സിജെപിക്ക് പിന്തുണ അറിയിച്ച് കേരളത്തിൽനിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐ നേതാക്കൾ ദില്ലിയിലെത്തി. 'ഡൽഹി ചലോ' എന്ന പേരിലാണ് ഡിവൈഎഫ്ഐ കേരളത്തിൽനിന്ന് ദില്ലിയിലേക്ക് ട്രെയിനിൽ സമരയാത്ര പുറപ്പെട്ടത്.
ദില്ലി: ജന്തർ മന്തറിലെ കോക്റോച്ച് ജനത പാർട്ടി (സിജെപി) സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽനിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐ നേതാക്കളുടെ സംഘം ദില്ലിയിലെത്തി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയായിരുന്നു ലക്ഷ്യമെന്ന് നേതാക്കൾ പറഞ്ഞു. ധർമേന്ദ്ര പ്രധാൻ്റെ രാജിയെ തുടർന്ന് സിജെപി സമരം അവസാനിപ്പിച്ചതിനാൽ നാളെ ആഹ്ലാദപ്രകടനത്തിൽ പങ്കെടുത്ത ശേഷം മടങ്ങാനാണ് ഡിവൈഎഫ്ഐയുടെ തീരുമാനം.
നീറ്റ് പരീക്ഷാ ക്രമക്കേടിൽ ജന്തർ മന്തറിൽ സമരം ചെയ്യുന്ന വിദ്യാർത്ഥി - യുവജന പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് 'ഡൽഹി ചലോ' എന്ന പേരിൽ ഡിവൈഎഫ്ഐ കേരളത്തിൽനിന്ന് ദില്ലിയിലേക്ക് ട്രെയിനിൽ സമരയാത്ര പുറപ്പെട്ടത്. കേരളത്തിൽനിന്ന് ജൂലൈ 24നാണ് സംഘം പുറപ്പെട്ടത്. ആദ്യഘട്ടത്തിൽ ആയിരം ഡിവൈഎഫ്ഐ പ്രവർത്തകരെ സമരത്തിന്റെ ഭാഗമാകാനായി ദില്ലിയിലേക്ക് എത്തിക്കുമെന്നായിരുന്നു നേതൃത്വം അറിയിച്ചത്.
സമരയാത്രയ്ക്ക് മുന്നോടിയായി 24ന് തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ ഏകദിന സമരം നടത്തിയിരുന്നു. 27ന് ജില്ലാ കേന്ദ്രങ്ങളിലും ഏകദിന ഉപവാസം സംഘടിപ്പിക്കാനും ഡിവൈഎഫ്ഐ തീരുമാനിച്ചിരുന്നു. ജൂലൈ 27ന് രാവിലെ ജന്തർ മന്തറിലെ സമരകേന്ദ്രത്തിൽ എത്തി സമരത്തിൻ്റെ ഭാഗമാകാനായിരുന്നു തീരുമാനം. എന്നാൽ ജൂലൈ 25ന് ധർമേന്ദ്ര പ്രധാൻ്റെ രാജിയെ തുടർന്ന് കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ സമരം അവസാനിപ്പിക്കുന്നതായി സിജെപി നേതൃത്വം പ്രഖ്യാപിക്കുകയായിരുന്നു.


