മോദിയെക്കാളും ജനപ്രീതി രാഹുൽ ​ഗാന്ധിയ്ക്ക്; ബീഹാറിൽ മുതിർന്ന ബിജെപി നേതാവ് പാർട്ടി വിട്ടു

By Web TeamFirst Published Jan 19, 2019, 9:57 AM IST
Highlights

'മോദിയുടെ പ്രഭാവം മങ്ങിക്കഴിഞ്ഞു. അതേസമയം  കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിയുടെ ജനപ്രീതി വർദ്ധിക്കുകയാണ്. ബിജെപിയുടെ കോൺ​ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം ഒരിക്കലും അം​ഗീകരിക്കാനാകില്ല. പ്രതിപക്ഷത്തെ തുടച്ചു നീക്കിയാൽ ഒരിക്കലും ജനാധിപത്യത്തിന് നിലനിൽപ്പുണ്ടാകില്ല'- ഉദയ് സിം​ഗ് പറഞ്ഞു. 

പാട്ന: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഹാറിൽ ബിജെപിയ്ക്ക് തിരിച്ചടിയായി മുതിർന്ന നേതാവ് പാർട്ടി വിട്ടു. ബിജെപി മുൻ എംപിയും മുതിർന്ന നേതാവുമായ ഉദയ് സിംഗാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. മോദിയുടെ പ്രഭാവം മങ്ങുകയാണെന്നും രാഹുലിന്റെ ജനപ്രീതി വർദ്ധിക്കുകയാണെന്നും രാജിപ്രഖ്യാപിച്ചുകൊണ്ട് ഉദയ് സിംഗ് പറഞ്ഞു. ബിഹാറിലെ പുര്‍ണിയ മണ്ഡലത്തിൽ നിന്നും മത്സരിച്ച് ജയിച്ച് രണ്ടുവട്ടം എം പിയായ ആളാണ് ഉദയ് സിം​ഗ്. നിതീഷ് കുമാർ നേതൃത്വം നൽകുന്ന ജെഡിയുവിന് മുന്നിൽ ബിജെപി കീഴടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

'മോദിയുടെ പ്രഭാവം മങ്ങിക്കഴിഞ്ഞു. അതേസമയം കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിയുടെ ജനപ്രീതി വർദ്ധിക്കുകയാണ്. ബിജെപിയുടെ കോൺ​ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം ഒരിക്കലും അം​ഗീകരിക്കാനാകില്ല. പ്രതിപക്ഷത്തെ തുടച്ചു നീക്കിയാൽ ഒരിക്കലും ജനാധിപത്യത്തിന് നിലനിൽപ്പുണ്ടാകില്ല'- ഉദയ് സിം​ഗ് പറഞ്ഞു. നിതീഷ് കുമാറിന്റെ ജനസമ്മതി കുറഞ്ഞു വരികയാണെന്നും നിതീഷിന്റെ പ്രവർത്തികളുടെ ഫലം അനുഭവിക്കേണ്ട സ്ഥിതിയിലാണ് ബിജെപി എത്തി നിൽക്കുന്നതെന്നും ഉദയ് ആരോപിച്ചു. നല്ല ഉദ്ദേശങ്ങൾ ഉണ്ടായിരുന്നുവെങ്കിലും  പ്രധാനമന്ത്രി യാഥാര്‍ഥ്യങ്ങളില്‍നിന്ന് അകന്നുനില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 17 സീറ്റുകളിലാണ് ബിജെപിയും ജെഡിയുവും മത്സരിക്കുന്നത്. രാംവിലാസ് പാസ്വാന്റെ എല്‍ജെപിയ്ക്ക് ആറ് സീറ്റുകളാണുള്ളത്. 15-ാം ധനകാര്യ കമ്മീഷൻ ചെയർമാൻ ആയിരുന്ന എൻ കെ സിം​ഗിന്റെ സഹോദരനാണ് ഉദയ് സിം​ഗ്. ജെഡിയുവിന്റെ സന്തോഷ് കുശ്വാഹിനോട് തോറ്റാണ് 2014ൽ ഉദയ്ക്ക് എം പി സ്ഥാനം നഷ്ടമായത്. 2004,2009 വർഷങ്ങളിൽ അദ്ദേഹം തന്നെയായിരുന്നു പുര്‍ണിയ മണ്ഡലത്തിൽ നിന്നും ജയിച്ചിരുന്നത്.
 

click me!