ദുരിതക്കയത്തില്‍നിന്ന് അവര്‍ തിരിച്ചെത്തി; ഒടുവില്‍ കെഎസ്ആര്‍ടിസി ബസ്സില്‍ നാട്ടിലേക്ക്

By Web deskFirst Published Dec 2, 2017, 10:48 PM IST
Highlights

തൃശ്ശൂര്‍: എന്നത്തെയും പോലെ അന്നും മീന്‍പിടിയ്ക്കാന്‍ വലയുമായി ബോട്ടില്‍ കയറുമ്പോള്‍ തൃശ്ശൂരിലെ ചേറ്റുവ ഹാര്‍ബറിനെ കുറിച്ച് ആ തൊഴിലാളികള്‍ ആലോചിച്ചു കാണില്ല. എന്നാല്‍ ഓഖിയില്‍ ആടി ഉലഞ്ഞ് അവര്‍ എത്തിപ്പെട്ടിടം ചേറ്റുവയായിരുന്നു. കാണാതായ 100 ലേറെ പേരില്‍ 72 പേര്‍ അങ്ങിനെ തീരത്തെത്തി. 

ഇതില്‍ പല ജില്ലയില്‍നിന്നുള്ളവരുണ്ട്. ചിലര്‍ പ്രത്യേകം തയ്യാറാക്കിയ കെഎസ്ആര്‍ടിസിയില്‍ നാട്ടിലേക്ക് തിരിച്ചു. 30 പേര്‍ കുളച്ചലിലേക്കും ഒരാള്‍ കൊല്ലത്തേക്കും യാത്ര തിരിച്ചു, കഴിഞ്ഞ 2 ദിവസമായി അവരെ ഓര്‍ത്ത് വറ്റാത്ത കണ്ണുമായി കാത്തിരിക്കുന്ന കുടുംബത്തോടൊപ്പമെത്താന്‍. മറ്റു ചിലര്‍ കടല്‍ ശാന്തമാകാന്‍ കാത്തിരിക്കുകയാണ്, തങ്ങളുടെ ബോട്ടില്‍തന്നെ മടങ്ങാന്‍. കടല്‍ ശാന്തമായതിന് ശേഷം മടങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടം ഭക്ഷണമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 
  
കേരളത്തെ ചുറ്റിച്ച ഓഖി തൃശ്ശൂരില്‍ കൊടുങ്ങല്ലൂര്‍ താലൂക്കില്‍ 262 വീടുകളേയും ചാവക്കാട് താലൂക്കില്‍ 108 വീടുകളെയും ഉള്‍പ്പെടെ 370 വീടുകളെയാണ് സാരമായി ബാധിച്ചത്. കൊടുങ്ങല്ലൂര്‍ താലൂക്കില്‍ അന്‍പതും ചാവക്കാട് താലൂക്കില്‍ 12 വീടുകളും ഭാഗീകമായി തകര്‍ന്നു. രണ്ടു താലൂക്കുകളിലുമായി 8 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.

കൊടുങ്ങല്ലൂര്‍ താലൂക്കില്‍ 86 കുടുംബങ്ങളും ചാവക്കാട് താലൂക്കില്‍ ഒന്‍പതു കുടുംബങ്ങളും ഉള്‍പ്പെടെ 95 കുടുംബങ്ങളാണ് ഓഖിയെ ഭയന്ന് വീടിവിട്ട് മറ്റിടങ്ങളില്‍ അഭയം തേടിയത്. കൊടുങ്ങല്ലൂര്‍ താലൂക്കില്‍ എറിയാട് എഎംയു പി സ്‌കൂളിലാണ് ഇവര്‍ കഴിയുന്നത്. 174 മുതിര്‍ന്നവരും 38 കുട്ടികളും ഉള്‍പ്പെടെ 212 പേര്‍ ഇവിടെയുണ്ട്. ചാവക്കാട് താലൂക്ക് തളിക്കുളം സുനാമി കോളനിയില്‍ മൂന്നു കുടുംബങ്ങളിലായി 11 പേരുണ്ട്. കോട്ടപ്പുറം ഫിഷറീസ് സ്‌കൂളില്‍ ആറു കുടുംബങ്ങളിലായി 20 പേരുണ്ട്. ഈ രണ്ടിടങ്ങളിലായി അഞ്ചു കുട്ടികളുമുണ്ട്. 

കടലാക്രമണം ചെറുക്കാനാകാത്ത വിധം തകര്‍ന്ന കടല്‍ഭിത്തികളില്‍ അറ്റകുറ്റപ്പണി നടത്തുകയും ആവശ്യമായ ഭാഗങ്ങളില്‍ കടല്‍ഭിത്തി കെട്ടുകയും ചെയ്യണമെന്ന് വ്യവസായ വകുപ്പു മന്ത്രി എ സി മൊയ്തീന്‍ നിര്‍ദ്ദേശിച്ചു. കൊടുങ്ങല്ലൂര്‍ താലൂക്ക് ഓഫീസില്‍ നടന്ന എംഎല്‍എമാരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

കടലാക്രമണമുണ്ടായ ഇടങ്ങളില്‍ മണല്‍ചാക്കുകള്‍ ഇടും. വഞ്ചിയും വലയും നഷ്ടമായവര്‍ക്ക് അവ വാങ്ങി നല്‍കും. വാസയോഗ്യമല്ലാതായ വീടുകള്‍ വാസയോഗ്യമാക്കും. വൈദ്യുതി നഷ്ടമായ വീടുകള്‍ക്ക് താല്ക്കാലിക കണക്ഷന്‍ അടിയന്തിരമായി നല്‍കുമെന്നും മന്ത്രി അറിയിച്ചു. അഴീക്കോട്, പടിഞ്ഞാറെ വെമ്പല്ലൂര്‍, പൊക്കാഞ്ചേരി തുടങ്ങിയ കടലാക്രമണമുണ്ടായ സ്ഥലങ്ങള്‍ വ്യവസായ മന്ത്രി സന്ദര്‍ശിച്ചു. ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങര, മുനക്കക്കടവ് വെളിച്ചെണ്ണപ്പടി എന്നിവിടങ്ങളില്‍ കൃഷിവകുപ്പു മന്ത്രി അഡ്വ.വി എസ് സുനില്‍കുമാറും വ്യവസായമന്ത്രിയ്ക്ക് ഒപ്പമുണ്ടായിരുന്നു. ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് കൃഷി വകുപ്പു മന്ത്രി പറഞ്ഞു.

എംഎല്‍എമാരായ കെ വി അബ്ദുള്‍ ഖാദര്‍, ഇ ടി ടൈസണ്‍ മാസ്റ്റര്‍, പ്രൊഫ.കെ യു അരുണന്‍, വി ആര്‍ സുനില്‍കുമാര്‍, തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികള്‍, ജില്ലാകളക്റ്റര്‍ ഇന്‍ ചാര്‍ജ് സി വി സജന്‍, സബ് കളക്റ്റര്‍ ഡോ.രേണു രാജ്, ഡെ. കളക്റ്റര്‍മാരായ സി ലതിക, ഡോ.റെജില്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പു തലവന്‍മാര്‍ എന്നിവര്‍ മന്ത്രിമാര്‍ക്കൊപ്പം കടല്‍ക്ഷോഭ മേഖലകള്‍ സന്ദര്‍ശിച്ചു.

click me!