ചെറുമീനുകള്‍ കേരളതീരത്ത് നിന്നും അപ്രത്യക്ഷമാകുന്നു

By Vipin PanappuzhaFirst Published Oct 16, 2016, 1:21 PM IST
Highlights

കേന്ദ്രസമുദ്രമത്സ്യഗവേഷണ കേന്ദ്രത്തിന്‍റെ കണക്ക് പ്രകാരം മലയാളികളുടെ പ്രിയപ്പെട്ട മത്സ്യമായ മത്തി ഇനി അധികനാൾ ഇവിടെയുണ്ടാകില്ല. കഴിഞ്ഞ നാല് വർഷത്തിനിടെ ഉത്പാദനത്തിലെ കുറവ് രണ്ട് ലക്ഷം ടൺ. മത്തിയും കിളിമീനുമുൾപ്പെടെ പതിനാലിനം ചെറുമീനുകൾ അധികം താമസിയാതെ കേരളതീരത്തോട് വിടപറയുമെന്നാണ് പഠനങ്ങൾ.

കാലാവസ്ഥാ വ്യതിയാനത്തിനും കടലിലെ ജൈവാംശത്തിന്‍റെ കുറവിനുമപ്പുറം ഇതിന് കാരണങ്ങളുണ്ടോ എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം അന്വേഷിച്ചത്. മംഗലാപുരത്തെ ബന്തർ മത്സ്യബന്ധന തുറമുഖത്താണ് അന്വേഷണം എത്തിയത്, ഇവിടുത്തെ വലിയ ട്രോളറുകൾ വലവീശുന്നത് അധികവും കേരളതീരത്താണ്. ഇവയുടെ ചെറിയ കണ്ണിയുളള വലകൾ വാരിയെടുക്കുന്നത് പൊടിമീനുകളെ.

നിരോധനം പേരിന് മാത്രം.അന്യസംസ്ഥാന ബോട്ടുകൾ കേരള തീരത്തുനിന്ന് തിരിച്ചെത്തുന്നത് പൊടിമീൻ നിറച്ചാണ്. 
പ്രതിമാസം 1200 ടൺ പൊടിമീൻ മംഗലാപുരത്തെ ഒരു തുറമുഖത്ത് മാത്രമെത്തുന്നു.തമിഴ്നാട്ടിലെ കുളച്ചൽ ഉൾപ്പെടെയുളള തുറമുഖങ്ങളിൽ നിന്നടക്കം ബോട്ടുകൾ നമ്മുടെ ആഴക്കടലിൽ നടത്തുന്ന കൊളള വേറെ.ഭക്ഷിക്കാൻ വേണ്ടി പിടിക്കുന്നതിനേക്കാളധികം  ചെറുമീനുകൾ ഇങ്ങനെ അന്യസംസ്ഥാനങ്ങളിലെ വളം ഫാക്ടറികളിലേക്ക് എത്തുന്നു.

മത്സ്യസമ്പത്ത് കുറയുന്നത് കണ്ട് 2015 ആഗസ്തിൽ ചെറുമീനുകളെ പിടിക്കുന്നതിന് കേരളം ഏർപ്പെടുത്തിയ നിരോധനം പരസ്യമായി ലംഘിക്കപ്പെടുകയാണിവിടെ. നിരോധിച്ച പെലാജിക് വലകളുമായാണ് കേരള തീരത്ത് അന്യസംസ്ഥാന ബോട്ടുകളുടെ കൊളളയെന്ന് വ്യക്തം.

തീരത്ത് വറുതി ഒഴിവാക്കാൻ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പിടിക്കാതെ വിടുന്ന കുഞ്ഞുമീനുകൾ കോഴിത്തീറ്റയും കാലിത്തീറ്റയുമൊക്കയായി യഥേഷ്ടം മാറുന്നുവെന്ന യാഥാർത്ഥ്യവും.

കേരളം മാത്രം വിചാരിച്ചാൽ കാത്തുസൂക്ഷിക്കാൻ കഴിയുന്നതല്ല നമ്മുടെ കടൽ സമ്പത്ത്.ചെറുമീനുകളെയൂറ്റുന്ന മത്സ്യബന്ധനം തടയാൻ നടപടി വേണ്ടത് കേന്ദ്രത്തിൽ നിന്നാണ്.നിയമം ഉണ്ടാക്കിയാൽ മാത്രം പോര അത് കടലാസിലൊതുങ്ങുന്നില്ലെന്ന ഉറപ്പും വേണം

click me!