
തിരുവനന്തപുരം: സർക്കാർ പാരിതോഷികമായി നൽകാമെന്ന് പറഞ്ഞ തുക പ്രളയബാധിത മേഖലകളിൽ തന്നെ ഉപയോഗിക്കുന്നതാണ് സന്തോഷമെന്ന് മത്സ്യത്തൊഴിലാളികൾ. ചെയ്തത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അവർ കൂട്ടിച്ചേർക്കുന്നു. ''ഒരു സംഘടനയും പറഞ്ഞിട്ടല്ല ഞങ്ങളുടെ സഹോദരങ്ങൾ വള്ളവുമെടുത്ത് പ്രളയ ബാധിത മേഖലകളിൽ ഓടിയെത്തിയത്. അത് ഞങ്ങളുടെ ഉത്തരവാദിത്വമാണെന്ന് തന്നെയാണ് കരുതുന്നത്. ഞങ്ങളെ അഭിനന്ദിച്ചതിൽ ഒരുപാട് സന്തോഷം തോന്നിയിരുന്നു. പക്ഷേ ഞങ്ങൾക്ക് നൽകാമെന്ന് പറഞ്ഞ മൂവായിരം രൂപ വേദനിപ്പിച്ചു. ആരും പറഞ്ഞിട്ടല്ല ഞങ്ങളവരെ രക്ഷിക്കാൻ ഓടിച്ചെന്നത്. ഓരോരുത്തരും ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. ഞങ്ങളുടെ കൂടപ്പിറപ്പുകളെ രക്ഷിക്കേണ്ടത് ഞങ്ങളുടെ കൂടി ഉത്തരവാദിത്വമല്ലേ? അതിന് ഞങ്ങൾ പൈസ വാങ്ങുന്നത് ശരിയാണോ? വളളങ്ങൾ കേടുപാടുകൾ തീർത്തു തരുമെന്ന് പറഞ്ഞതിനെ അംഗീകരിക്കുന്നു. പക്ഷേ പാരിതോഷികം വേണ്ട.''- മാഗ്ലിൻ പീറ്റർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
''സർക്കാരിന്റെ എല്ലാ കരുതലുകൾക്കും നന്ദി. മത്സ്യത്തൊഴിലാളികളേക്കാൾ ഏറെ കഷ്ടത്തിലാണ് പ്രളയബാധിതർ. മത്സ്യത്തൊഴിലാളികൾക്ക് പാരിതോഷികമായി നൽകാമെന്ന് സർക്കാർ പറഞ്ഞ മൂവായിരം രൂപ പ്രളയബാധിത മേഖലയിലെ ജനങ്ങളുടെ പുനർനിർമ്മിതിക്കായി ഉപയോഗിക്കുന്നതാണ് ഞങ്ങൾക്ക് ഏറം സന്തോഷം.'' ഇതായിരുന്നു മാഗ്ലിൻ പീറ്ററിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വ്യക്തിപരമായി ഇട്ട പോസ്റ്റാണെങ്കിലും നിരവധി പേരാണ് തനിക്ക് പിന്തുണയുമായി എത്തിയതെന്ന് മാഗ്ലീൻ സന്തോഷത്തോടെ വെളിപ്പെടുത്തുന്നു.
''ഞങ്ങൾക്ക് പാരിതോഷികം തരുന്നതിന് പകരം ട്രോളിംഗ് നിരോധനം വരുമ്പോൾ ഞങ്ങളെ സഹായിക്കാൻ സർക്കാരിന് സാധിക്കുമെങ്കിൽ അത് വളരെ ഉപകാരമായിരിക്കും. അതുപോലെ കടലിൽ പോകാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ഞങ്ങൾക്ക് കൃത്യമായി അറിയിപ്പ് തരാൻ കഴിയുമോ? എത്രയോ ജീവനുകളാണ് നിരോധനം ഉള്ളപ്പോൾ കടലിൽ പോയി ഇല്ലാതാകുന്നത്? ആ സമയത്തൊക്കെ ഞങ്ങളെ സഹായിക്കാൻ സർക്കാരിന് സാധിച്ചാൽ നന്നായിരുന്നു.'' മാഗ്ലിൻ ഏഷ്യാനെറ്റ് ഓൺലൈനിനോട് വെളിപ്പെടുത്തി.
മത്സ്യത്തൊഴിലാളികളാണ് ഈ രക്ഷാപ്രവർത്തന ദൗത്യത്തിലെ ഹീറോസ് എന്ന മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അഭിനന്ദനം അറിയിച്ചിരുന്നു. ''പട്ടാളം മാത്രം വിചാരിച്ചാൽ നമ്മുടെ ആൾക്കാരുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നില്ല എന്ന കാര്യം ഇപ്പോഴെങ്കിലും മനസ്സിലാക്കാൻ സാധിക്കണം. പ്രധാനമന്ത്രി വന്ന ഹെലികോപ്റ്റർ പോലും അന്തരീക്ഷം മോശമായത് കൊണ്ട് നിലത്തിറങ്ങാൽ സാധിച്ചില്ല. അതുപോലെ ഭക്ഷണം വിതരണ ചെയ്യാൻ ഹെലികോപ്റ്ററിൽ വന്നവർക്ക് കഴിഞ്ഞില്ല. ഇവടെയെല്ലാം ജീവനും മരണവും മുന്നിൽ കണ്ട് ഓടിയെത്തിയവരാണ് മത്സ്യത്തൊഴിലാളികൾ. അവർ അഭിനന്ദനമർഹിക്കുന്നു.'' മന്ത്രി കടകംപള്ളിയുടെ വാക്കുകൾ. തിരുവനന്തപുരം വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കടകംപള്ളി സുരേന്ദ്രൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam