കളമശ്ശേരി മുന്‍സിപ്പല്‍ ചെയര്‍പേഴ്സണിനും കെപിസിസി അംഗമായ ഭര്‍ത്താവിനുമെതിരെ ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

By Web TeamFirst Published Feb 20, 2019, 10:48 PM IST
Highlights

കളമശ്ശേരി നഗരസഭാ മുന്‍സിപ്പല്‍  ചെയര്‍പേഴ്സണ്‍  റുഖിയ ജമാലും മകളും സഹോദരനും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നും കേസ് പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തുന്നുവെന്നും ആരോപിച്ച് മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. 

കൊച്ചി: കളമശ്ശേരി നഗരസഭാ  ചെയര്‍പേഴ്സണ്‍ റുഖിയ ജമാലും മകളും സഹോദരനും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നും കേസ് പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തുന്നുവെന്നും ആരോപിച്ച്  കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. റുഖിയ ജമാലിന്‍റെ മകള്‍ ശാലിയ ജമാലും, സഹോദരന്‍ സിദ്ദിഖും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചെന്നും  കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിയാസ് ജമാല്‍ പറയുന്നു.

ഇതിന്‍റെ പേരില്‍ തന്‍റെ ഭാഗം കേള്‍ക്കാതെ യൂത്ത് കോണ്‍ഗ്രസിന്‍റ മണ്ഡലം ജനറല്‍ സെക്രട്ടറി, കോണ്‍ഗ്രസിന്‍റെ ബൂത്ത് സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിരുന്ന തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.  .സംഭവം നടക്കുമ്പോള്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണായിരുന്നു ഇവര്‍. ഇപ്പോള്‍ ചെയര്‍പേഴ്സണായ റുഖിയയും ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് കേസ് പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തുന്നുവെന്നും ജിയാസ് ആരോപിക്കുന്നു.

ആക്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും കെപിസിസി ഡിസിസി എന്നീ കമ്മിറ്റികള്‍ക്ക് നല്‍കിയ പരാതികളും മറുപടികളും സഹിതം ഫേസ്ബുക്കിലാണ് ജിയാസ് ആരോപണമുന്നിയിച്ചിരിക്കുന്നത്. സുഹൃത്തിന്‍റെ കല്യാണത്തിനത്തിയ തന്നെ വീടിന് പുറത്തേക്ക് വിളിച്ച് റുഖിയ ജമാലും ഡോക്ടറായ മകളും സഹോദരനും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും തുടര്‍ന്ന് തനിക്കെതിരെ പരാതി നല്‍കി. റുഖിയയുടെ ഭര്‍ത്താവും കെപിസിസി അംഗവുമായ ജമാല്‍ മണക്കാടിന്‍റെ പാര്‍ട്ടിയിലെ സ്വാധീനം വച്ച് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്നും ജിയാസ് കുറിപ്പില്‍ പറയുന്നു. 

ഒരു വ്യാജ ഫേസ്ബുക്ക് ഐഡിയുടെ പേരിലാണ് തനിക്കെതിരെ ഇവര്‍ പ്രതികാര ബുദ്ധിയോടെ പെരുമാറുന്നതെന്നും അത് സംബന്ധിച്ച് പൊലീസ് അന്വേഷിച്ച ശേഷം താനുമായി യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തിയതായും ജിയാസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. കെപിസിസി പ്രസിഡന്‍റിന് ഇത് സംബന്ധിച്ച് നല്‍കിയ പരാതിയില്‍ തന്നെ തിരിച്ചെടുക്കാനാവശ്യമായ നിര്‍ദേശം നല്‍കിയെന്ന് മറുപടി ലഭിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ജിയാസ് പറഞ്ഞു. പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പലവട്ടം ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നു. ഇതിനെ തുടര്‍ന്ന് വീട്ടില്‍ സിസിടിവി വച്ചിരിക്കുകയാണിപ്പോള്‍. തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തില്ലെങ്കിലും കൊല്ലരുതെന്ന് പറയാന്‍ പാര്‍ട്ടി തയ്യാറാകണമെന്ന് കുറിപ്പില്‍ ജിയാസ് ആവശ്യപ്പെടുന്നു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

കോൺഗ്രസ്സ് നേതാക്കൾ വായിച്ചറിയുവാൻ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട ഒരു പ്രവർത്തകന്റെ കത്ത്..

കഴിഞ്ഞ വർഷം ആഗസ്റ്റ് മാസം എന്റെ സുഹൃത്തിന്റെ കല്യാണ ചടങ്ങിനിടെ കോൺഗ്രസ് നേതാവ് ജമാൽ മണക്കാടന്റെ ഭാര്യ റുഖിയ ജമാൽ എന്ന സ്ത്രീയുടെ നേതൃത്വത്തിൽ എന്നെ ക്രൂരമായി മർദ്ദിച്ച സംഭവം നിങ്ങൾ അറിഞ്ഞതാണല്ലോ. അവർക്ക് കോൺഗ്രസ് പാർട്ടിയിലുള്ള സ്വാധീനം ഉപയോഗിച്ച് ,എന്റെ ഭാഗം കേൾക്കാതെ കോൺഗ്രസ് നേതൃത്വം എന്നെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.എന്നെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളടക്കം എറണാകുളം ഡിസിസി പ്രസിഡന്റ് വിനോദിന് പരാതി നൽകിയിട്ടും കണ്ട ഭാവം നടിച്ചില്ല. എന്നെയും എന്റെ ഭാര്യയെയും മർദ്ദിച്ചതിന് 2 കേസുകൾ നിലവിലുണ്ട്.

ഞാൻ കൊടുത്ത പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത അന്ന് മുതൽ ഇന്നുവരെ കേസ് പിൻവലിപ്പിക്കാൻ അവർ പല തരത്തിൽ എന്നെ ഭീഷണിപ്പെടുത്തുന്നുണ്ട്.
ജമാൽ മണക്കാടൻ പറയുന്ന രീതിയിൽ പ്രവർത്തിക്കുകയും അയാൾക്കും ഭാര്യക്കുമെതിരെ കൊടുത്ത കേസുകൾ പിൻവലിച്ചാൽ പാർട്ടിയിൽ തിരിച്ചെടുക്കാമെന്നാണ് ഡിസിസി പ്രസിഡന്റിന്റെ നിലപാട്. 

ഇതിനെതിരെ നാല് മാസം മുമ്പ് കെപിസിസി പ്രസിഡന്റിന് ഞാൻ പരാതി നൽകുകയും അദ്ദേഹം നടപടിയെടുക്കുവാൻ ഡിസിസിയോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു . ജമാൽ മണക്കാടനും ഭാര്യക്കുമെതിരെയുള്ള ക്രിമിനൽ കേസുകൾ പിൻവലിക്കാതിരുന്നതിനാൽ ഡിസിസി നേതൃത്വം എന്നോട് പ്രതികാരം വീട്ടുകയാണ്..

എന്നെ ആക്രമിച്ച റുഖിയയുടെ സഹോദരൻ സിദ്ധിക്ക് എന്നെ നിരവധി തവണ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഞാൻ ജോലിക്ക് പോകുമ്പോൾ വാഹനമിടിപ്പിച്ച് എന്നെ അപായപ്പെടുത്താൻ നിരവധി തവണ ശ്രമമുണ്ടായി. എനിക്കുമുണ്ട് കുടുംബവും കുട്ടിയും. ഒന്ന് രണ്ട് വട്ടം വീട്ടിൽ വന്ന് ആക്രമിക്കാൻ ശ്രമമുണ്ടായത് കൊണ്ട് ഇപ്പോൾ വീട്ടിൽ സിസിടിവി സ്ഥാപിച്ചിരിക്കുകയാണ്. എനിക്ക് സ്വസ്ഥമായി ജീവിക്കണം..പാർട്ടിയിൽ തിരിച്ചെടുത്തില്ലെങ്കിലും എന്റെ ജീവൻ എടുക്കരുതെന്ന് ഇവരോട് പറയാൻ കോൺഗ്രസ് നേതൃത്വം തയ്യാറാവണമെന്ന് അപേക്ഷിക്കുന്നു.

ജിയാസ് ജമാൽ 

എന്നെ ആക്രമിക്കുന്ന ദൃശ്യങ്ങളും , കെപിസിസി നേതൃത്വത്തിന് കൊടുത്ത പരാതിയും, കെപിസിസി എനിക്ക് അയച്ച മറുപടിയും ഇതോടൊപ്പം ചേർക്കുന്നു..

click me!