
വയനാട്: വനംവകുപ്പ് ഏറ്റെടുത്ത തോട്ടഭൂമിയില്‍ നിന്ന് മരംമുറിച്ചു കടത്തിയ സംഭവത്തില്‍ ചെതലയം റെയ്ഞ്ച് ഓഫീസറടക്കം ഏഴ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ചെതലയം റെയ്ഞ്ച് ഓഫീസര്‍ സജികുമാര്‍ രയോരത്ത്, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ പി. സലീം, ഇരുളം ഫോറസ്റ്റ് സ്‌റ്റേഷനിലെ ഡെപ്യൂട്ടി റെയ്ഞ്ചര്‍ എന്‍.ആര്‍ രമേശന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഇ.എം. സുരേഷ്ബാബു, പാമ്പ്ര ഔട്ട് പോസ്റ്റിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.എം. ഷിനോജ്, കെ. അനൂപ്കുമാര്‍, കെ.വി. മനോജ്, എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ ഗുരുതര കൃത്യവിലോപം നടത്തിയെന്ന വിജിലന്‍സ് ആന്‍ഡ് ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗം പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെയും കോഴിക്കോട് റീജണല്‍ നോര്‍ത്ത് അഡിഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെയും കത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണവിഭാഗം അഡിഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. അമിത് മല്ലിക് ഉത്തരവിറക്കിയത്. വന്യജീവി വിഭാഗം പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആന്‍ഡ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.കെ. കേശവനാണ് റെയ്ഞ്ച് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്.
സര്‍ക്കാര്‍ നിക്ഷിപ്ത വനഭൂമിയില്‍ നിന്ന് 160 ഓളം മരങ്ങളും പാമ്പ്ര കോഫി പ്ലാന്റേഷന്റെ കൈവശഭൂമിയില്‍ നിന്ന് 177ലധികം മരങ്ങളും മുറിച്ചതായി കണ്ടെത്തിയെന്നാണ് ഉത്തരവിലുള്ളത്. അനധികൃത മരംമുറി നടന്നെന്ന കാരണത്താല്‍ കല്‍പ്പറ്റ ഫ്‌ളെയിങ് സ്‌ക്വഡ് കേസെടുത്ത് തുടരന്വേഷണത്തിനായി ഇരുളം ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് കൈമാറിയിരുന്നു. എന്നാല്‍ യഥാസമയം ശക്തമായ തുടര്‍നടപടികള്‍ സ്വീകരിക്കാതിരുന്നത് മരംമുറി വ്യാപകമാകാന്‍ കാരണമായെന്നാണ് അഡി. ചീഫ് കണ്‍സര്‍വേറ്ററുടെ കണ്ടെത്തല്‍.
സൗത്ത് വയനാട് ഡിവിഷനിലെ ബന്ധപ്പെട്ട ജീവനക്കാര്‍ അനധികൃത മരംമുറിക്ക് ഉത്തരവാദികളാണെന്നും സംഭവം സര്‍ക്കാരിന് സാമ്പത്തിക നഷ്ടവും പരിസ്ഥിതിക്ക് ആഘാതവുമേല്‍പ്പിച്ചെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1960ലെ കേരള സിവില്‍ സര്‍വീസസ് നിയമത്തിലെ പത്താം ചട്ടപ്രകാരമാണ് അച്ചടക്കനടപടി. നേരത്തെ മരംമുറിയുമായി ബന്ധപ്പെട്ട് പാമ്പ്ര എസ്റ്റേറ്റ് മാനേജരെയും രണ്ട് ജോലിക്കാരെയും വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു.
വനനിയമം, മരസംരക്ഷണനിയം എന്നിവ പ്രകാരം ഇവര്‍ക്കെതിരെ കേസും എടുത്തിരുന്നു. 2017 ജൂണിലാണ് പാമ്പ്ര കോഫി പ്ലാന്റേഷന്‍സിന്റെ 216 ഏക്കര്‍ ഭൂമി നിക്ഷിപ്ത വനമായി ഏറ്റെടുത്ത് വനംവകുപ്പ് ഉത്തരവിറക്കിയത്. ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം കോടതി തള്ളി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam