
മുംബൈ: 30 കിലോ വരുന്ന ഘോല്‍ മത്സ്യത്തെ പിടിച്ച് വിറ്റ് ഒറ്റരാത്രി കൊണ്ട് ലക്ഷധിപതികളായി മുംബൈയിലെ മുക്കുവന്മാരായ മെഹര്‍ സഹോദരന്മാര്‍. മഹേഷ് ഭരത് എന്നീ സഹോദരന്മാര്‍ക്കാണ് നിങ്കളാഴ്ച ഔഷധ മൂല്യമുള്ള ഘോല്‍ മത്സ്യത്തെ വലയില്‍ കിട്ടിയത്. വളരെ അപൂര്‍വമായേ ഈ മത്സ്യം വലയില്‍ ലഭിക്കാറുള്ളു. മീനുമായി തിരിച്ചെത്തിയപ്പോള്‍ ഇവരെ ലക്ഷങ്ങളുമായാണ് വ്യാപാരികള്‍ കാത്തുനിന്നത്. ലേലത്തില്‍ അഞ്ചര ലക്ഷം രൂപയാണ് ഇവര്‍ക്ക് ലഭിച്ചത്.
1000 രൂപ മുതലാണ് കിലോയ്ക്ക് ഘോല്‍ മത്സ്യത്തിന്റെ വില. സിംഗപ്പൂര്‍, മലേഷ്യ, ഇന്തൊനേഷ്യ, ഹോങ്കോങ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിരവധി ആവശ്യക്കാര്‍ ഉള്ളതിനാല്‍ തന്നെ കയറ്റുമതിക്കാണ് ഘോല്‍ മത്സ്യം കൂടുതലായി ഉപയോഗിക്കുന്നത്. കൊളാജെന്‍ എന്ന അതിവിശിഷ്ടമായ മാംസ്യം വളരെ കൂടുതല്‍ അളവില്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.
ഔഷധങ്ങള്‍, ഭക്ഷണ പദാര്‍ത്ഥങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് കൊളാജന്‍ ഉപയോഗിക്കുന്നു. അതുകൊണ്ടു തന്നെ ആഗോള തലത്തില്‍ ഘോല്‍ മത്സ്യത്തിന് ആവശ്യക്കാരും ഏറെയാണ്. ഈ മത്സ്യത്തിന്‍റെ ഹൃദയത്തെ സമുദ്രത്തിലെ സ്വര്‍ണം എന്നാണത്രെ അറിയപ്പെടുന്നത്. സഹോദരങ്ങള്‍ക്ക് ഘോല്‍ മത്സ്യം ലഭിച്ചെന്ന വാര്‍ത്ത പരന്നതോടെ തീരത്ത് വ്യാപാരികള്‍ കാത്തുനില്‍ക്കുകയായിരുന്നു.
ഇരുപത് മിനിട്ട് മാത്രം നീണ്ടു നിന്ന ലേലം വിളിയില്‍ പ്രമുഖ മത്സ്യ കയറ്റുമതിക്കാരിലൊരാളാണ് മീന്‍ വാങ്ങിയത്. എന്തായാലും ഘോല്‍ മത്സ്യം കൊണ്ടു വന്ന ഭാഗ്യത്തിന് കടലമ്മയ്ക്ക് നന്ദി പറയുകയാണ് മഹേഷ് മെഹറും ഭരത് മെഹറും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam