ശബരിമല: കാനനപാത വഴി യുവതികൾ എത്തിയാല്‍ പൂർണ്ണസുരക്ഷ ഒരുക്കുമെന്ന് വനംവകുപ്പ്

By Web TeamFirst Published Nov 16, 2018, 1:44 PM IST
Highlights

ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതകളിൽ വൻ സുരക്ഷാക്രമീകരണങ്ങളുമായി വനംവകുപ്പ്. ശബരിമലയിലേക്ക് പോകാൻ കാനനപാതകളിലൂടെ യുവതികൾ എത്തിയാൽ പൂർണ്ണസുരക്ഷ ഉറപ്പാക്കുമെന്നും പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ സി.കെ ഹാബി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പമ്പ: ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതകളിൽ വൻ സുരക്ഷാക്രമീകരണങ്ങളുമായി വനംവകുപ്പ്. ശബരിമലയിലേക്ക് പോകാൻ സത്രം അടക്കമുള്ള കാനനപാതകളിലൂടെ യുവതികൾ എത്തിയാൽ പൂർണ്ണസുരക്ഷ ഉറപ്പാക്കുമെന്നും അനധികൃതമായി വനത്തിൽ പ്രവേശിക്കാൻ ആരെയും അനുവദിക്കില്ലെന്നും പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ സി.കെ ഹാബി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അഴുതക്കടവ് - ചെറിയാനവട്ടം, സത്രം- സന്നിധാനം എന്നീ പരമ്പരാഗത കാനന പാതകളാണ് വനംവകുപ്പ് പെരിയാർ വെസ്റ്റ് ഡിവിഷന് കീഴിലുള്ളത്. ഭക്തർക്ക് കടന്നുപോകാനായി ഇരുവഴികളും പൂർണ്ണസജ്ജമായി. രാവിലെ 8 മുതൽ ഉച്ഛയ്ക്ക് രണ്ട് മണിവരെയാണ് തീർത്ഥാടകരെ കയറ്റിവിടുക. സുരക്ഷയ്ക്കായി നൂറിലധികം വനംവകുപ്പ് ഉദ്യോഗസ്ഥരെ വിന്യസിച്ചു കഴിഞ്ഞു. യുവതികളടക്കം എല്ലാ ഭക്തർക്കും പൂർണ്ണ സുരക്ഷ ഉറപ്പാക്കുമെന്ന് വനംവകുപ്പ് വ്യക്തമാക്കി.

കാനനപാതയിൽ പലയിടങ്ങളിലായി സേവനകേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. വന്യജീവികളുടെ ആക്രമണങ്ങൾ തടയാനും സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് വനംവകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ വർഷം അമ്പതിനായിരത്തോളം ഭക്തരാണ് പരമ്പരാഗത കാനനപാത വഴി സന്നിധാനത്തെത്തിയത്. ഇത്തവണ കൂടുതൽ പേരെത്തുമാണ് വനംവകുപ്പിന്‍റെ കണക്കുകൂട്ടൽ.

click me!