ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വെച്ചുള്ള കട്ടൗട്ടുകളോ ഫ്ലക്സുകളോ വയ്ക്കരുത്

By Web DeskFirst Published Oct 25, 2017, 6:48 AM IST
Highlights

ചെന്നൈ: തമിഴ്നാട്ടിൽ ഇനി ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വെച്ചുള്ള കട്ടൗട്ടുകളോ ഫ്ലക്സ്ബോർഡുകളോ വെക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. സ്വന്തം വീട്ടിലേയ്ക്ക് കടക്കുന്ന വഴിയിൽ വെച്ച കട്ടൗട്ടിനെതിരെ ഒരു വീട്ടമ്മ നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി വിധി.  കട്ടൗട്ടുകളുടെയും പോസ്റ്ററുകളുടെയും ജാതിയുടെയും രാഷ്ട്രീയം. 

എഴുത്തുകാരി വാസന്തിയുടെ തമിഴ് രാഷ്ട്രീയത്തെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പേരാണിത്. സിനിമാ റിലീസിന് ആരാധകർക്ക് പാലഭിഷേകം നടത്തുന്നതും രാഷ്ട്രീയസമ്മേളനങ്ങൾക്ക് നൂറുകണക്കിന് കിലോമീറ്റർ വൻ ഫ്ലക്സുകൾ വെയ്ക്കുന്നതും തമിഴ്നാടിന്‍റെ ആരാധനയുടെ ഭാഗമാണ്. കല്യാണത്തിലും പാലുകാച്ചലിനും കുഞ്ഞിന്‍റെ ഒന്നാം പിറന്നാളിനും വരെ പ്രിയപ്പെട്ട താരത്തിന്‍റെയോ രാഷ്ട്രീയനേതാവിന്‍റെയോ പടത്തിനൊപ്പം സ്വന്തം ചിത്രവും അടിച്ച് തമിഴ്നാട്ടുകാർ ഫ്ലക്സിറക്കും. തമിഴ്നാടിന്‍റെ ഈ കട്ടൗട്ട് സംസ്കാരത്തിനാണ് മദ്രാസ് ഹൈക്കോടതി കട്ട് പറഞ്ഞിരിക്കുന്നത്. 

ജീവിച്ചിരിയ്ക്കുന്ന വ്യക്തികളുടെ കട്ടൗട്ടോ ഫ്ലക്സോ പോസ്റ്ററോ ഇനി വഴിവക്കിൽ വെയ്ക്കരുതെന്നാണ് കോടതിവിധി. സ്പോൺസർ ചെയ്തയാളാണെങ്കിൽപ്പോലും ചിത്രം ഫ്ലക്സിൽ വെക്കാൻ പാടില്ല. ചെന്നൈ ആറുമ്പാക്കത്തുള്ള സ്വന്തം വീടിന് മുന്നിൽ അയൽക്കാരൻ ഒരു രാഷ്ട്രീയപ്പാർട്ടിയുടെ ഫ്ലക്സും കൊടിയും വെച്ച് വഴി തടഞ്ഞതിനെതിരെ തിരുലോചനകുമാരി എന്ന വീട്ടമ്മ നൽകിയ ഹർജിയിലാണ് കോടതി വിധി. 

ഇക്കാര്യം ചൂണ്ടിക്കാട്ടി തമിഴ്നാട് ചീഫ് സെക്രട്ടറിക്കും എല്ലാ തദ്ദേശഭരണസ്ഥാപനങ്ങൾക്കും കോടതി നോട്ടീസുമയച്ചിട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന അണ്ണാ ഡിഎംകെ ജനറൽ കൗൺസിൽ യോഗത്തിനും ബിജെപി ദേശീയാദ്ധ്യക്ഷൻ അമിത്ഷായുടെ ചെന്നൈ സന്ദർശനത്തിനും മുന്നോടിയായി ഫുട്പാത്തുകളിൽ വഴി തടഞ്ഞും നഗരമെമ്പാടും ഫ്ലക്സുകൾ വെച്ചത് വലിയ

പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഹൈക്കോടതി വിധിച്ചാലും തമിഴ്നാടിന്‍റെ കട്ടൗട്ട് സംസ്കാരത്തിന് എത്രത്തോളം മാറ്റം വരുമെന്ന് കണ്ടുതന്നെ അറിയണം.

click me!