കോണ്‍ഗ്രസ് നേതാവിനെ വധിച്ച കേസില്‍ മുന്‍ സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് വധശിക്ഷ

By Web DeskFirst Published Apr 21, 2018, 11:40 AM IST
Highlights
  • കെഎസ് ദിവാകരന്‍ വധക്കേസില്‍ മുന്‍ സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് വധശിക്ഷ

ആലപ്പുഴ: ചേർത്തലയിലെ കോൺഗ്രസ് പ്രവർത്തകൻ കെഎസ് ദിവാകരന്റെ രാഷ്ട്രീയ കൊലപാതകത്തില്‍ മുഖ്യപ്രതിക്ക് വധശിക്ഷ. സിപിഎം മുൻ ലോക്കൽ സെക്രട്ടറി ആർ ബൈജുവിനെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.  കേസിൽ മറ്റ് അഞ്ച് സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ആലപ്പുഴ ഫാസ്റ്റ് ട്രാക്ക് കോടതിയുടെതാണ് ചരിത്രപരമായ വിധി.

ചേര്‍ത്തലയില്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റായിരുന്ന ദിവാകരന്റെ കൊലപാതകത്തില്‍ സിപിഎം  മുന്‍ ലോക്കല്‍ സെക്രട്ടറി അടക്കം ആറ്  പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റായിരുന്ന കെഎസ് ദിവാകരനെ 2009ല്‍ കൊലപ്പെടുത്തിയെന്നാണ് കേസ്.

ഒരു വീട്ടില്‍ ഒരു കയറുല്‍പ്പന്നം എന്ന സര്‍ക്കാര്‍ പരിപാടിയുടെ പ്രചരണത്തിനാണ് അന്നത്തെ ലോക്കല്‍ സെക്രട്ടറിയായിരുന്ന ആര്‍ ബൈജുവിന്റെ നേതൃത്വത്തില്‍ സിപിഎം  പ്രവര്‍ത്തകര്‍ ദിവാകരന്റെ വീട്ടിലെത്തിയത്. ഇവിടെയുണ്ടായ തര്‍ക്കം വീടാക്രമണത്തില്‍ കലാശിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ദിവാകരന്‍ ചികിത്സക്കിടെ മരണപ്പെട്ടു.

അന്നത്തെ ചേര്‍ത്തല ടൗണ്‍ വെസ്റ്റ് ലോക്കല്‍ സെക്രട്ടറി ആര്‍  ബൈജു ഉള്‍പ്പെടെ ആറ് പേരെ ഉള്‍പ്പെടുത്തി പോലീസ് കേസെടുത്തു. പന്നീട് ആര്‍  ബൈജുവിനെ സിപിഎമ്മില്‍ നിന്നും പുറത്താക്കുകയായിരുന്നു.

click me!