
കൊല്ലം: കൊല്ലത്ത് നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് പോയ ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ ജില്ലാഭരണകൂടം ചെയ്ത് തരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍. ഇതോടെ നിരവധി മത്സ്യത്തൊഴിലാളികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. എന്നാൽ എസ്റ്റിമേറ്റ് തുകയുടെ വിവരം തൊഴിലാളികള്‍ സമര്‍പ്പിക്കുന്നില്ലെന്നാണ് ഫിഷറീസ് മന്ത്രിയുടെ വിശദീകരണം.
നാശനഷ്ടമുണ്ടായ ബോട്ടുകള്‍ നന്നാക്കാന്‍ നടപടിയുണ്ടാകും, പൂര്‍ണമായി തകര്‍ന്ന ബോട്ടുകള്‍ക്ക് പകരം പുതിയവ നല്‍കുമെന്നായിരുന്നു തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികളെ ആദരിക്കുമ്പോള്‍ സര്‍ക്കാരിന്‍റെ ഉറപ്പ്. എന്നാല്‍ ഈ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. മൂന്ന് ബോട്ടുകളുമായാണ് പാണ്ടനാട്ടേക്ക് പോയ അലോഷ്യസ് എന്ന മത്സ്യത്തൊഴിലാളിയുടെ അനുഭവം വ്യക്തമാക്കുന്നതും ഇത് തന്നെയാണ്.
അലോഷ്യസിന്റെ ഒരു ബോട്ടിന്‍റെ അടിഭാഗം കമ്പി കുത്തിക്കയറി. വശത്തെ പലകകള്‍ ഇളകി മാറി. മറ്റൊരു ബോട്ടിന്‍റെ നടുവില്‍ ക്ഷതം സംഭവിച്ചതിനാല്‍ ഇനി ഉപയോഗിക്കാനാവില്ല.കൈയില്‍ നിന്ന് 38000 രൂപ ചെലവാക്കി ഒരു ബോട്ട് നന്നാക്കി. കടലില്‍ പോകാൻ ആകാത്തതിനാല്‍ പട്ടിണിയിലാണ്. കൊല്ലത്ത് നിന്ന് ആകെ 202ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. 86 ബോട്ടുകള്‍ കേടായി. ഇതില്‍ നന്നാക്കിയത് 27 എണ്ണം മാത്രമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam