
ആലുവ: പ്രളയം കഴിഞ്ഞ് 4 മാസമായിട്ടും സർക്കാരിന്‍റെ അടിസ്ഥാന സഹായം പോലും ലഭിക്കാതെ നിരവധി കർഷകർ വലയുകയാണ്. അർഹമായ ഇൻഷുറൻസ് തുക പോലും ലഭിക്കാത്തതിനാൽ പണം പലിശക്കെടുത്തും, ബാങ്കിൽ നിന്ന് വായ്പ വാങ്ങിയുമാണ് പലരും വീണ്ടും കൃഷിയിറക്കുന്നത്.
ആലുവ ഏലൂക്കര സ്വദേശികളായ വേലായുധന്‍റെയും ഭാര്യ ബിന്ദുവിന്‍റെയും ജീവിതം കാണുക. സ്വന്തമായുള്ളത് 5 സെന്‍റ് ഭൂമി മാത്രം. എന്നാൽ നാട്ടിൽ പലയിടങ്ങളിലായി തരിശ് കിടന്ന അഞ്ച് ഏക്കർ ഭൂമി പാട്ടത്തിൽ, പണം പലിശക്കെടുത്ത് കൃഷിയിറക്കി. രാവും പകലും അദ്ധ്വാനിച്ചു. ഇപ്പോഴും ഈ ഭൂമിയിലേക്കെത്തുമ്പോൾ ഇരുവരുടെയും നെഞ്ചൊന്ന് പിടയും.
കള പിടിച്ചു കിടക്കുകയാണ് കപ്പക്കൃഷി. വെള്ളം കയറി നശിച്ച വാഴത്തോട്ടം. വിളകൾ കൂട്ടിയിട്ട് കത്തിച്ച കാലം.
ഒരു കപ്പത്തണ്ടിൽ നിന്ന് 15 കിലോ വരെ വിളവ് പ്രതീക്ഷിച്ചു.പക്ഷേ കിട്ടിയതോ? കള പിടിച്ച തോട്ടത്തിൽ നിന്ന് ഒരു കപ്പക്കിഴങ്ങ് പോലും പിഴുതെടുക്കാനായിട്ടില്ല.
4 മാസങ്ങൾക്കിപ്പുറവും കൃഷി സ്ഥലം കാട് കയറി കിടക്കുന്നു. ഇതൊന്ന് വൃത്തിയാക്കാൻ പോലും ഇവർക്കായിട്ടില്ല. കൃഷി ഭവൻ വഴിയും, സ്വാശ്രയ കർഷക സംഘം വഴിയും നാലായിരത്തോളം വാഴയ്ക്കും,കപ്പയ്ക്കും ഇവർ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയിരുന്നു. വീട് മുഴുവനായും വെള്ളത്തിനടിയിലായ ഇവർക്ക് പതിനായിരം രൂപ കിട്ടി. എന്നാൽ മൂന്ന് ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് ചെയ്ത കൃഷിക്ക് സർക്കാർ സഹായം ഒന്നും ഇന്ന് വരെ കിട്ടിയില്ല.
കന്നുകാലികളടക്കം എല്ലാം പ്രളയത്തിൽ നശിച്ച് പോയതോടെ പാട്ടത്തുക പോലും മുടങ്ങിയിരിക്കുകയാണ്.പലതവണകളിലായി കൃഷിയ്ക്കായെടുത്ത വായ്പാ കുടിശ്ശിക മുടങ്ങി ഇപ്പോൾ 6 ലക്ഷത്തിലധികം രൂപയായി.
Read More: കര കയറാത്ത കേരളം വാർത്താ പരമ്പരയിൽ ഇതുവരെ ഞങ്ങൾ സംപ്രേഷണം ചെയ്ത വാർത്തകൾ വായിക്കാം
8 ഏക്കർ പാട്ടഭൂമിയിൽ അയ്യായിരത്തോളം വാഴ വെച്ച പുത്തൻവേലിക്കരയിലെ തോമസ്സിന്‍റെ അവസ്ഥയും ഇത് തന്നെ. കൃഷിയോടൊപ്പം ജലസേചനത്തിനുള്ള മോട്ടോറുകളടക്കം നശിച്ചതോടെ എല്ലാം ഒന്നിൽ നിന്ന് തുടങ്ങേണ്ടി വന്നു. കുടിശ്ശിക മുടങ്ങിയതോടെ ബാങ്ക് കൈയ്യൊഴിഞ്ഞു. ഇപ്പോൾ സ്വകാര്യ വ്യക്തികളിൽ നിന്ന് പണം പലിശയ്ക്കെടുത്താണ് തോമസ് വീണ്ടും കൃഷിയിറക്കിയത്.
പ്രളയബാധിതരായ കർഷകർക്ക് അർഹമായ ഇൻഷൂറൻസ് എന്ന അടിസ്ഥാനസഹായം പോലും നിഷേധിക്കപ്പെട്ട ഇവർ ഇനി ആരോട് ചോദിയ്ക്കണം സഹായം?
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam