
തിരുവനന്തപുരം: പി എം ആർഷോയുടെ പിജി പ്രവേശത്തിൽ, നടപടി നേരിട്ട സംഭവത്തിൽ എംജി സർവകലാശാല സിൻഡിക്കേറ്റിനെതിരെ മഹാരാജാസ് കോളേജിലെ മുൻ പ്രിൻസിപ്പാൾ വി എസ് ജോയി. വിവാദങ്ങളുടെ ഉണ്ടാകുന്ന സമയത്ത് പ്രിൻസിപ്പാളിന്‍റെ ചുമതലയിൽ മറ്റൊരാളായിരുന്നെന്നും പിന്നെങ്ങനെ നടപടി എടുക്കുമെന്നാണ് വി എസ് ജോയിയുടെ ചോദ്യം. എന്നാൽ ഗുരുതര ചട്ടംലംഘനം നടന്നിട്ടും നടപടി താക്കീതിൽ ഒതുക്കിയ ഇടത് സിൻഡിക്കേറ്റ് തീരുമാനത്തിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.
മഹാരാജാസ് കോളേജിൽ അഞ്ച് വർഷ ആർക്കിയോളജി ഇന്‍ഗ്രേറ്റഡ് വിദ്യാർത്ഥിയായിരുന്നു പി എം ആർഷോ. ആറാം സെമസ്റ്റർ പരീക്ഷ പാസാകാത്ത ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേക്ക് അനധികൃതമായി പ്രവേശനം നൽകിയതാണ് വിവാദമായത്. സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ചാൻസലർക്കും വിസിക്കും പരാതി നൽകിയതിനെ തുടർന്ന് വിശദമായ അന്വേഷണം നടന്നു. മഹാരാജാസ് കോളേജിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി രജിസ്ട്രാർ സിൻഡിക്കേറ്റിന് റിപ്പോർട്ട് നൽകി. ഇക്കാലമത്രയും സംഭവത്തിൽ നടപടി എടുക്കാതിരുന്ന ഇടത് സിൻഡിക്കേറ്റ് ഇന്നലെ അവസാന യോഗത്തിൽ മുൻ പ്രിൻസിപ്പാൾ വി എസ് ജോയിയെ താക്കീത് ചെയ്യാൻ തീരുമാനം എടുത്തു. ഇതിന് പിന്നാലെയാണ് വി എസ് ജോയി സിൻഡിക്കേറ്റിന് എതിരെ രംഗത്തെത്തിയത്. ആർഷോയുടെ പ്രവേശനം നടന്ന 2024 ജൂണിൽ പ്രിൻസിപ്പാൾ ഡോ.ഷാജിലയായിരുന്നെന്ന് വി എസ് ജോയി.
എന്നാൽ പരീക്ഷ എഴുതാൻ 75% ഹാജർ വേണമെന്നിരിക്കെ 10% മാത്രം ഹാജരുള്ള ആർഷോ അഞ്ച് ആറ് സെമസ്റ്ററുകളിലെ പരീക്ഷ എഴുതിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇക്കാലയളവിൽ വി എസ് ജോയി പ്രിൻസിപ്പാളായിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. അതേസമയം ഗുരുതര ചട്ടലംഘനം നടന്ന വിഷയത്തിൽ നടപടി താക്കീതിൽ ഒതുക്കിയത് രാഷ്ട്രീയ പ്രേരിതമെന്നാണ് ആരോപണം. രജിസ്ട്രാർ റിപ്പോർട്ട് നൽകിയിട്ടും സിൻഡിക്കേറ്റ് അത് മുഖവിലയ്ക്കെടുത്തില്ല. ശിക്ഷ കുറച്ച സിൻഡിക്കേറ്റിന്‍റെ നടപടിക്കെതിരെ സെനറ്റ് അംഗം അരുൺ മോഹൻ ചാൻസലർക്കും വൈസ് ചാൻസലർക്കും പരാതി നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam