാരീരിക വേദനകള്‍ അനുഭവിക്കുന്ന കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമാകുകയും അവരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ 23 വര്‍ഷമായി ഡോ. എം ആര്‍ രാജഗോപാല്‍ ചെയ്തുവരികയാണ്. ദേശീയ-അന്തര്‍ദേശീയ പ്രശസ്തിക്കൊപ്പം ലോകാരോഗ്യ സംഘടന അടക്കം പാലിയം ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ കാലയളവില്‍ അംഗീകരിച്ചിട്ടുണ്ട്. ലോകമെമ്പാടും സാന്ത്വന ചികിത്സക്കുള്ള പ്രാധാന്യം പുനര്‍നിര്‍വ്വചിച്ചു തുടങ്ങിയ ഈ കാലഘട്ടത്തില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ കേരളത്തില്‍ തഴച്ചു വളര്‍ന്ന 17 വര്‍ഷങ്ങള്‍ നമുക്ക് അഭിമാനം പകരുന്നതാണെന്ന് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി. ലോകമെങ്ങുമുള്ള പ്രസിദ്ധ ജേര്‍ണലുകളെല്ലാം പാലിയം ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും ഇത്തരം സാന്ത്വന ചികിത്സാ പ്രസ്ഥാനങ്ങള്‍ തുടങ്ങാനുള്ള മാതൃകയായതും പാലിയം ഇന്ത്യയും ഡോ. എം ആര്‍ രാജഗോപാലുമാണെന്നും ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി.

ജനുവരി 30 വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ടാഗോര്‍ ഹാളിലാണ് പുരസ്‌കാര സമര്‍പ്പണ ചടങ്ങ്. പ്രസ് കൗണ്‍സില്‍ ഒഫ് ഇന്ത്യ മുന്‍ വൈസ് ചെയര്‍മാനും സുപ്രിം കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് മാര്‍ക്കണ്‌ഠേയ കട്ജു പുരസ്‌കാരം സമ്മാനിക്കും. ദി ഹിന്ദു എഡിറ്റോറിയല്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍ റാം മുഖ്യ പ്രഭാഷണം നടത്തും. ഡോ.എം.വി.പിള്ള പുരസ്‌കാര ജേതാവിനെ സദസ്സിന് പരിചയപ്പെടുത്തും. ടി.എന്‍.ജി. ഓര്‍മ്മപ്പുസ്തകം സക്കറിയ പ്രകാശനം ചെയ്യും. ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് ആശംസാ പ്രഭാഷണം നടത്തും. ടിഎന്‍ജിയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും ഉണ്ടായിരിക്കുന്നതാണ്.

click me!