കേരളത്തിലെ ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും ഇനി വിദേശ നിർമിത വിദേശമദ്യവും കിട്ടും

By Web TeamFirst Published Dec 5, 2018, 7:51 PM IST
Highlights

ബാറുകളും ബിയർ പാർലറുകളും വഴി വിദേശ നിർമ്മിത വിദേശ മദ്യവും വൈനും വിൽക്കാൻ അനുമതി. എക്സൈസ് കമ്മീഷണ‍ർ ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി.
 

തിരുവനന്തപുരം: കേരളത്തിലെ ബാറുകളില്‍ വിദേശ നിർമ്മിത വിദേശ മദ്യവും ബിയർ പാർലറുകളിലൂടെ വിദേശ നിർമ്മിത വിദേശ ബിയറും വൈനും വിൽക്കാൻ അനുമതി. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഉണ്ടായിരുന്ന ഉത്തരവില്‍ വ്യക്തത വരുത്തി എക്സൈസ് കമ്മീഷണ‍ർ പുതിയ ഉത്തരവ് പുറത്തിറക്കി. ബെവ്ക്കോ വെയർ ഹൗസുകളിൽ നിന്നും ഇനി ബാറുകള്‍ക്ക് വിദേശ നിർമ്മിത വിദേശ മദ്യവും വാങ്ങാം. ബെവ്ക്കോ ഔട്ട് ലെറ്റുകൾ വഴിയായിരുന്നു ഇതുവരെ വിദേശ നിർമ്മിത ഫോറിന്‍ ലിക്കര്‍ വിൽപ്പന നടത്തിയിരുന്നത്.

ഓഗസ്റ്റ് 20 മുതലാണ് ബെവ്ക്കോ ഔട്ട് ലെറ്റുകള്‍ വഴി വിദേശ നിര്‍മ്മിത വിദേശ മദ്യം വിറ്റ് തുടങ്ങിയത്. 4 വിതരണക്കാരുടെ 30 ബ്രാൻറുകളാണ് ഇപ്പോള്‍ വിൽക്കുന്നത്. ഇതുവരെ 6 കോടിയുടെ വിൽപ്പനയാണ് നടന്നത്. കരാ‍ർ ഒപ്പിട്ടുള്ള മറ്റ് അഞ്ച് വിതരണക്കാരുടെ പുതിയ ബ്രാൻഡുകളും വൈകാതെ വിപണിയിൽ എത്താനിരിക്കെയാണ് ബാറുകള്‍ക്കും വിദേശ മദ്യം വിൽക്കാൻ അനുമതി നൽകിയത്. വിദേശ നിർമ്മിത വിദേശ മദ്യം വിൽക്കാൻ നേരത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ എക്സൈസ് നിയമത്തിൽ ഭേദഗതി കൊണ്ടുവന്നിരുന്നു. 

 

click me!