മസൂദ് അസ്ഹറിനെ ആഗോള ഭീകരപട്ടികയില്‍പെടുത്തണം; ഇന്ത്യക്ക് ഫ്രാന്‍സിന്‍റെ പിന്തുണ

By Web DeskFirst Published Jan 12, 2017, 12:51 PM IST
Highlights

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടന ജെയിഷെ ഇ മുഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരവാദിയായി പ്രഖ്യാപിക്കാന്‍ ഇന്ത്യ നടത്തുന്ന നീക്കങ്ങള്‍ക്ക് ഫ്രാന്‍സ് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു. തീവ്രവാദത്തെ എതിര്‍ക്കാനുളള അന്താരാഷ്ട്ര സമൂഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന് എവിടെയും മാറ്റമില്ലെന്നും എല്ലായിടത്തും അത് ഒരേ തരത്തില്‍ നിലകൊളളുമെന്നും ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍ മാര്‍ക്ക് എയ്‌റൗട്ട് പറഞ്ഞു. അസ്ഹറിനെ പിന്തുണയ്ക്കുന്ന ചൈനയുടെ പേരെടുത്തു പറയാതെയായിരുന്നു ജീന്‍ മാര്‍ക്കിന്‍റെ പരാമര്‍ശം.

പാക് അധീന കശ്മീരിലെ തീവ്രവാദ ഹബ്ബുകള്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെയും ഫ്രഞ്ച് വിദേശകാര്യമന്ത്രി ന്യായീകരിച്ചു. ഡല്‍ഹിയില്‍ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്വന്തം പ്രദേശം സംരക്ഷിക്കാന്‍ ഭാരതത്തിന് എല്ലാ അവകാശവും ഉണ്ടെന്ന് ജീന്‍ മാര്‍ക്ക് ചൂണ്ടിക്കാട്ടി. ഉറി ഉള്‍പ്പെടെ ഇന്ത്യയില്‍ നടന്ന തീവ്രവാദ ആക്രമണങ്ങളെ ഫ്രാന്‍സ് ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ജെയ്‌ഷെ മുഹമ്മദും ഹിസ്ബുള്‍ മുജാഹിദ്ദീനും പോലുളള തീവ്രവാദ സംഘങ്ങള്‍ നിരന്തരം ഇന്ത്യയെ ലക്ഷ്യമിടുകയാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ പരിധിയില്‍ നിന്ന് ഇത്തരക്കാര്‍ക്കെതിരേ കടുത്ത നടപടി വേണമെന്ന നിലപാടാണ് ഫ്രാന്‍സിനുളളതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിലും ജീന്‍ മാര്‍ക്ക് എയ്‌റൗട്ട് പങ്കെടുത്തിരുന്നു.

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര തീവ്രവാദിയായി പ്രഖ്യാപിക്കാന്‍ ഇന്ത്യ നടത്തിയ നീക്കം ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് നടക്കാതെ പോയത്. മസൂദ് തീവ്രവാദിയാണെന്ന് വ്യക്തമാക്കുന്നതിനുളള തെളിവുകള്‍ പോരെന്നായിരുന്നു ചൈനയുടെ വാദം.

 

click me!