
മണ്‍റോവിയ: ലൈബീരിയയുടെ പുതിയ പ്രസിഡന്റായി മുന്‍ ലോക ഫുട്‌ബോള്‍ താരം ജോര്‍ജ്ജ് വിയ തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യ എതിരാളി ജോസഫ് ബൊക്കായിയേക്കാള്‍ 60 ശതമാനത്തോളം വോട്ട് നേടിയാണ് വിയയെ ലൈബീരിയയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തിന്റെ ഭരണാധികാരിയാകുന്ന ആദ്യ ഫുട്‌ബോള്‍ കളിക്കാരനാണ് വിയ.
എലന്‍ ജോണ്‍സണ്‍ സര്‍ലീഫാണ് സ്ഥാനമൊഴിയുന്ന പ്രസിഡന്റ്. ലൈബീരിയയുടെ വികാരം താന്‍ മനസ്സിലാക്കുന്നെന്നും ഇപ്പോള്‍ ഏറ്റെടുത്ത സ്ഥാനത്തിന്റെ പ്രാധാന്യവും ഉത്തരവാദിത്തവും ബോധ്യമുണ്ടെന്നും ജോര്‍ജ്ജ് വിയ ട്വിറ്ററില്‍ കുറിച്ചു. എസി മിലാനും,ചെല്‍സിക്കും,മാഞ്ചസ്റ്റര്‍ സിറ്റിക്കും വേണ്ടി കളിച്ച താരമാണ് ജോര്‍ജ്ജ് വിയ. ബാലന്‍ ഡി ഓറും,ഫിഫയുടെ മികച്ച കളിക്കാരനുള്ള പുരസ്‌കാരവും നേടിയ ഏക ആഫ്രിക്കന്‍ ഫുട്‌ബോള്‍ താരമാണ് വിയ. 2002ല്‍ വിരമിച്ചതിന് ശേഷമാണ് വിയ രാഷ്ട്രീയത്തില്‍ സജീവമായത്..
ലൈബീരിയയുടെ 25-ാം പ്രസിഡന്റാണ് ജോര്‍ജ് വിയ. ലോക ഫുട്ബാളര്‍, ആഫ്രിക്കന്‍ ഫുട്‌ബോളര്‍, ബാലന്‍ ഡി ഓര്‍ എന്നീ അപൂര്‍വ ബഹുമതികള്‍ നേടിയിട്ടുണ്ട്. ലോക ഫുട്‌ബോളറായ ആദ്യ ആഫ്രിക്കന്‍ താരമായിരുന്നു ജോര്‍ജ് വിയ. 1995ല്‍ ഫിഫയുടെ മികച്ച താരവും ബാലന്‍ ഡി ഓര്‍ ജേതാവുമായി ജോര്‍ജ് വിയ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന പൊതു തെരെഞ്ഞെടുപ്പില്‍ നിലവിലെ വൈസ് പ്രസിഡന്റ് ജോസഫ് ബോകൈയെ ആണ് ജോര്‍ജ് വിയ പരാജയപ്പെടുത്തിയത്. 15ല്‍ പതിമൂന്ന് പ്രവിശ്യകള്‍ നേടിയാണ് ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ വിജയം. പ്രസിഡന്റ് സ്ഥാനത്തേക്ക് കഴിഞ്ഞ തവണ എലന്‍ ജോണ്‍സണ്‍ സിര്‍ലിയോട് ഏറ്റുമുട്ടിയെങ്കിലും പരാജയപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam